L2 Empuraan Piracy: പ്രചരിക്കുന്നത് എമ്പുരാൻ്റെ എച്ച്ഡി പ്രിൻ്റ്; ചോർന്നത് തീയറ്ററിൽ നിന്നല്ലെന്ന് സംശയം
L2 Empuraan Piracy Full HD: എമ്പുരാൻ്റെ വ്യാജ പതിപ്പ് ചോർന്നത് തീയറ്ററിൽ നിന്നാവാൻ വഴിയില്ലെന്ന് സൈബർ വിദഗ്ദർ. സിനിമയുടെ ഫുൾ എച്ച്ഡി പ്രിൻ്റാണ് ചോർന്നതെന്നും തീയറ്ററിൽ നിന്ന് പകർത്തിയതാവാൻ ഇടയില്ലെന്നും സൈബർ വിദഗ്ദർ പറയുന്നു.

ഓണലൈനിൽ പ്രചരിക്കുന്ന എമ്പുരാൻ്റെ വ്യാജ പതിപ്പ് ചോർന്നത് തീയറ്ററിൽ നിന്നല്ലെന്ന് സംശയം. എമ്പുരാൻ്റെ ഫുൾ എച്ച്ഡി നിലവാരത്തിലുള്ള പ്രിൻ്റാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഇതോടെയാണ് ചിത്രം തീയറ്ററിൽ നിന്ന് പകർത്തിയതല്ലെന്ന സംശയമുയരുന്നത്. മാർച്ച് 27ന് തീയറ്ററുകളിലെത്തിയ സിനിമയുടെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. റിലീസായി മണിക്കൂറുകൾക്കുള്ളിൽ പ്രിൻ്റുകൾ ടെലഗ്രാമിലും മറ്റും എത്തിയിരുന്നു.
തീയറ്ററിൽ റിലീസാവുന്ന സിനിമകളുടെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കാറുണ്ട്. എന്നാൽ, ഇവയുടെയൊക്കെ നിലവാരം മോശമായിരിക്കും. സാധാരണ രീതിയിൽ മോശം ദൃശ്യങ്ങളും ശബ്ദവുമൊക്കെയാവും ഈ പതിപ്പുകൾക്കുണ്ടാവുക. എന്നാൽ എമ്പുരാൻ്റേതായി പ്രചരിക്കുന്ന വ്യാജ പതിപ്പ് 1080 പിക്സലിൻ്റെ ഫുൾ എച്ച്ഡി പ്രിൻ്റ് ആണെന്നാണ് സൈബർ വിദഗ്ദർ പറയുന്നത്. അതുകൊണ്ട് തന്നെ ഇവ ചോർന്നത് തീയറ്ററിൽ നിന്നാവാൻ സാധ്യതയില്ലെന്നും സൈബർ വിദഗ്ദർ പറയുന്നു. സിനിമയുമായി ബന്ധപ്പെട്ടവരിൽ നിന്ന് തന്നെയാണോ സിനിമ ചോർന്നതെന്ന സംശയം നിലനിൽക്കുന്നുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷണം ആരംഭിക്കുമെന്നും കൊച്ചി സൈബർ പോലീസ് അറിയിച്ചു. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൽ പ്രൊഫഷണൽ എത്തിക്കൽ ഹാക്കർമാരെ നിയോഗിച്ചിട്ടുണ്ടെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു.




ലൂസിഫർ സിനിമാപരമ്പരയിലെ രണ്ടാം ഭാഗമാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തിലൊരുങ്ങിയ എമ്പുരാൻ. 2019ൽ പുറത്തിറങ്ങിയ എമ്പുരാനാണ് പരമ്പരയിലെ ആദ്യ സിനിമ. മുരളി ഗോപിയാണ് എമ്പുരാൻ്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. അഖിലേഖ് മോഹനാണ് എഡിറ്റിങ്. സുജിത് വാസുദേവ് ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. ദീപക് ദേവ് സംഗീത സംവിധാനം. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, ശിവദ, തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഈ മാസം 27ന് പുറത്തിറങ്ങിയ സിനിമ ഇതിനകം 100 കോടി ക്ലബിൽ കയറിയിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ സിനിമയ്ക്കെതിരെ സംഘപരിവാർ ബഹിഷ്കരണവും നടക്കുന്നുണ്ട്.