L2 Empuraan Controversy: ‘മെസ്സേജ് അയച്ചത് മമ്മൂട്ടി മാത്രം, പൃഥ്വി അടുത്ത സിനിമയുടെ തിരക്കഥ വായിച്ച് കൊണ്ടിരിക്കുന്നു’; പ്രതികരിച്ച് മല്ലിക സുകുമാരൻ
L2 Empuraan Controversy: സിനിമ മേഖലയിൽ തന്നെ ചേച്ചി, അമ്മ, ആന്റി, അമ്മൂമ്മ എന്ന് വിളിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു ആശ്വാസ വചനം പറയാൻ വേറാരും എന്നെ വിളിച്ചിട്ടില്ലെന്ന് മല്ലിക സുകുമാരൻ. പ്രസ്ഥാനം വളരണമെങ്കിൽ പെരുമാറ്റം കൊണ്ടേ വോട്ട് നേടാനാകൂ. അല്ലാതെ പേടിപ്പിച്ചും ആക്രമിച്ചും ഒന്നും ചെയ്യരുതെന്നും അവർ പറഞ്ഞു.

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മല്ലിക സുകുമാരൻ. കല്ലെറിയുന്നത് എന്തിനാണെന്നും ഒരു പ്രസ്ഥാനത്തിന്റെയും സംഘത്തിന്റെ പേരിലും തങ്ങളെ പേടിപ്പിക്കേണ്ട എന്നും മല്ലിക സുകുമാരൻ പറഞ്ഞു. മോഹൻലാലും പൃഥ്വിരാജും തമ്മിൽ സംസാരിക്കുന്നുണ്ട്. അവർ തമ്മിൽ യാതൊരു പ്രശ്നമില്ലെന്നും മല്ലിക വ്യക്തമാക്കി. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.
തിരക്കഥ എല്ലാവരും കണ്ടതാണെന്നും പല ആവർത്തി വായിച്ച ശേഷമാണ് ഷൂട്ട് തുടങ്ങിയതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. മേജർ രവിയുടെ പോസ്റ്റ് കാരണമാണ് താൻ ഇന്നലെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. മക്കൾ രണ്ട് പേർക്കും കുറിപ്പിന്റെ ഡ്രാഫ്റ്റ് അയച്ചിരുന്നു. അവർ എതിർപ്പ് പറഞ്ഞില്ലെന്നും മല്ലിക വ്യക്തമാക്കി.
മോഹൻലാലോ ആന്റണി പെരുമ്പാവൂരോ മകനെതിരായി പറഞ്ഞിട്ടില്ല. അതേസമയം സിനിമ മേഖലയിൽ നിന്ന് തനിക്ക് മെസ്സേജ് അയച്ചത് മമ്മൂട്ടി മാത്രമാണെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. പെരുന്നാൾ തിരക്കിനിടയിലും അദ്ദേഹം പോസ്റ്റ് കണ്ട് വിഷമിക്കേണ്ട എന്ന് മെസ്സേജ് അയച്ചു. അത് ഒരിക്കലും മറക്കരുതെന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിൽ തന്നെ ചേച്ചി, അമ്മ, ആന്റി, അമ്മൂമ്മ എന്ന് വിളിക്കുന്ന ഒരുപാട് പേരുണ്ട്. ഒരു ആശ്വാസ വചനം പറയാൻ വേറാരും എന്നെ വിളിച്ചിട്ടില്ലെന്നും മല്ലിക പറഞ്ഞു.
ഞങ്ങളെ വളർത്തിയത് ഈശ്വരനാണ്. ഒരു പ്രസ്ഥാനത്തിന്റെയും സംഘത്തിന്റെയും പേരിൽ പേടിപ്പിക്കേണ്ട. നിങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനം വളരണമെങ്കിൽ പെരുമാറ്റം കൊണ്ടേ വോട്ട് നേടാനാകൂ. അല്ലാതെ പേടിപ്പിച്ചും ആക്രമിച്ചും ഒന്നും ചെയ്യരുതെന്നും അവർ പറഞ്ഞു. സിനിമയുടെ റിഎഡിറ്റിംഗുമായി ബന്ധപ്പെട്ട ചോദ്യത്തിന്, പതിനേഴ് വെട്ട് വെട്ടിയോ എന്ന് എനിക്കറിയില്ല. അത് നിങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണെന്നും മല്ലിക പറഞ്ഞു.
വിവാദങ്ങൾ മകനെ തളർത്തിയിട്ടില്ലെന്നും പൃഥ്വിരാജ് അടുത്തതായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വായിക്കുന്ന തിരക്കിലാണെന്നും മല്ലിക വ്യക്തമാക്കി. അതേസമയം, വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്ത എമ്പുരാന്റെ പുതിയ പതിപ്പ് ഇന്ന് വൈകിട്ടോടെ തിയേറ്ററുകളിലെത്തും. വിമർശനങ്ങൾക്കിടയിലും എമ്പുരാൻ ബോക്സ്ഓഫീസ് കുതിപ്പ് തുടരുകയാണ്.