L2 Empuraan: മോഹൻലാൽ കണ്ടില്ലെന്ന നുണ പറയുന്നതെന്തിന്?; പൃഥ്വിരാജ് ചതിച്ചെന്ന് ആരും പറഞ്ഞിട്ടില്ല: മേജർ രവിക്കെതിരെ മല്ലിക സുകുമാരൻ
Mallika Sukumaran Criticizes Major Ravi: മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ. മോഹൻലാൽ സിനിമ കണ്ടില്ലെന്ന നുണ പറയുന്നത് എന്തിനാണെന്നും പൃഥ്വിരാജ് ചതിച്ചെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മല്ലിക പറഞ്ഞു.

മോഹൻലാൽ എമ്പുരാൻ കണ്ടില്ലായിരുന്നു എന്ന മേജർ രവിയുടെ പ്രസ്താവനയ്ക്കെതിരെ പൃഥ്വിരാജിൻ്റെ മാതാവും നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജ് ചതിച്ചെന്ന് മോഹൻലാലോ നിർമാതാവോ പറഞ്ഞിട്ടില്ല. എല്ലാവരും കൂടിച്ചേർന്നാണ് കഥ തീരുമാനിച്ചതും ചിത്രീകരിച്ചതും. എന്നിട്ടും പൃഥ്വിരാജ് മാത്രം കുറ്റക്കാരനാവുന്നതെങ്ങനെയാണെന്നും നീണ്ട ഫേസ്ബുക്ക് പോസ്റ്റിൽ മല്ലിക സുകുമാരൻ ചോദിച്ചു.
പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല എന്ന് മല്ലിക സുകുമാരൻ കുറിച്ചു. കുട്ടിക്കാലം മുതൽ ലാലിനെ അറിയാം. മകനെ കുറിച്ച് എത്രയോ വേദികളിൽ അദ്ദേഹം പുകഴ്ത്തി പറഞ്ഞിരിക്കുന്നു. ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ, ചിലർ തൻ്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ ദുഖമുണ്ട്. എമ്പുരാൻ സിനിമയ്ക്കെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കൂട്ടായ്മയിലുള്ള എല്ലാവർക്കും അതിൽ ഉത്തരവാദിത്തമുണ്ട്. അവർ എല്ലാവരും ഒരുമിച്ചിരുന്ന് തിരക്കഥ വായിച്ചിട്ടുണ്ട്. പിന്നെങ്ങനെ പൃഥ്വിരാജ് മാത്രം ഉത്തരവാദിയാകുമെന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു.
മല്ലിക സുകുമാരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്




മോഹൻലാലും ആൻ്റണി പെരുമ്പാവൂരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാനിൽ ഇല്ല. മോഹൻലാലിന് അറിയാത്ത ഒരു കാര്യവും സിനിമയിൽ ഇല്ല. ഇതൊന്നും തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് ഇവർ പറയുകയുമില്ല. മോഹൻലാൽ പ്രിവ്യൂ കണ്ടില്ലെന്ന നുണ പരത്തുന്നത് എന്തിനാണ്? ‘അത് വേണ്ടായിരുന്നു മേജർ രവി’ എന്നാണ് തനിക്ക് പറയാനുള്ളത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്നറിയില്ല. പാർട്ടിയുടെയോ ജാതി, മത ചിന്തയുടെയോ അടിസ്ഥാനത്തിലല്ല മനുഷ്യനെ സ്നേഹിക്കേണ്ടത് എന്നാണ് താനും സുകുവേട്ടനും മക്കൾക്ക് പറഞ്ഞുകൊടുത്തിട്ടുള്ളത്. എല്ലാ രാഷ്ട്രീയ കക്ഷികളിലും സംഘടനകളിലും ഉള്ളവരെ സ്നേഹ ബഹുമാനങ്ങളോടെ മാത്രമേ തങ്ങൾ കണ്ടിട്ടുള്ളൂ എന്നും മല്ലിക സുകുമാരൻ കുറിച്ചു.
Also Read: L2 Empuraan: “ഞാൻ എമ്പുരാൻ കണ്ടതാണ്”; മേജർ രവിയുടെ അവകാശവാദം തള്ളി മോഹൻലാലിൻ്റെ പഴയ വിഡിയോ വൈറൽ
മോഹൻലാൽ എമ്പുരാൻ സിനിമ കണ്ടിരുന്നില്ലെന്ന് മേജർ രവി ഫേസ്ബുക്ക് ലൈവിലാണ് അവകാശപ്പെട്ടത്. എമ്പുരാനിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഏറെ വിഷമത്തിലാണ്. സിനിമയിലെ പ്രശ്‌നമുള്ള സീനുകളെല്ലാം കട്ട് ചെയ്യാന്‍ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. മോഹൻലാൽ മാപ്പ് ചോദിക്കുമെന്നും മേജർ രവി പറഞ്ഞിരുന്നു.