5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan: ‘മോഹൻലാൽ സ്വയം പണയം വച്ച സേവകനായി’; സിനിമയിലെ കോൺഗ്രസ് ആക്ഷേപവും കട്ട് ചെയ്ത് കാണിക്കണ്ടേ?: വിമർശനവുമായി എബിൻ വർക്കി

Abin Varkey Criticizes Mohanlal: മോഹൻലാലിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് എബിൻ വർക്കി. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാൽ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് എബിൻ വർക്കിയുടെ വിമർശനം.

L2 Empuraan: ‘മോഹൻലാൽ സ്വയം പണയം വച്ച സേവകനായി’; സിനിമയിലെ കോൺഗ്രസ് ആക്ഷേപവും കട്ട് ചെയ്ത് കാണിക്കണ്ടേ?: വിമർശനവുമായി എബിൻ വർക്കി
എബിൻ വർക്കിImage Credit source: Abin Varkey Facebook
abdul-basith
Abdul Basith | Published: 30 Mar 2025 15:42 PM

എമ്പുരാനിലെ ഗുജറാത്ത് കലാപദൃശ്യങ്ങളുമായി ബന്ധപ്പെട്ട് മോഹൻലാൽ മാപ്പ് പറഞ്ഞതിന് പിന്നാലെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് എബിൻ വർക്കി. മോഹൻലാൽ സ്വയം പണയം വച്ച സേവകനായി എന്ന് എബിൻ വർക്കി കുറ്റപ്പെടുത്തി. സംഘപരിവാറിൻ്റെ ആവശ്യമനുസരിച്ച് സീനുകൾ നീക്കം ചെയ്തെങ്കിൽ കോൺഗ്രസ് ആക്ഷേപ സീനുകളും കട്ട് ചെയ്യണ്ടേ എന്ന് എബിൻ വർക്കി ചോദിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിൻ്റെ വിമർശനം.

മുൻപ് പല സിനിമകളിലും പല രാഷ്ട്രീയ നേതാക്കളെയും ആക്ഷേപിച്ചപ്പോഴും ആരും മാപ്പ് ആവശ്യപ്പെട്ടിരുന്നില്ലെന്ന് എബിൻ വർക്കി കുറിച്ചു. കെ കരുണാകരനെയും പത്മജ വേണുഗോപാലിനെയും കെഎം മാണിയെയും ഒക്കെ നിങ്ങൾ ആക്ഷേപിച്ചപ്പോൾ ആരും നിങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടില്ല. പക്ഷേ, എമ്പുരാൻ സിനിമയിൽ ലോകം മുഴുവൻ കണ്ട ഒരു സംഭവം ചിത്രീകരിച്ചതിൻ്റെ പേരിൽ സംഘപരിവാറിൻ്റെ തീട്ടൂരത്തിന് മുന്നിൽ സ്വയം പണയം വച്ച സേവകനായി മോഹൻലാൽ മാറി. ഇഡി റെയ്ഡ് നടത്തി ജയിലിൽ കിടക്കണോ സിനിമയിലെ സീൻ കട്ട് ചെയ്യണോ എന്ന് ചോദിച്ചാൽ മോഹൻലാലിനും ആൻ്റണി പെരുമ്പാവൂരിനും ഗോകുലം ഗോപാലാവും വേറൊന്നുമാലോചിക്കാനാവില്ല. അതാണ് സമകാലിക ഇന്ത്യയുടെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

എബിൻ വർക്കിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അതല്ല, യഥാർത്ഥത്തിൽ വിഷമം തോന്നിയെങ്കിൽ അത് കോൺഗ്രസിൻ്റെ കാര്യത്തിലും ഉണ്ടാവണ്ടേ എന്ന് എബിൻ വർക്കി ചോദിച്ചു. കോൺഗ്രസിന്റെ കൊടിയും ശൈലിയും മുദ്രാവാക്യവും പാർട്ടി ഓഫീസും വേഷവിധാനങ്ങളുമടക്കം കോൺഗ്രസ് രാഷ്ട്രീയത്തിലൂടെയാണ് കഥ നയിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ആക്ഷേപവുമുണ്ട്. യഥാർത്ഥത്തിലുള്ള വിഷമമാണെങ്കിൽ അതും നിങ്ങൾ കട്ട് ചെയ്തു നീക്കി മാതൃക കാണിക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു. അത് കട്ട് ചെയ്ത് കാണിക്കണമെന്ന് താൻ ആവശ്യപ്പെടില്ല. കാരണം, യോജിപ്പും വിയോജിപ്പും സിനിമയിൽ കഥയായി വേണമെന്നാണ് തൻ്റെ നിലപാട് എന്നും എബിൻ വർക്കി കുറിച്ചു.

Also Read: Mohanlal-Empuraan Movie Controversy: ‘പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ ഖേദമുണ്ട്, നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എൻ്റെ ശക്തി’; മോഹൻലാൽ

സിനിമയിലെ പ്രമേയങ്ങൾ മൂലം തന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എമ്പുരാൻ ടീമിനും തനിക്കും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് മോഹൻലാൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ മതവിഭാഗത്തോടോ തൻ്റെ സിനിമ വിദ്വേഷം വച്ചുപുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണ്. അത്തരം വിഷയങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു. 17 കട്ടുകളാണ് സിനിമയിൽ വരുത്തുക എന്നാണ് റിപ്പോർട്ടുകൾ.