L2 Empuraan: എമ്പുരാന്റെ വിജയം മലയാള സിനിമയുടെ തന്നെ ഐഡന്റിറ്റി മാറ്റും; അത് വലിയ ആലോചനകൾക്ക് സാധ്യത നൽകുന്നു എന്ന് ബേസിൽ ജോസഫ്
L2 Empuraan - Basil Joseph: എമ്പുരാൻ നേടിയ വലിയ വിജയം മലയാള സിനിമാ മേഖലയുടെ ഐഡൻ്റിറ്റി മാറ്റുമെന്ന് ബേസിൽ ജോസഫ്. വലിയ ക്യാൻവാസിലുള്ള സിനിമകളൊരുക്കാൻ ഇത് എല്ലാവർക്കും പ്രചോദനം നൽകുമെന്നും ബേസിൽ പറഞ്ഞു.

എമ്പുരാൻ്റെ വലിയ വിജയം മലയാള സിനിമയുടെ തന്നെ ഐഡൻ്റിറ്റി മാറ്റുമെന്ന് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. വലിയ ക്യാൻവാസിലുള്ള സിനിമകളുടെ ആലോചനകൾക്ക് എമ്പുരാൻ്റെ വിജയം സാധ്യത നൽകുന്നു എന്നും ബേസിൽ ജോസഫ് പറഞ്ഞു. തൻ്റെ ഏറ്റവും പുതിയ സിനിമയായ മരണമാസിൻ്റെ പ്രമോഷൻ ഇൻ്റർവ്യൂവിലാണ് ബേസിലിൻ്റെ അഭിപ്രായ പ്രകടനം.
“മിന്നൽ മുരളിക്ക് മാത്രമല്ല, ഇവിടെ ആലോചിക്കുന്ന എല്ലാ ടെക്നീഷ്യൻസിനും ഫിലിം മേക്കേഴ്സിനും പ്രോഡ്യൂസേഴ്സിനും ആക്ടേഴ്സിനുമൊക്കെ അതൊരു ബെഞ്ച്മാർക്ക് ആണല്ലോ. ഇത്രേം വലിയ ഇൻവെസ്റ്റ്മെൻ്റ് നമുക്ക് റിട്ടേൺ കിട്ടുകയാണെങ്കിൽ, എമ്പുരാൻ്റെ സക്സസ്, മലയാള സിനിമയുടെ തന്നെ ഐഡൻ്റിറ്റി മാറ്റാൻ പൊട്ടൻഷ്യലുള്ള ഒരു സിനിമയാണ്. നമ്മുടെ ആലോചനകളൊക്കെ എപ്പോഴും റെസ്ട്രിക്റ്റ് ചെയ്യപ്പെടുമാമായിരുന്നു, ബജറ്റിൻ്റെ പരിമിതികളും റീച്ചും പുറത്ത് ഇൻഡസ്ട്രിയിലുള്ള ഓപ്പണിംഗും ഒക്കെ വച്ച്. കെജിഎഫ് എന്ന സിനിമ കന്നഡ സിനിമയുടെ മുഖം എങ്ങനെ മാറ്റിയോ, ബാഹുബലി പോലൊരു സിനിമ തെലുങ്ക് സിനിമയുടെ മുഖം മാറ്റി എന്നൊക്കെ പറയുന്നത് പോലെ എമ്പുരാൻ മലയാള സിനിമയുടെ ഐഡൻ്റിറ്റി മാറ്റാനുള്ള പൊട്ടൻഷ്യലുള്ള സിനിമയാണ്.”- ബേസിൽ ജോസഫ് പറഞ്ഞു.
പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് എമ്പുരാൻ. മാർച്ച് 27ന് തീയറ്ററുകളിലെത്തിയ സിനിമ ബോക്സോഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇതിനകം ഗ്ലോബൽ ബോക്സോഫീസിൽ 250 കോടിയിലധികം രൂപ എമ്പുരാൻ കളക്ട് ചെയ്തുകഴിഞ്ഞു. മലയാള സിനിമ ചരിത്രത്തിൽ തന്നെ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമാണ് എമ്പുരാൻ.




ഇതിനോടൊപ്പം ബോക്സോഫീസിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള സിനിമയായും എമ്പുരാൻ മാറി. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിൻ്റെ റെക്കോർഡാണ് വെറും ഒരാഴ്ചയ്ക്കുള്ളിൽ എമ്പുരാൻ പഴങ്കഥയാക്കിയത്. 240 കോടി രൂപയെന്ന മഞ്ഞുമ്മൽ ബോയ്സിൻ്റെ റെക്കോർഡ് എമ്പുരാൻ മറികടന്നു. 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ മോഹൻലാൽ സിനിമ കൂടിയാണ് എമ്പുരാൻ.