L2 Empuraan: പുറം തിരിഞ്ഞുനിൽക്കുന്നത് ആമിർ ഖാൻ തന്നെയോ?; വലിയ രഹസ്യം പുറത്തുവിടാനൊരുങ്ങി പ്രൊഡക്ഷൻ ഹൗസ്
L2 Empuraan - Aamir Khan: എമ്പുരാൻ സിനിമയിലെ നിഗൂഢ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് നടൻ ആമിർ ഖാൻ തന്നെയെന്ന് അഭ്യൂഹം. ആമിർ ഖാൻ പ്രൊഡക്ഷൻസിൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകർ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കുന്നത്.

എമ്പുരാൻ എന്ന സിനിമ ഈ മാസം 27ന് റിലീസാവാനിരിക്കെ പുറം തിരിഞ്ഞുനിൽക്കുന്നതാരെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. സിനിമയുടെ പോസ്റ്ററുകളിലും ട്രെയിലറിലുമൊക്കെ പുറം തിരിഞ്ഞ് നിൽക്കുന്ന ഈ നടൻ മമ്മൂട്ടിയാണെന്നും ആമിർ ഖാനാണെന്നും റിക്ക് യൂൻ ആണെന്നുമൊക്കെ സമൂഹമാധ്യമങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ല. ഇപ്പോൾ ആമിർ ഖാൻ പ്രൊഡക്ഷൻസ് പങ്കുവച്ചിരിക്കുന്ന ഇൻസ്റ്റഗ്രാം സ്റ്റോറി പുറം തിരിഞ്ഞ് നിൽക്കുന്നയാളെപ്പറ്റിയുള്ളതാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.
ബിഗ് റിവീൽ എന്ന പേരിൽ ഒരു കൗണ്ട് ഡൗൺ ആണ് ആമിർ ഖാൻ പ്രൊഡക്ഷൻസ് തങ്ങളുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. ‘കാത്തിരിക്കൂ, കാത്തിരിക്കുന്നവർക്കാണ് നല്ല കാര്യങ്ങളുണ്ടാവുന്നത്’ എന്ന കുറിപ്പും ഇതിനൊപ്പമുണ്ട്. ഇനി ഏകദേശം 9 മണിക്കൂർ കൂടി കഴിഞ്ഞാൽ ഈ വലിയ രഹസ്യം വെളിവാകുമെന്നാണ് കൗണ്ട് ഡൗൺ സൂചിപ്പിക്കുന്നത്. ഇത് ആമിർ ഖാൻ്റെ എമ്പുരാൻ ബന്ധമാവുമെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഇന്ന് വൈകുന്നേരത്തോടെ ആമിർ ഖാൻ പ്രൊഡക്ഷൻസ് തങ്ങളുടെ വലിയ രഹസ്യം പുറത്തുവിടും. അപ്പോൾ അദ്ദേഹമാണോ കഴിഞ്ഞ കുറച്ചുദിവസങ്ങളായി മലയാളി സിനിമാപ്രേമികളുടെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നതെന്നതും വെളിവാകും.
ലൂസിഫർ സിനിമാ പരമ്പരയിലെ രണ്ടാം സിനിമയാണ് എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് ആണ് സിനിമ സംവിധാനം ചെയ്തത്. മൂന്ന് ഭാഗങ്ങളായുള്ള സിനിമയുടെ ആദ്യ ഭാഗം ലൂസിഫർ 2019ൽ പുറത്തിറങ്ങിയിരുന്നു. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിലാണ് സിനിമ പുറത്തിറങ്ങുക. ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. ദീപക് ദേവാണ് സിനിമയുടെ സംഗീതസംവിധാനം. അഖിലേഖ് മോഹൻ എഡിറ്ററാണ്. സുജിത് വാസുദേവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മോഹൻലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ഈ മാസം 27ന് സിനിമ റിലീസാവും.




എമ്പുരാൻ്റെ പ്രീസെയിൽ ബിസിനസ് റെക്കോർഡ് നേട്ടത്തിലാണുള്ളത്. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രീസെയിൽ കളക്ഷനാണ് എമ്പുരാന് ലഭിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് മോഹൻലാലും പൃഥ്വിരാജും ചേർന്ന് നൽകിയ അഭിമുഖങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.