L2 Empuraan: ഇനി വെറും ആറ് നാൾ!! എമ്പുരാന്‍ ബുക്കിങ് ഇന്ന് മുതല്‍; ആവേശത്തില്‍ ആരാധകര്‍
L2 Empuraan Ticket Booking: എമ്പുരാന്റെ ഇന്ത്യയിലെ തിയറ്ററുകളിലേക്കുള്ള ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. ചിത്രത്തിന്റെ ഓവർസീസ് ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണങ്ങളാണ് വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നത്.

മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി വെറും ആറ് ദിവസം. സിനിമയുടെ ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കുകയാണ്. മാർച്ച് 21ന് രാവിലെ 9 മണി മുതൽ ടിക്കറ്റ് ബുക്കിങ് ഓപ്പൺ ആകുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യയിലെ തിയറ്ററുകളിലേക്കുള്ള ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്.
എമ്പുരാന്റെ ഓവർസീസ് ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണങ്ങളാണ് വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നത്. അതേസമയം പലയിടത്തും ഫാൻസ് ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. മാർച്ച് 27ന് രാവിലെ ആറ് മണി മുതലാണ് ആദ്യ ഷോ നടക്കുക. കേരളത്തിന് പുറമേ മറ്റ് സംസ്ഥാനങ്ങളിലും നിരവധി ഫാൻസ് ഷോകൾ നടക്കുന്നുണ്ട്.
അതിനിടെ എമ്പുരാന്റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് താനും തിയേറ്ററില്‍ ആരാധകർക്കൊപ്പം ഇരുന്ന് സിനിമ കാണുമെന്ന മോഹൻലാലിന്റെ വെളിപ്പെടുത്തൽ ആരാധകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. എമ്പുരാന്‍ ട്രെയിലര്‍ ലോഞ്ചില്‍ ആയിരുന്നു അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. പൊതുവെ തന്റെ സിനിമ തീയറ്ററിലെത്തി കാണുന്ന പതിവ് അദ്ദേഹത്തിനില്ല. അതുകൊണ്ട് തന്നെ എമ്പുരാന്‍ സിനിമയുടെ റിലീസ് ദിവസം ഏത് തിയറ്ററിലാകും അദ്ദേഹം എത്തുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ALSO READ: പ്രീ-സെയിൽ തകൃതിയായി നടക്കുന്നു; എമ്പുരാൻ്റെ ഒടിടി അവകാശം ആര് നേടി?
സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ബുക്കിങ്ങുമായി ബന്ധപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററിന് താഴെയും ചില രസകരമായ കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. അർദ്ധ രാത്രി ട്രെയിലര്‍ വന്നതുപോലെ ബുക്കിങും നേരത്തെ ഓപ്പണാവുമോ എന്നാണ് പലരുടെയും ചോദ്യം. മാർച്ച് 20ന് ഉച്ചയ്ക്ക് 1.08 ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് അർദ്ധരാത്രി 12 മണിക്ക് തന്നെ ട്രെയിലർ പുറത്ത് വിട്ടിരുന്നു.
ലൂസിഫറിനെക്കാളും എമ്പുരാന്റെ ദൈർഘ്യം കൂടുതലായിരിക്കുമെന്നും വിവരങ്ങളുണ്ട്. ലൂസിഫറിന്റെ ദൈർഘ്യം 2 മണിക്കൂർ 52 സെക്കറ്റ് ആയിരുന്നെങ്കിൽ എമ്പുരാന്റെ ദൈർഘ്യം 2 മണിക്കൂർ 59 മിനിറ്റ് 59 സെക്കറ്റ് ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയം, എമ്പുരാന്റെ വരവിന് മുന്നോടിയായി ലൂസിഫർ വീണ്ടും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഇന്നലെ മുതലാണ് ലൂസിഫർ റി റിലീസ് ചെയ്തത്.