Kunchacko Boban: സിനിമ മൂന്നാം ദിവസം ലാഭത്തിലെത്തി; നിർമ്മാണച്ചിലവ് 13 കോടിയെക്കാൾ വളരെ കൂടുതൽ: ശരിയായ കണക്ക് പറയൂ എന്ന് കുഞ്ചാക്കോ ബോബൻ
Kunchacko Boban -Officer On Duty: ഓഫീസർ ഓൺ ഡ്യൂട്ടി റിലീസായ മൂന്നാം ദിവസം ലാഭത്തിലെത്തിയെന്ന് കുഞ്ചാക്കോ ബോബൻ. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ തെറ്റാണ്. നിർമ്മാണച്ചിലവ് 13 കോടിയെക്കാൾ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെ സിനിമയായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾക്കെതിരെ കുഞ്ചാക്കോ ബോബൻ. റിലീസായി മൂന്നാം ദിവസം തന്നെ സിനിമ ലാഭത്തിലെത്തിയെന്നും 13 കോടിയെക്കാൾ വളരെ അധികമാണ് സിനിമയുടെ ബജറ്റ് എന്നും കുഞ്ചാക്കോ ബോബൻ മനോരമ ഓൺലൈനോട് പ്രതികരിച്ചു. ഫെബ്രുവരിയിൽ റിലീസായ സിനിമകളുടെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ 13 കോടി ബജറ്റിലെടുത്ത സിനിമ 11 കോടി മാത്രമാണെന്ന് നിർമ്മാതാക്കളുടെ സംഘടന അവകാശപ്പെട്ടിരുന്നു.
ചിത്രത്തിൻ്റെ നിർമ്മാണച്ചെലവ് 13 കോടിയെക്കാൾ വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചുകിട്ടിയത് 11 കോടിയുടെ ഇരട്ടിയോ അതിൽ കൂടുതലോ ആയിരിക്കും. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം നിർമ്മാതാവിന് ലഭിച്ച വിഹിതമായിരിക്കും സംഘടനാപ്രതിനിധികൾ പറഞ്ഞ 11 കോടി. അത് പോലും 11 കോടിയിൽ കൂടുതലാണ്. കണക്ക് പറയുകയാണെങ്കിൽ കൃത്യമായി പറയൂ. 50 കോടി ക്ലബ് സിനിമയുടെ മൊത്തം കളക്ഷനാണ്. കേരളത്തിലെ തീയറ്ററുകളിൽ നിന്ന് മാത്രം സിനിമ 30 കോടി രൂപയോളം രൂപ നേടിയിട്ടുണ്ട്. കേരളത്തിന് പുറത്തും സിനിമയ്ക്ക് നല്ല സ്വീകാര്യത ലഭിച്ചു. ഇത് കൂടി കണക്കാക്കുമ്പോൾ 50 കോടിയ്ക്ക് മുകളിലെത്തിയിട്ടുണ്ടാവും. ഇതിനൊപ്പം ഒടിടി, സാറ്റലൈറ്റ്, ഓഡിയോ, ഡബ്ബിങ് തുടങ്ങിയവയ്ക്ക് ലഭിച്ച തുകയും വരും. ഇതൊക്കെ ഇവരെന്താണ് കണക്കിൽ പെടുത്താത്തത്. നിർമ്മാതാവിന് ഏതൊക്കെ രീതിയിൽ വരുമാനം വരുമെന്ന് അറിയാത്തവരല്ലല്ലോ ഇവർ. റിലീസ് ചെയ്ത് മൂന്നാമത്തെ ദിവസം ലാഭത്തിലേക്ക് കടന്ന സിനിമയാണ് ഇത്.




ജിത്തു അഷ്റഫിൻ്റെ ആദ്യ സംവിധാന സംരംഭമാണ് ഓഫീസർ ഓൺ ഡ്യൂട്ടി. ഷാഹി കബീർ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. കുഞ്ചാക്കോ ബോബൻ, പ്രിയാമണി, വിശാഖ് നായർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിൻ്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത് നായർ, സിബി ചവറ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. റോബി വർഗീസ് രാജ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ ചമൻ ചാക്കോ ആണ് എഡിറ്റ്. ജേക്സ് ബിജോയ് സംഗീത സംവിധാനം. ഈ വർഷം ഫെബ്രുവരി 20ന് തീയറ്ററുകളിലെത്തിയ സിനിമ സൂപ്പർ ഹിറ്റായിരുന്നു. 50 കോടിയിലധികം നേടിയ ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടരുകയാണ്.