KS Chithra: ‘കാലം മുറിവുണക്കുമെന്ന് പറയുന്നു, എന്നാൽ ആ അവസ്ഥയിലൂടെ കടന്നുപോയവർക്കേ അറിയൂ’; മകളുടെ ഓർമയിൽ കണ്ണീരോടെ കെഎസ് ചിത്ര
KS Chithra Note on Late Daughter Nandhana Birthday: വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ 2002-ലാണ് കെ എസ് ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും മകൾ നന്ദന പിറന്നത്.
അകാലത്തില്‍ വിടപറഞ്ഞ പ്രിയപുത്രി നന്ദനയുടെ പിറന്നാൾ ദിനമായ ഇന്ന് കണ്ണീർ കുറിപ്പുമായി ഗായിക കെ എസ് ചിത്ര. മകളുടെ ഓർമചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. ആളുകൾ കാലം മുറിവുണക്കുമെന്ന് പറയാറുണ്ടെങ്കിലും, വലിയ വേദനയിലൂടെ കടന്ന് പോയവർക്ക് മാത്രമേ അത് അങ്ങനെ മാഞ്ഞു പോകില്ലെന്ന് അറിയുകയുള്ളുവെന്നും ചിത്ര കുറിപ്പിൽ പറയുന്നു.
“ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ, കാലം രോഗശാന്തിയേകുമെന്നും അവർ പറയുന്നു. എന്നാൽ ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകൾക്ക് അത് സത്യമല്ലെന്ന് ബോധ്യമാകും. മുറിവ് ഇപ്പോഴും പരുക്കനായതും വേദനാജനകവുമാണ്. മിസ് യു നന്ദന” കെഎസ് ചിത്ര കുറിച്ചു.
മകളുടെ എല്ലാ പിറന്നാൾ ദിനത്തിൽ എല്ലാവർഷവും ചിത്ര ഓരോ കുറിപ്പുകൾ പങ്കുവയ്ക്കാറുണ്ട്. ചിത്ര പങ്കുവെക്കുന്ന കുറിപ്പുകൾ ആരാധകരെയും ഏറെ വേദനിപ്പിക്കാറുണ്ട്. മുൻപ് നൽകിയ അഭിമുഖങ്ങളിൽ ഉൾപ്പടെ ചിത്ര മകളുടെ അസാന്നിധ്യം ഏൽപ്പിക്കുന്ന വേദനയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
വിവാഹം കഴിഞ്ഞ് പതിനഞ്ച് വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ 2002-ലാണ് കെ എസ് ചിത്രയ്‌ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. ഡൗൺ സിൻഡ്രോമോടുകൂടിയായിരുന്നു കുട്ടി ജനിച്ചത്. 2011-ൽ എട്ടു വയസ്സുള്ളപ്പോള്‍ ദുബായിലെ എമിറേറ്റ്സ് ഹില്ലിലുള്ള നീന്തൽക്കുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
ALSO READ: പേർളിയുടെ കുഞ്ഞുങ്ങളെയെടുത്ത് നയൻതാര; ചിത്രങ്ങൾ വൈറൽ
നന്ദനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാർട്ടൂൺ വെച്ചുകൊടുത്ത് മോളെ ടിവിക്ക് മുൻപിൽ ഇരുത്തി കുളിക്കാനായി കയറിയതായിരുന്നു ചിത്ര. എന്നാൽ, ഈ സമയത്ത് ഡോർ തുറന്ന് പുറത്തിറങ്ങിയ നന്ദന വാതിലിനോട് ചേർന്ന സ്വിമ്മിങ് പൂളിന്റെ അരികിലേക്ക് പോവുകയായിരുന്നു. വെള്ളത്തിൽ കളിയ്ക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവൾ നീന്തൽകുളത്തിന്റെ ഭാഗത്തേക്ക് പോകുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. തുടർന്ന് സ്വിമ്മിങ് പൂളിൽ പെട്ട് നന്ദന മരണപ്പെടുകയിരുന്നു എന്നാണ് മുൻപ് പുറത്തുവന്നിരുന്നു റിപ്പോർട്ടുകൾ.
ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ ചിത്രയോട് ഇതുവരെ മറ്റൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാത്തതോ ദത്തെടുക്കാത്തതോ എന്താണ് എന്ന് ചോദിച്ചിരുന്നു. “എൻ്റെ നന്ദന മോൾ ആണ് ഇപ്പോഴും മനസ് നിറയെ. അവൾ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകുമായിരുന്നു. അനിയൻ്റെ കുഞ്ഞിനെ എടുത്താൽ പോലും അവൾ ഡിസ്റ്റേർബ്ഡാകുമായിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ഒരു കുഞ്ഞിനെ ദത്തെടുത്താൽ അതിൻ്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കുണ്ട്. പഠിപ്പിക്കണം, കല്യാണം കഴിപ്പിക്കണം, അങ്ങനെ എല്ലാം. അതുവരെ ഞാൻ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന മോളെ മാത്രം മനസിൽ വെച്ച് ജീവിക്കുന്നത്” എന്നായിരുന്നു ചിത്രയുടെ മറുപടി.