Kottayam Nazeer : ‘ഹ്യൂമർ ചെയ്യാത്തത് രാഷ്ട്രീയത്തെയും മതങ്ങളെയും പേടിച്ചിട്ട്’; കോട്ടയം നസീർ
Kottayam Nazeer : തന്നെ കൊണ്ട് പറ്റാത്തത് കൊണ്ടല്ല, ഇനിയും പഠിച്ച് തന്നെ കൊണ്ട് ചെയ്യാൻ കഴിയുമെന്നും കോട്ടയം നസീർ പറഞ്ഞു. പിന്നെ ഒന്ന് പേടിച്ചിട്ടാണ്, നമ്മൾ എന്ത് പറയും? രാഷ്ട്രീയത്തിനെ പറയാൻ പറ്റില്ല....

ഹാസ്യവേഷങ്ങളിലൂടെ മലയാള സിനിമാ പ്രേമികളെ രസിപ്പിക്കുന്ന താരമാണ് കോട്ടയം നസീർ. മിമിക്രിയിലൂടെ സിനിമയിലെത്തിയ താരം മലയാള സിനിമയിൽ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
എന്നാൽ മുമ്പത്തെ പോലെ മിമിക്രിയും മറ്റ് സ്കിറ്റുകളും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പറയുകയാണ് കോട്ടയം നസീർ. മതത്തെയും രാഷ്ട്രീയത്തെയും പേടിച്ചിട്ടാണ് താനിപ്പോൾ ഹ്യൂമർ ചെയ്യാത്തത് എന്നാണ് താരം പറയുന്നത്. ജിഞ്ചർ മീഡിയയ്ക്ക് കൊടുത്ത അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ.
തന്നെ കൊണ്ട് പറ്റാത്തത് കൊണ്ടല്ല, ഇനിയും പഠിച്ച് തന്നെ കൊണ്ട് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ ഐറ്റംസ് ഒക്കെ ചെയ്യാൻ പറ്റും. പിന്നെ ഒന്ന് പേടിച്ചിട്ടാണ്, നമ്മൾ എന്ത് പറയും? രാഷ്ട്രീയത്തിനെ പറയാൻ പറ്റില്ല, മതത്തിനെ തൊട്ട് കളിക്കാൻ പറ്റില്ല. തൊഴിലിനെയും എടുത്ത് വയ്ക്കാൻ പറ്റില്ല. പിന്നെ എങ്ങനെ ഹ്യൂമർ ഉണ്ടാകും.
എല്ലാത്തിനെയും വച്ച് നമ്മൾ തമാശ പറയാറില്ലേ? പൊലീസുകാരെയും വക്കീലന്മാരെയും ഡോക്ടർമാരെയും കളിയാക്കി കൊണ്ട് എത്ര സ്കിറ്റുകൾ വന്നിട്ടുണ്ട്. മതപണ്ഡിതന്മാരെയും വിമർശിച്ച് സ്കിറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ നമ്മൾ ആലോചിക്കണമെന്നും’ കോട്ടയം നസീർ പറഞ്ഞു.