5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kaviyoor Ponnamma Death: അമ്മ വേഷങ്ങളിലൂടെ മലയാളി മനസുകളെ കീഴടക്കിയ പൊന്നമ്മ ഇനി ഓർമ്മ

Kaviyoor Ponnamma Death News: ഏഴ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതം. 700-ഓളം സിനിമകൾ. സ്നേഹവും വാത്സല്യവും തുളുമ്പുന്ന അമ്മയായി കവിയൂർ പൊന്നമ്മ മലയാളികളുടെ സ്നേഹം പിടിച്ചുപറ്റി. ഒടുവിൽ ആ വാത്സല്യച്ചിരി മാഞ്ഞു.

Kaviyoor Ponnamma Death: അമ്മ വേഷങ്ങളിലൂടെ മലയാളി മനസുകളെ കീഴടക്കിയ പൊന്നമ്മ ഇനി ഓർമ്മ
നടി കവിയൂർ പൊന്നമ്മ (Image Courtesy: Social Media)
Follow Us
nandha-das
Nandha Das | Updated On: 20 Sep 2024 19:03 PM

മലയാള സിനിമയിൽ അമ്മ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയായിരുന്നു കവിയൂർ പൊന്നമ്മ.  1950-കളുടെ അവസാനത്തിലാണ് പൊന്നമ്മ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെ കാലം നീണ്ടു നിന്ന സിനിമ ജീവിതത്തിൽ,  വ്യത്യസ്‌ത വേഷങ്ങളിലൂടെയും അഭിനയ മികവിലൂടെയും മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി. നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടി പിന്നീട് വെള്ളിത്തിരയിൽ ചുവടുവെച്ചു. തുടർന്ന് അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ സ്വന്തം പൊന്നമ്മയായി മാറി. പഴയകാല നടന്മാരായ പ്രേം നസീർ, മധു, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി പുതു തലമുറയിലെ നായകന്മാരായ പൃഥ്വിരാജ്, ദിലീപ് ഉൾപ്പടെ മിക്ക നടന്മാരുടെയും അമ്മയായി കവിയൂർ പൊന്നമ്മ വേഷമിട്ടിട്ടുണ്ട്.

വളരെ ചെറുപ്രായത്തിൽ തന്നെ നടി അമ്മ വേഷങ്ങൾ ചെയ്യാൻ തുടങ്ങി. തന്റെ 19-ആം വയസിലാണ് പൊന്നമ്മ ‘കുടുംബിനി’ എന്ന ചിത്രത്തിൽ നസീറിന്റെയും മധുവിന്റെയും അമ്മയായി അഭിനയിക്കുന്നത്. സ്നേഹവും വാത്സല്യവും തുളുമ്പുന്ന അമ്മയായി കവിയൂർ പൊന്നമ്മ മലയാളികളുടെ സ്നേഹം പിടിച്ചുപറ്റി. 700-ലധികം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

1945 സെപ്റ്റംബർ 10 ന് പത്തനംതിട്ട ജില്ലയിലെ കവിയൂർ എന്ന ഗ്രാമത്തിലാണ് പൊന്നമ്മ ജനിച്ചത്. പതിനാലാം വയസിൽ, പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്ത് പ്രവേശിക്കുന്നത്. ‘പൂക്കാരാ പൂതരുമോ…’, ‘വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാൻ…’ തുടങ്ങിയ പ്രശസ്ത നാടകഗാനങ്ങളും പൊന്നമ്മ ആലപിച്ചിട്ടുണ്ട്. പിന്നീട് കെപിഎസിയുടെ ‘മൂലധനം’ എന്ന നാടകത്തിലൂടെ അഭിനയം ആരംഭിച്ചു. 1962 ൽ പുറത്തിറങ്ങിയ ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന ചിത്രത്തിലൂടെയാണ് പൊന്നമ്മ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിൽ രാവണനായി കൊട്ടാരക്കര ശ്രീധരൻ നായരെത്തിയപ്പോൾ പൊന്നമ്മ സുന്ദരിയായ മണ്ഡോദരിയുടെ വേഷമാണ് അവതരിപ്പിച്ചത്.

പിന്നീട് നടി നിരവധി പ്രമുഖ താരങ്ങളുടെ അമ്മയായി വേഷമിട്ടു. 1965-ൽ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ സത്യന്റെ നായികയായെത്തിയെ പൊന്നമ്മ, അതെ വർഷം തന്നെ സത്യന്റെ അമ്മയായും അഭിനയിച്ചു. വേറിട്ട കഥാപാത്രങ്ങൾ ചെയ്യാനുള്ള നടിയുടെ കഴിവാണ് ഇതിലൂടെ വെളിവാകുന്നത്. പൊന്നമ്മ നിരവധി താരങ്ങളുടെ അമ്മയായി അഭിനയിച്ചിട്ടുണ്ടെങ്കിലും, മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിലെ അമ്മ-മകൻ സ്നേഹം പ്രേക്ഷകർ നെഞ്ചിലേറ്റി.

2022-ൽ പുറത്തിറങ്ങിയ നവാഗതനായ എ.ജി. രാജന്‍ സംവിധാനം ചെയ്ത ‘കണ്ണാടി’ എന്ന ചിത്രത്തിലാണ് പൊന്നമ്മ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന് ശേഷം, പൊന്നമ്മയുടെ ആരോഗ്യനില മോശമാവുകയും, കൂടുതൽ സമയം വീട്ടിൽ തന്നെ ചെലവഴിക്കാൻ ആരംഭിക്കുകയും ചെയ്തു. പിന്നീട് ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലിരിക്കെയാണ് മരണം. 2011-ൽ പൊന്നമ്മയുടെ ഭർത്താവ് അന്തരിച്ചു. ഇവരുടെ മകൾ അമേരിക്കയിലാണ്. പൊന്നമ്മ തന്റെ ഇളയ സഹോദരനോടൊപ്പമായിരുന്നു താമസം.

Latest News