IIFK: ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങാൻ ‘കിഷ്കിന്ധാ കാണ്ഡം’ ; അന്താരാഷ്ട്ര മത്സര വിഭാഗത്തിലും രണ്ട് മലയാള സിനിമകൾ
International Film Festival of Kerala: 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് വച്ചാണ് കേരള രാജ്യാന്തര ചലച്ചിത്രമേള. ടാഗോർ തീയറ്ററാണ് പ്രധാന വേദി.
തിരുവനന്തപുരം: 29- മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ തിളങ്ങാൻ മലയാള സിനിമകൾ. അന്താരാഷ്ട്ര വിഭാഗത്തിലേക്ക് രണ്ട് സിനിമകളും മലയാളം സിനിമ ടുഡേയിലേക്ക് 12 സിനിമകളും തിരഞ്ഞെടുത്തു. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’യും ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറ’വും ആണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിലുള്ളത്.
എട്ട് നവാഗത സംവിധായകരുടെ സിനിമകളാണ് മലയാള സിനിമ വിഭാഗത്തിൽ മത്സരിക്കുന്നത്. നാല് സിനിമകളുടെ സംവിധായകർ വനിതകളാണെന്ന സവിശേഷതയും ഇത്തവണത്തെ മേളയ്ക്കുണ്ട്. ഈ അടുത്ത കാലത്ത് പ്രേക്ഷകശ്രദ്ധയാകർഷിച്ച കിഷ്കിന്ധ കാണ്ഡം എന്ന സിനിമയും മലയാള സിനിമാ വിഭാഗത്തിൽ മത്സരിക്കും. 2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് വച്ചാണ് കേരള രാജ്യാന്തര ചലച്ചിത്രമേള. ടാഗോർ തീയറ്ററാണ് പ്രധാന വേദി.
മലയാള സിനിമവിഭാഗത്തിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളും സംവിധായകരും
എ പാൻ ഇന്ത്യൻ സ്റ്റോറി (വി സി അഭിലാഷ്)
കാമദേവൻ നക്ഷത്രം കണ്ടു (ആദിത്യ ബേബി)
മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ (അഭിലാഷ് ബാബു)
ഗേൾ ഫ്രണ്ട്സ് (ശോഭന പടിഞ്ഞാറ്റിൽ)
വെളിച്ചം തേടി (റിനോഷുൻ കെ)
കിഷ്കിന്ധാ കാണ്ഡം (ദിൻജിത്ത് അയ്യത്താൻ)
കിസ്സ് വാഗൺ (മിഥുൻ മുരളി)
പാത്ത് (ജിതിൻ ഐസക് തോമസ്)
സംഘർഷ ഘടന (കൃഷാന്ത് ആർ കെ)
മുഖക്കണ്ണാടി (സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ)
വിക്ടോറിയ (ശിവരഞ്ജിനി ജെ)
watusi zombie (അബ്രഹാം ഡെന്നിസ്)
സംവിധായകൻ ജിയോ ബേബി, തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാൽ, ഫാസിൽ റസാഖ് എന്നിവരടങ്ങിയ ജൂറിയാണ് സിനിമകൾ തിരഞ്ഞെടുത്തത്.
അതേസമയം, ഐഎഫ്എഫ്ഐ മലയാള വിഭാഗത്തിലേക്ക് കിഷ്കിന്ധാ കാണ്ഡം തിരഞ്ഞെടുത്തതിൽ അഭിമാന നിമിഷമെന്ന് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ. സെലക്ഷൻ ലിസ്റ്റ് പങ്കുവച്ചുകൊണ്ടാണ് മേളയിലേക്ക് തിരഞ്ഞെടുത്ത കാര്യം ദിൻജിത്ത് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്.
’29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞങ്ങളുടെ ‘കിഷ്കിന്ധാ കാണ്ഡം’ മലയാള സിനിമാ വിഭാഗത്തിൽ മത്സരിക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്! കൂടെ നിന്ന എല്ലാവർക്കും നന്ദി’, എന്നാണ് സംവിധായകൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായ കിഷ്കിന്ധാ കാണ്ഡം 70 കോടി കളക്ഷനും നേടിയിരുന്നു. ബാഹുൽ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദിൻജിത്ത് അയ്യത്താനാണ്. വിജയരാഘവൻ, അപർണ ബാലമുരളി, മേജർ രവി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.