Khalid Rahman: ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക
FEFKA Take Action Against Khalid Rahman: കേസിനെ ഗൗരവത്തോടെ എടുക്കുന്നു എന്നും നടപടി സ്വീകരിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ലെന്നും ഫെഫ്ക നേതൃത്വം വ്യക്തമാക്കി. സിനിമാ മേഖലയില്‍ ലഹരി ഉപയോഗിച്ചതില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും
അഷ്‌റഫ് ഹംസയെയും സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് സിബി മലയില്‍ നിര്‍ദേശം നല്‍കി.
കേസിനെ ഗൗരവത്തോടെ എടുക്കുന്നു എന്നും നടപടി സ്വീകരിക്കുന്നതില്‍ വലിപ്പച്ചെറുപ്പമില്ലെന്നും ഫെഫ്ക നേതൃത്വം വ്യക്തമാക്കി. സിനിമാ മേഖലയില്‍ ലഹരി ഉപയോഗിച്ചതില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു.
അതേസമയം, ലഹരി കേസില്‍ ഛായാഗ്രാഹകന്‍ സമീര്‍ താഹിറിനെയും ചോദ്യം ചെയ്യാനാണ് എക്‌സൈസിന്റെ തീരുമാനം. സംഘം ഫ്‌ളാറ്റില്‍ വെച്ച് നിരന്തരം ലഹരി ഉപയോഗിച്ചിരുന്നതായാണ് കണ്ടെത്തല്‍. സമീറിന് ഉടന്‍ തന്നെ നോട്ടീസ് അയച്ച് വിളിപ്പിക്കാനാണ് നീക്കം.




ഞായറാഴ്ച (ഏപ്രില്‍ 28) പുലര്‍ച്ചെയാണ് ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ ഇരുവരുടെയും സുഹൃത്ത് ഷാലിഹ് മുഹമ്മദ് എന്നിവരെ ലഹരി ഉപയോഗത്തിനിടെ എക്‌സൈസ് പിടികൂടിയത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് മൂവരുടെയും പക്കലുണ്ടായിരുന്നത്.
സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു ലഹരി ഉപയോഗം. ശേഷം കസ്റ്റഡിയിലെടുത്ത മൂവരെയും അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂവരെയും വൈദ്യ പരിശോധന നടത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നു.