Aadujeevitham: ആ പ്രയത്നം വെറുതെ ആയില്ല; ഈ നേട്ടം യഥാർത്ഥ നജീബിനും സ്വന്തം, പുരസ്കാര തിളക്കത്തിൽ ആടുജീവിതം
Aadujeevitham Film History:2008 ല്‍ പുറത്തിറങ്ങിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിച്ചവര്‍ക്ക്, ഇതൊരാളുടെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ്യമാണ് എന്ന തിരിച്ചറിയല്‍ ഞെട്ടിക്കുന്നതായിരുന്നു. തങ്ങള്‍ വായിച്ചറിഞ്ഞ കഥ ഒരു ചിത്രാവിഷ്‌കാരം ആവുമ്പോള്‍ എങ്ങനെയായിരിക്കും എന്ന് കാണാനുള്ള ത്വര എല്ലാവര്‍ക്കുമുണ്ടായി.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങുകയാണ് ബ്ലെസിയുടെ ആടുജീവിതം. മികച്ച ജനപ്രിയ ചിത്രം, മികച്ച നടന്‍, മികച്ച സംവിധായകന്‍, അവലംബിത തിരക്കഥ, ശബ്ദ മിശ്രണം, ശരത് മോഹന്‍, മേക്കപ്പ് ആര്‍ടിസ്റ്റ്, പ്രത്യേക ജൂറി പരാമര്‍ശം- കെ ആര്‍ ഗോകുല്‍, മികച്ച ഛായാഗ്രാഹകന്‍, മികച്ച പ്രോസസിംഗ് ലാബ് തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. ഇത്രയും നാളത്തെ കാത്തിരിപ്പിനൊടുവില്‍ അവാര്‍ഡ് സ്വന്തമാക്കുമ്പോള്‍ അതിന് ഇരട്ടി മധുരമുണ്ടായിരിക്കും. ആ ഇരട്ടി മധുരം ആസ്വദിക്കുകയാണ് ബ്ലെസി.
പതിനാറ് വര്‍ഷത്തെ ബ്ലെസിയുടെ കാത്തിരിപ്പാണ് വിജയക്കൊടി പാറിച്ചിരിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബ്ലെസി തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഡെഡിക്കേഷനും കൂടിയായപ്പോള്‍ ചിത്രം വേറെ ലെവലായി.
ആടുജീവിതം സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വലിയ കാത്തിരിപ്പിലായിരുന്നു ആരാധകര്‍, അവസാനം സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇതിന് അവാര്‍ഡ് ഉറപ്പാണെന്ന് കണ്ടവരെല്ലാം പറഞ്ഞു. തന്റെ ശരീരത്തെ ആരെയും തോല്‍പ്പിക്കും തരത്തില്‍ മാറ്റിമറിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഈ ചിത്രത്തിനായി സ്വയം പാകപ്പെട്ടത്.
തന്റെ ആദ്യ സിനിമയിലൂടെ ആരെയും വിസ്മയിപ്പിക്കുന്ന അഭിനയമാണ് ഗോകുല്‍ കാഴ്ച്ചവെച്ചത്. സിനിമ കണ്ടിറങ്ങിയവരെല്ലാം ആ നടനെ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞു. അത്രയ്ക്ക് മനോഹരമായിരുന്നു ഗോകുലിന്റെ അഭിനയം എന്ന് ഇപ്പോള്‍ ജൂറിയും പറഞ്ഞിരിക്കുന്നു.
2008 ല്‍ പുറത്തിറങ്ങിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിച്ചവര്‍ക്ക്, ഇതൊരാളുടെ ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ്യമാണ് എന്ന തിരിച്ചറിയല്‍ ഞെട്ടിക്കുന്നതായിരുന്നു. തങ്ങള്‍ വായിച്ചറിഞ്ഞ കഥ ഒരു ചിത്രാവിഷ്‌കാരം ആവുമ്പോള്‍ എങ്ങനെയായിരിക്കും എന്ന് കാണാനുള്ള ത്വര എല്ലാവര്‍ക്കുമുണ്ടായി.
ജീവിതത്തില്‍ മൂന്ന് വര്‍ഷം നരകതുല്യമായി കടന്ന് പോയപ്പോഴും, പ്രതീക്ഷയോടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന നജീബിന് വേണ്ടി എല്ലാവരും കരഞ്ഞു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാരനായ നജീബ് മുഹമ്മദ് ജീവിതം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയായിരുന്നു അറബിനാട്ടിലേക്ക് ജോലി തേടി പോയത്. അവിടെ നിന്ന് അറബിയുടെ തട്ടിക്കൊണ്ടുപോകലിന് ഇരയാകുകയും മരുഭൂമിയിലെ ആട് ഫാമില്‍ തടവിലാക്കപ്പെടുകയും ചെയ്ത മനുഷ്യന്‍. അദ്ദേഹത്തിന്റെ അതിജീവനമാണ് കഥ പറയുന്നത്.
2008ല്‍ ആടുജീവിതം എന്ന നോവല്‍ വായിക്കുമ്പോള്‍ തന്നെ അതിലെ സിനിമ സാധ്യത ബ്ലെസി തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ നീണ്ട 16 വര്‍ഷത്തെ കഷ്ടപ്പാടിന്റെയും ത്യാഗത്തിന്റെയും കൂടി ഫലമാണ് ആടുജീവിതം എന്ന ചിത്രവും അതിപ്പോള്‍ സ്വന്തമാക്കിയിരിക്കുന്ന അംഗീകാരവും. ബ്ലെസ്സി എന്ന സംവിധായകനില്‍ മലയാളികള്‍ക്ക് വലിയൊരു വിശ്വാസമുണ്ട്. കാഴ്ച, തന്മാത്ര, ഭ്രമരം, പ്രണയം, കളിമണ്ണ് തുടങ്ങി ബ്ലെസ്സി സംവിധാനം ചെയ്ത സിനിമകള്‍ ഒക്കെയും സംസാരിച്ചത് വ്യത്യസ്തമായി ജീവിതങ്ങളാണ്.
കരിയറിന്റെ പതിനാല് വര്‍ഷം ഒരു സിനിമയ്ക്ക് വേണ്ടി മാറ്റി വെക്കുക എന്നത് ചെറിയ കാര്യമല്ല. 2010ല്‍ ആണ് പൃഥ്വി ഈ സിനിമയുടെ ഭാഗാവുന്നത്. ഈ സിനിമ ഏറ്റെടുത്ത നാള്‍ മുതല്‍ അതിനോടും ചിത്രത്തിന്റെ സംവിധായകനോടും അദ്ദേഹം കാണിച്ച നീതി അത് വാക്കുകള്‍ക്കപ്പുറമാണ്. ശാരീരികമായുള്ള മാറ്റം എന്നതിനപ്പുറം, ആ കഥാപാത്രത്തിന് വേണ്ടി ജീവിച്ചു. ആദ്യം കഥാപാത്രത്തിന് വേണ്ടി തന്നാലാവുന്ന വിധം ഭാരം കൂട്ടി. അതിന് ശേഷം 31 കിലോ കുറച്ചു കൊണ്ടുവന്നു. അതൊരു നിസാര കാര്യമല്ല. പുറത്ത് വന്ന ലൊക്കേഷന്‍ ചിത്രങ്ങളും പോസ്റ്ററുകളും എല്ലാം കണ്ട് മറ്റ് ഇന്‍ഡ്‌സ്ട്രികള്‍ പോലും മലയാളത്തിന് മുന്നില്‍ തലതാഴ്ത്തി.
ഒരു നോവല്‍ സിനിമയാക്കുക എന്നാല്‍ അത് വലിയൊരു വെല്ലുവിളി തന്നെയാണ്. അതിനപ്പുറം പതിനാറ് വര്‍ഷം എടുത്ത് ഒരു സിനിമ ചിത്രീകരിയ്ക്കുക എന്ന് പറയുമ്പോള്‍ തന്നെ അതില്‍ എത്രമാത്രം പ്രതിസന്ധികള്‍ സംവിധായകനും അണിയറപ്രവര്‍ത്തകരും നേരിട്ടിരിക്കാം എന്ന് ഊഹിക്കാവുന്നതാണ്. കൊവിഡ് കാലത്ത് അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കപ്പെട്ടതോടെ രണ്ട് മാസത്തിലേറെ സിനിമാ സംഘം ജോര്‍ദ്ദനില്‍ കുടുങ്ങിപ്പോയിരുന്നു.
2018ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ചിത്രീകരണം 2023 ജൂലൈയിലാണ് പൂര്‍ത്തീകരിച്ചത്. 2024 മാര്‍ച്ച 28-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 160 കോടിയോളം രൂപയാണ് ആഗോള കളക്ഷനായി ചിത്രം നേടിയത്.