5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thanmaya Sol: ‘വേട്ടയ്യൻ്റെ കഥ പറഞ്ഞിരുന്നില്ല; എന്റെ ഭാഗം കേട്ടത് വെച്ച് വീട്ടുകാർ തന്നെ അഞ്ചാറ് കഥകൾ മെനഞ്ഞെടുത്തു’; തന്മയ സോൾ

Vettaiyan Movie Child Artist Thanmaya Sol: രജനി സർ അസിസ്റ്റന്റ് ഡയറക്ടർമാർ ഉൾപ്പടെയുള്ളവരെ സാറെന്നാണ് വിളിക്കുന്നത്. അവരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

Thanmaya Sol: ‘വേട്ടയ്യൻ്റെ കഥ പറഞ്ഞിരുന്നില്ല; എന്റെ ഭാഗം കേട്ടത് വെച്ച് വീട്ടുകാർ തന്നെ അഞ്ചാറ് കഥകൾ മെനഞ്ഞെടുത്തു’; തന്മയ സോൾ
തന്മയ സോൾ | Credits: Instagram
nandha-das
Nandha Das | Updated On: 19 Oct 2024 18:39 PM

2022-ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ, മികച്ച ബാല താരത്തിനുള്ള അവാർഡ് നേടിയ പെൺകുട്ടി, തന്മയ സോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്കൂൾ വിട്ടുവരുന്ന കുട്ടിയോട് അവാർഡ് കിട്ടിയ വിവരം പറയുമ്പോൾ ആ കുഞ്ഞു മുഖത്തിലെ സന്തോഷം വിടരുന്നതിന്റെ വീഡിയോ അന്ന് വലിയ വൈറൽ ആയിരുന്നു. ഇപ്പോഴിതാ, ‘വേട്ടൈയ്യനിൽ’ രജനികാന്ത്, അമിതാഭ് ബച്ചൻ തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ കൂടെ അഭിനയിച്ച് വീണ്ടും ശ്രദ്ദേയമായിരിക്കുകയാണ് താരം. തന്റെ സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് തന്മയ സോൾ ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.

‘വഴക്കി’ലേക്ക് എത്തിയത്

എന്റെ അച്ഛനായിരുന്നു വഴക്കിന്റെ അസ്സോസിയേറ്റ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരാവശ്യത്തിനായി എന്റെ വീട്ടിൽ വന്നിരുന്നു. സർ വരുന്ന സമയത്ത് ഞാൻ സാധാരണ വേഷത്തിൽ വീട് തൂത്തുകൊണ്ട് ഇരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അഭിനയിക്കാൻ അറിയുമോ എന്നാണ് ആദ്യം ചോദിച്ചത്. പിന്നീട് എന്നെ ഓഡിഷന് വിളിപ്പിച്ചു. അങ്ങനെയാണ് വഴക്കിലെത്തിപ്പെട്ടത്.

സിനിമ കരിയറിൽ സനൽ കുമാറിന്റെ റോൾ

ചേച്ചിയുടെ ഷോർട്ട് ഫിലിമിലൂടെയാണ് അഭിനയം ആരംഭിക്കുന്നതെങ്കിലും സാറിന്റെ കൂടെ വർക്ക് ചെയ്യാൻ തുടങ്ങിയപ്പോഴാണ് സിനിമ കുറച്ചുകൂടി കാര്യമായി എടുക്കാൻ ആരംഭിച്ചത്. സർ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്നു. അഭിനയം മെച്ചപ്പെടുത്താൻ സാറിന്റെ ട്രെയിനിങ് ഒരുപാട് സഹായിച്ചു. എന്റെ ഉള്ളിലെ കഴിവ് കണ്ടുപിടിച്ചതും അത് രൂപപ്പെടുത്തിയെടുത്തതും സനൽ സാറാണ്.

പുതിയ വിശേഷം ‘വേട്ടൈയ്യൻ’

വേട്ടൈയ്യൻ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ‘വഴക്ക്’ കണ്ടിരുന്നു. അങ്ങനെ അവർ എന്നെ വിളിച്ച് തമിഴിൽ സംസാരിക്കുന്ന ഒരു വീഡിയോ അയച്ചു തരാൻ ആവശ്യപ്പെട്ടു. തുടർന്ന്, തിരുവനന്തപുരത്ത് വെച്ച് ഒരു ഓഡീഷനും ഉണ്ടായിരുന്നു. അതുവഴിയാണ് ഞാൻ വേട്ടൈയ്യനിലേക്ക് എത്തുന്നത്. ഇതിനും സനൽ കുമാർ സാറിനോടാണ് നന്ദി പറയാനുള്ളത്, കാരണം വഴക്കിലൂടെയാണ് എനിക്ക് ഈ അവസരവും ലഭിക്കുന്നത്.

Thanmaya Sol in Vettaiyan Location

വേട്ടൈയ്യൻ ലൊക്കേഷനിൽ തന്മയ. (Image Credits: Thanmaya Instagram)

ഭാഷ ഒരു പ്രശ്നമായിരുന്നോ?

എനിക്ക് തമിഴ് അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ, ഒരുപാട് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കേണ്ടി വന്നു. നിരവധി തമിഴ് സിനിമകൾ കണ്ടു. ചിത്രത്തിൽ എനിക്കുവേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത് വേറൊരു ആർട്ടിസ്റ്റാണ്. എങ്കിലും, ചില ചെറിയ സീനുകൾക്ക് ഞാൻ തന്നെ ശബ്ദം നൽകിയിട്ടുണ്ട്.

ALSO READ: റിയൽ ലൈഫിൽ അജയനുമായി യാതൊരു ബന്ധവുമില്ല, അരുൺ ആണ് രണ്ടാളും; റെക്സാ ബ്രദേഴ്സ് സംസാരിക്കുന്നു

സൂപ്പർ താരങ്ങളുടെ കൂടെ അഭിനയിച്ചപ്പോൾ

രജനികാന്ത് സാറിന്റെ കൂടെയും അമിതാഭ് ബച്ചൻ സാറിന്റെ കൂടെയും അഭിനയിക്കാൻ സാധിച്ചത് വലിയൊരു അനുഭവമായിരുന്നു. ചിത്രത്തിലെ എന്റെ ആദ്യ ഷോട്ട് തന്നെ രജനി സാറിന്റെ കൂടെയായിരുന്നു. അന്ന് ഞാൻ സിനിമ അധികം ആസ്വദിക്കുന്ന ആളായിരുന്നില്ല. അതുകൊണ്ട് തന്നെ സാറിന്റെ ഒരുപാട് സിനിമകൾ ഒന്നും കണ്ടിരുന്നില്ല. ജെയ്ലർ ആയിരുന്നു അവസാനം കണ്ടത്. ഷൂട്ടിംഗ് ആരംഭിച്ച് രണ്ടാമത്തെ ദിവസമാണ് ഞാൻ സാറിനെ കുറിച്ച് ഗൂഗിളിൽ നോക്കുന്നതും കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നതും.

അവരിൽ നിന്നും പഠിച്ചൊരു കാര്യം

അവരോട് എനിക്ക് ഒരുപാട് ബഹുമാനം തോന്നി. രജനി സർ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാർ ഉൾപ്പടെയുള്ളവരെ സാറെന്നാണ് വിളിക്കുന്നത്. അത് കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി. അതിന് ശേഷമാണ് സാറിന്റെ കൂടുതൽ സിനിമകൾ കാണാൻ ആരംഭിച്ചത്. എനിക്കൊരു നോട്ട്ബുക്കുണ്ട്, അതിൽ ഞാൻ സാറിന്റെ സിനിമകൾ കുറിച്ച് വെച്ചിട്ടുണ്ട്. ഓരോന്ന് കണ്ടുതീരുമ്പോഴും ഞാൻ അതിന് നേരെ ടിക്ക് ഇടും. ഷൂട്ടിംഗ് സമയത്ത് സാറിനെ കുറിച്ച് അധികം അറിയാതിരുന്നതിനാൽ, കൂടുതൽ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. സാറിന്റെ സിനിമകൾ കണ്ടപ്പോഴാണ്, ഒന്നുകൂടി അവസരം കിട്ടിയിരുന്നെങ്കിൽ സാറിനോട് സിനിമകളെ കുറിച്ച് കൂടുതൽ സംസാരിക്കാമായിരുന്നു എന്ന് തോന്നിയത്.

ഷൂട്ടിങ് അനുഭവം

ആദ്യം സെറ്റിൽ എത്തിയപ്പോൾ ലൈറ്റും സെറ്റുമെല്ലാം കണ്ടപ്പോൾ ചെറുതായൊന്ന് പേടിച്ചു. പക്ഷെ സംവിധായകൻ ജ്ഞാനവേൽ സർ എനിക്ക് ധൈര്യം തന്നു. ആദ്യ ഷോട്ട് രജനി സാറിന്റെയും അമിതാഭ് സാറിന്റെയും കൂടെ ആയിരുന്നു. ആദ്യം കുറച്ച് ടെൻഷൻ ഉണ്ടായിരുന്നെങ്കിലും ഷൂട്ടിങ് ആരംഭിച്ചപ്പോൾ എല്ലാം നല്ലരീതിയിൽ മുന്നോട്ട് പോയി. ചിത്രത്തിലെ എന്റെ കഥാപാത്രം വടചെന്നൈ അടിസ്ഥാനമാക്കിയുള്ളതാണ്. ആ പ്രദേശത്തു സംസാരിക്കുന്ന തമിഴ് കുറച്ച വ്യത്യാസമാണ്. അതിനായി മാത്രം ഒരു വർക്ക്ഷോപ്പ് ഉണ്ടായിരുന്നു. വടചെന്നൈയിൽ വെച്ചതും കുറച്ച് നാൾ ഷൂട്ടിംഗ് ഉണ്ടായിരുന്നു. സിനിമയിൽ എന്റെ അമ്മയായി അഭിനയിച്ച വാസന്തി (ഏജന്റ് ടീന) മാമിന്റെ കൂടെയുള്ള അനുഭവവും നല്ലതായിരുന്നു. ഒഴിവ് ദിവസം ഞങ്ങൾ മാമിന്റെ വീട്ടിൽ പോയി ബിരിയാണി ഒക്കെ കഴിച്ചു. മൊത്തത്തിൽ സെറ്റ് നല്ല കംഫർട്ടബിൾ ആയിരുന്നു.

സിനിമ കണ്ടപ്പോൾ എന്ത് തോന്നി

വേട്ടൈയ്യൻ ഒരു വലിയ സിനിമ ആയതുകൊണ്ടുതന്നെ കഥ എന്നോട് പറഞ്ഞിരുന്നില്ല. എന്റെ ഭാഗം മാത്രമാണ് വിശദീകരിച്ചു തന്നത്. എന്റെ ഭാഗം കേട്ടത് വെച്ച് ഇവിടെ വീട്ടിലുള്ളവർ സ്വയം അഞ്ചാറ് കഥകൾ മെനഞ്ഞെടുത്തിരുന്നു. അത്രയും ആവേശത്തിലായിരുന്നു എല്ലാവരും. എനിക്ക് കഥയറിയില്ലെങ്കിലും എന്റെ കഥാപാത്രത്തെ കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നു. അങ്ങനെയാണ് അഭിനയിച്ചത്. ചിത്രം തീയേറ്ററിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നിയെങ്കിലും, ചില ഭാഗങ്ങൾ കണ്ടപ്പോൾ അഭിനയം കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു, ഒരവസരം കൂടി ലഭിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നെല്ലാം തോന്നി.

Thanmaya Sol With Rajanikanth and Amitabh Bachchan

അമിതാഭ് ബച്ചനും രജനികാന്തിനുമൊപ്പം തന്മയ. (Image Credits: Thanmaya Instagram)

കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ

ഓരോ കഥാപാത്രങ്ങൾക്കും വേണ്ടി സ്വയം പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്താറില്ല. കഴിഞ്ഞ രണ്ട് സിനിമകൾക്കും എന്നെ സഹായിക്കാൻ ആളുകളുണ്ടായിരുന്നു. വഴക്കിൽ സനൽ കുമാർ സർ ഉണ്ടായിരുന്നത് പോലെ വേട്ടൈയ്യനിൽ കാസ്റ്റിംഗ് ഡയറക്ടർ സൂരി സർ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് തമിഴ് അറിയാത്തത് കൊണ്ടുതന്നെ ഷൂട്ടിങ്ങിന്റെ ആദ്യം മുതൽ അവസാനം വരെ സർ കൂടെത്തന്നെ ഉണ്ടായിരുന്നു.

ALSO READ: ‘ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കണ്ട് രാജമൗലിയുടെ ടീമില്‍ നിന്നും വിളിച്ചു, ഞാൻ കട്ടപ്പയുടെ ഡയലോഗ് പറഞ്ഞു’: വിവേക് ഗോപൻ

ആദ്യ രണ്ട് സിനിമയുടെയും വിജയം സമ്മർദ്ദം വർധിപ്പിച്ചോ?

സിനിമയെ സംബന്ധിച്ചുള്ള കാര്യങ്ങൾ കൂടുതലും കൈകാര്യം ചെയ്യുന്നത് വീട്ടുകാരാണ്. ഞാൻ എന്റെ ഭാഗം കൃത്യമായി ചെയ്യാൻ നോക്കാറുണ്ട്. ഞാൻ സ്വയം തീരുമാനങ്ങൾ എടുക്കാറില്ലെങ്കിലും, എന്റെ അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. പിന്നീട് വീട്ടിലുള്ളവർ എല്ലാവരും ചേർന്ന് ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നത്. അതുകൊണ്ട് തന്നെ സമ്മർദ്ദം അനുഭവപ്പെട്ടിട്ടില്ല. സന്തോഷം മാത്രം.

മറക്കാനാവാത്ത അഭിനന്ദനം

വഴക്കിന് സംസ്ഥാന അവാർഡ് ലഭിച്ചപ്പോൾ സൂരജ് വെഞ്ഞാറമൂട് സർ എന്റെ നമ്പർ തിരഞ്ഞു കണ്ടുപിടിച്ച് വിളിച്ച് അഭിനന്ദനങൾ അറിയിച്ചിരുന്നു. അതൊരിക്കലും മറക്കാൻ കഴിയില്ല. അതുപോലെ തന്നെ വേട്ടൈയ്യൻ ഷൂട്ടിംഗ് സെറ്റിൽ വെച്ച് രജനി സാർ ഞാൻ അഭിനയിച്ചത് നന്നായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. കാരണം സാറിന്റെ സിനിമകൾ കണ്ടതോടെ ഞാൻ രജനി ഫാനായി. സാറാണ് ഇപ്പോൾ എന്റെ റോൾ മോഡൽ.

പഠനവും സിനിമയും

ഞാനിപ്പോൾ തിരുവനന്തപുരം പട്ടം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. വേട്ടൈയ്യന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ പ്രകാരമായിരുന്നു. മൊത്തം 20 ദിവസത്തെ ഷൂട്ടിംഗ് ആണ് ഉണ്ടായിരുന്നത്. ഷൂട്ടിംഗ് കാരണം അധികം ക്ലാസുകൾ വിട്ടുപോയിട്ടില്ലെങ്കിലും, വർക്ക്ഷോപ്പ് ഉണ്ടായിരുന്ന സമയത്ത് കുറച്ച് ക്ലാസുകൾ മിസ്സായി. പക്ഷെ, അവിടുത്തെ ടീച്ചർമാർ നല്ല സപ്പോർട്ടാണ്. അവർ ഒരുപാട് സഹായിച്ചിട്ടുണ്ട്.

അച്ഛന്റെ പുതിയ സിനിമ ‘വാഴ’ കണ്ടപ്പോൾ

‘വാഴ’ നമ്മുടെ കുടുംബത്തിൽ തന്നെ ഏറ്റവും സ്പെഷ്യൽ സിനിമയാണ്. ചിത്രത്തിൽ കലാമിന്റെ വേഷം ചെയ്തിരിക്കുന്നത് എന്റെ അച്ഛൻ അരുൺ സോളാണ്. മൂസയുടെ ചെറുപ്പം അഭിനയിച്ചത് എന്റെ കസിൻ അർജുനാണ്. ഇവർക്ക് പുറമെ നമുക്ക് പരിചയമുള്ള ഒരുപാട് പേർ ആ സിനിമയിൽ ഉണ്ടായിരുന്നു. ആ ചിത്രത്തിന് വേണ്ടി ഒരുപാട് ആവേശത്തോടെയാണ് കാത്തിരുന്നത്. ‘വാഴ’ റീലീസാവുന്ന സമയത്ത് സ്കൂളിൽ പാർലമെൻററി ഇലക്ഷൻ നടക്കുന്നുണ്ടായിരുന്നു. സിനിമ പ്രമോട്ട് ചെയ്യാനായി ഞാൻ എന്റെ ചിഹ്നം വാഴ എന്ന് പറഞ്ഞു ഒരു പാർട്ടിയടക്കം രൂപീകരിച്ചിരുന്നു. എന്റെ സുഹൃത്തുക്കളോടും സിനിമ തീയറ്ററിൽ പോയി കാണാൻ പറഞ്ഞിരുന്നു. സിനിമ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ആഗ്രഹിച്ച പോലെ സിനിമ നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എനിക്ക് അഭിമാനത്തോടെ പറയാം ‘വാഴയിലെ കലാമിന്റെ മകളാണ് ഞാനെന്ന്’.

ഏറ്റവും വലിയ പ്രചോദനം

അച്ഛഛനും അച്ഛമ്മയും നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ, അച്ഛഛൻ ‘ഫാലിമി’ എന്ന ചിത്രത്തിലും ഒരു വേഷം ചെയ്തിട്ടുണ്ട്. സിനിമ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്. വൈകീട്ട് ചായ കുടിക്കുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്ന് സിനിമ ചർച്ച ചെയ്യാറുണ്ട്. വീട്ടിലുള്ള ഒട്ടുമിക്ക പേരും സിനിമയുമായി ബന്ധമുള്ളവരാണ്. പക്ഷെ അമ്മയുടെ കുടുംബം കൂടുതലും വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. എങ്കിലും അമ്മയ്ക്ക് സിനിമ ഒരുപാട് ഇഷ്ടമാണ്. അച്ഛനും ചേച്ചിയും തിരഞ്ഞെടുത്ത് മാത്രം സിനിമകൾ കാണുമ്പോൾ, അമ്മ എല്ലാത്തരം സിനിമകളും കണ്ട് അഭിപ്രായം പറയും. അമ്മയാണ് എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയുന്നത്. ചെന്നൈയിൽ ഷൂട്ടിങ് ഉണ്ടായിരുന്നപ്പോൾ കൂടെവന്നതും അമ്മയായിരുന്നു. ‘അമ്മ തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം.

പുതിയ വിശേഷങ്ങൾ

ജിന്റോ തോമസ് സംവിധാനം ചെയ്യുന്ന ‘ഇരുനിറം’ ആണ് അടുത്ത ചിത്രം. ജിന്റോ സർ കോഴിക്കോട് നിന്നുമാണ് തിരുവനന്തപുരത്തെ എന്റെ വീട്ടിലെത്തി കഥ പറയുന്നത്. കഥ കേട്ടപ്പോൾ തന്നെ ഞാൻ കരഞ്ഞുപോയി. ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയുള്ളതാണ് ചിത്രം. ഒരു കുട്ടിയുടെ കഥപറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. അതല്ലാതെ, മറ്റൊരു പ്രൊജക്റ്റ് കൂടി വരാനുണ്ട്. നിലവിൽ, അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല.

Latest News