5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committee Report: ഇനിയുമാരെല്ലാം? ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി

Kerala Government Submits Hema Committee Report to SIT: ഇതുവരെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, റിപ്പോർട്ടിന്റെ പൂർണ രൂപം അന്വേഷണ സംഘത്തിന് കൈമാറിയതോടെ ഇനി റിപ്പോർട്ടിൽ പേരുള്ളവർക്കെതിരെ മൊഴികളോ തെളിവുകളോ ലഭിച്ചാൽ കേസെടുക്കാം.

Hema Committee Report: ഇനിയുമാരെല്ലാം? ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറി
ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നു
nandha-das
Nandha Das | Updated On: 12 Sep 2024 10:37 AM

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഹൈക്കോടതി നിർദേശം ലഭിച്ചതിനെ തുടർന്നാണ് റിപ്പോർട്ട് കൈമാറിയത്. അതിനിടെ, കേസുകളിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. വെളിപ്പെടുത്തലുകളിൽ കേസെടുക്കുന്ന കാര്യം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ന് തീരുമാനം എടുക്കും.

ഹൈക്കോടതി നിർദേശ പ്രകാരം, പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു സത്യവാങ്മൂലം സർക്കാർ നൽകണം. ഇതിനു ശേഷമായിരിക്കും കോടതി ഹേമ കമ്മിറ്റി റിപ്പോർട്ട് പരിശോധിക്കുക. ഒക്ടോബർ മൂന്നിന് ഹൈക്കോടതി വീണ്ടും വിഷയം പരിഗണിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റകൃത്യങ്ങളിൽ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടത്. റിപ്പോർട്ടിൽ ശക്തമായ നടപടി വേണമെന്ന കാര്യം സർക്കാരിനെ അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പിന് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.

റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള കുറ്റകൃത്യങ്ങളിൽ പ്രത്യേക അന്വേഷണ സംഘവും മറ്റ് വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളും നടപടിയെടുക്കണം. സ്വീകരിക്കുന്ന നടപടി ഇരകളുടെയും ആരോപണവിധേയരുടെയും അവകാശത്തെ നിഷേധിച്ച് കൊണ്ടുള്ളതാവരുത്. ഈ വിഷയത്തിൽ മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. അതെ സമയം, റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറിയതോടെ റിപ്പോർട്ടിൽ പറയുന്ന സിനിമ പ്രവർത്തകർക്കെതിരെ കേസെടുക്കേണ്ടതായി വരും. ഇതുവരെ, വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു കേസ് എടുത്തിരുന്നത്. എന്നാൽ, ഇനി റിപ്പോർട്ടിൽ പേരുള്ളവർക്കെതിരെ മൊഴികളോ തെളിവുകളോ ലഭിച്ചാൽ കേസെടുക്കാം.

ALSO READ: നിർമാതാക്കളുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തയച്ചത് ഞങ്ങളുമായി ചർച്ച ചെയ്യാതെ; വിമർശനവുമായി സാന്ദ്രാ തോമസ്

മാധ്യമങ്ങളിലൂടെ നിരവധി താരങ്ങൾ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി ശേഖരിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത്, അല്ലാതെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അല്ലായിരുന്നു. ഇതുവരെ 23 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ബാഹ്യമായി പുറത്ത് വന്ന റിപ്പോർട്ടിൽ ചില വ്യക്തത കുറവുകളുണ്ട്. എന്നാൽ, പൂർണ രൂപത്തിലുള്ള റിപ്പോർട്ട് ലഭിക്കുന്നതോടെ മൊഴി നൽകിയവരുടെ പേരുകൾ, ആർക്കെതിരെയാണ് മൊഴിനൽകിയത് തുടങ്ങിയ വിവരങ്ങളിൽ കൂടുതൽ വ്യക്തത വരും. അതിനാൽ, റിപ്പോർട്ട് പരിശോധിച്ച ശേഷം പരാതിക്കാരിൽ നിന്നും അന്വേഷണ സംഘത്തിന് വീണ്ടും മൊഴിയെടുക്കേണ്ടതായി വരും. അതിനു ശേഷമായിരിക്കും കേസെടുക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുക. പ്രായപൂർത്തിയാവാത്തവരും ചൂഷണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ഉള്ളതിനാൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുന്നതിന്റെ സാധ്യതകളും പരിശോധിക്കും.

ഹേമ കമ്മിറ്റി റിപ്പോർട്ട് സമ്പൂർണ രൂപത്തിൽ കൈമാറിയതോടെ ഇനി ഏതൊക്കെ കാര്യങ്ങളിൽ കേസെടുക്കാനാകും, ഏതിലൊക്കെ കേസെടുക്കാനാവില്ല തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ടാകും രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കുക. റിപ്പോർട്ടിൽ മൊഴി രേഖപ്പെടുത്തിയിട്ടുള്ള വ്യക്തികളെ ബന്ധപ്പെട്ട്, അവർ പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറാണോയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. തിരുവനന്തപുരത്ത് ചേരുന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യും.