'തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു'; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി | Kaviyoor Ponnamma Demise CM Pinarayi Vijayan Pays Condolences To Veteran Malayalam Actress Malayalam news - Malayalam Tv9

Kaviyoor Ponnamma : ‘തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു’; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

Updated On: 

20 Sep 2024 20:35 PM

Kaviyoor Ponnamma Pinarayi Vijayan : കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്നമ്മയുടെ വിയോഗത്തിൽ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Kaviyoor Ponnamma : തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

കവിയൂർ പൊന്നമ്മ, പിണറായി വിജയൻ (Image Courtesy - Pinarayi Vijayan Facebook)

Follow Us On

നടി കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിളക്കമുള്ള ഒരു അദ്ധ്യായത്തിന് തിരശ്ശീല വീണു എന്ന് മുഖ്യമന്ത്രി കുറിച്ചു. കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു എന്നും മുഖ്യമന്ത്രി തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. കുറച്ചുസമയം മുൻപാണ് കവിയൂർ പൊന്നമ്മ മരണപ്പെട്ടത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു പൊന്നമ്മ.

Also Read : Kaviyoor Ponnamma : അമ്മക്കുപ്പായത്തിൽ മാത്രമല്ല, കവിയൂർ പൊന്നമ്മ നായികാവേഷങ്ങളിലും തിളങ്ങിയ നടി

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയിൽ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകൾ അവർ അർപ്പിച്ചു.

കവിയൂർ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളർന്നതും കേരളത്തിൻ്റെ പുരോഗമന സാംസ്കാരിക മുന്നേറ്റത്തിൽ നിർണ്ണായക പങ്കു വഹിച്ച കെപിഎസിയിലാണ്. തുടർന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവർത്തിച്ച അവർ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളിൽ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

തുടർന്ന് അവർ വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രഗത്ഭരായ സംവിധായകരുടെ സിനിമകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവർ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങൾ മലയാളികളിൽ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കവിയൂർ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.

മലയാള സിനിമയുടെയും നാടകലോകത്തിൻ്റേയും ചരിത്രത്തിൽ തൻ്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂർ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തൻ്റെ കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.

കൊച്ചി ലിസി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സിയിലായിരുന്ന കവിയൂർ പൊന്നമ്മ അല്പസമയം മുൻപാണ് മരണപ്പെട്ടത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്നു. തുടർന്ന് കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു ഇവർ. 1958ൽ മേരിക്കുട്ടി എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ അഭിനയജീവിതം ആരംഭിച്ചത്. 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഇവർ അവസാനമായി അഭിനയിച്ചത്.

സെപ്തംബർ 21, നാളെയാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം സംസ്കരിക്കുക. നാളെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലിന് ആലുവയിലെ വീട്ടിൽ വച്ചാവും സംസ്കാരം.

Also Read : Kaviyoor Ponnamma Death: ‘അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല, മാപ്പ്’; കവിയൂർ പൊന്നമ്മയ്ക്ക് അനുശോചനം അറിയിച്ച് നടി നവ്യ നായർ

മോഹൻലാലിൻ്റെ അമ്മയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പൊന്നമ്മ 1962ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിൽ മണ്ഡോദരിയെ അവതരിപ്പിച്ച് ആദ്യമായി ഒരു സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 1945 സെപ്തംബർ 10ന് തിരുവല്ല കവിയൂറിൽ ടിപി ദാമോദരൻ, ഗൗരി ദമ്പതിമാരുടെ ഏഴ് മക്കളിൽ ഏറ്റവും മുതിർന്നയാളായാണ് പൊന്നമ്മ ജനിച്ചത്. 1969ൽ നിർമാതാവ് മണിസ്വാമിയെ വിവാഹം കഴിച്ചു. 2011ൽ മണിസ്വാമി മരണപ്പെട്ടു.

എഴുപത് വർഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതത്തിൽ 700ലധികം സിനിമകളിലാണ് കവിയൂർ പൊന്നമ്മ അഭിനയിച്ചത്. ഏറ്റവും കൂടുതൽ മലയാള സിനിമയിൽ അഭിനയിച്ച നടിമാരിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. തൻ്റെ 17ആം വയസിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ പൊന്നമ്മ 19ആം വയസിൽ തന്നെ അമ്മയായി അഭിനയിച്ചു. 1964ൽ കുടുംബിനി എന്ന ചിത്രത്തിലാണ് കവിയൂർ പൊന്നമ്മ ആദ്യമായി അമ്മ വേഷത്തിലെത്തിയത്. തൊട്ടടുത്ത വർഷം തൊമ്മൻ്റെ മക്കൾ എന്ന സിനിമയിൽ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി പൊന്നമ്മ അഭിനയിച്ചു. അതേവർഷം തന്നെ സത്യൻ്റെ നായികയായും പൊന്നമ്മ വേഷമിട്ടു.

Related Stories
Big Ocean K-Pop: കുറവിനെ കരുത്താക്കിയ മൂന്ന് ചെറുപ്പക്കാര്‍; അറിയാം ബിഗ് ഓഷ്യൻ എന്ന സംഗീത ബാൻഡിനെ കുറിച്ച്
Kaviyoor Ponnamma: ‘മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ജീവിക്കുക തന്നെയായിരുന്നു’; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ വിതുമ്പുന്ന വാക്കുകളുമായി മോഹൻലാൽ
Kaviyoor Ponnamma: Kaviyoor Ponnamma: ‘ഇങ്ങനെയൊരു അമ്മയെ ഇനി മലയാള സിനിമയ്ക്ക് കിട്ടുമോ?’; കവിയൂർ പൊന്നമ്മയുടെ വിയോഗം വേദനിപ്പിക്കുന്നതെന്ന് ജയറാം
Kaviyoor Ponnamma : ഒറ്റ വാചകത്തിൽ ആദരാഞ്ജലി; കവിയൂർ പൊന്നമ്മയുടെ മരണത്തിൽ വാക്കുകൾ നഷ്ടപ്പെട്ട് ‘മമ്മൂസ്’
Kaviyoor Ponnamma Death: ‘അവസാന സമയത്ത് ഒന്ന് വന്നു കാണാൻ സാധിച്ചില്ല, മാപ്പ്’; കവിയൂർ പൊന്നമ്മയ്ക്ക് അനുശോചനം അറിയിച്ച് നടി നവ്യ നായർ
Kaviyoor Ponnamma : അമ്മക്കുപ്പായത്തിൽ മാത്രമല്ല, കവിയൂർ പൊന്നമ്മ നായികാവേഷങ്ങളിലും തിളങ്ങിയ നടി
ദിവസവും തൈര് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ ഇവ ഒഴിവാക്കാം
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
Exit mobile version