Kaviyoor Ponnamma: ‘ബിന്ദുവിന് ഒരു മാസം വലിയ തുക വരുമാനം ഉണ്ട്, അത് ഇട്ടെറിഞ്ഞ് വരാന്‍ പറ്റില്ല’; വിശദീകരണവുമായി പൊന്നമ്മയുടെ സഹോദരന്‍
Kaviyoor Ponnamma Daughter Issue: സോഷ്യല്‍ മീഡിയയില്‍ ബിന്ദു നോക്കിയില്ല എന്ന വാര്‍ത്തകളാണ് വരുന്നത്. ഇതെല്ലാം തെറ്റാണ്, ബിന്ദു നോക്കിയില്ല എന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. അമ്മ തനിക്ക് മുലപാല് പോലും തന്നില്ലെന്ന ബിന്ദുവിന്റെ വാദം തെറ്റാണെന്നും പൊന്നമ്മയുടെ സഹോദരന്‍ പറഞ്ഞു.
നടി കവിയൂര്‍ പൊന്നമ്മയുടെ (Kaviyoor Ponnamma) വിയോഗം മലയാള സിനിമാ മേഖലയ്ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാവരുടെയും അമ്മയാണ് വിട പറഞ്ഞിരിക്കുന്നത്. പൊന്നമ്മ സ്‌നേഹിക്കാത്ത മക്കളും പൊന്നമ്മയെ സ്‌നേഹിക്കാത്ത മക്കളും മലയാള സിനിമയിലില്ല. എല്ലാവിധ ബഹുമതികളോടും കൂടിയാണ് കേരളം പൊന്നമ്മയ്ക്ക് യാത്രാമൊഴിയേകിയത്. എന്നാല്‍ ഈ സമയത്തെല്ലാം ചര്‍ച്ചയായത് ഒരേയൊരു പേരാണ്, കവിയൂര്‍ പൊന്നമ്മയുടെ മകളുടേത്. പൊന്നമ്മയുടെ മകള്‍ ബിന്ദുവിനെ ആശുപത്രിയിലോ അത് കഴിഞ്ഞ് പൊതുദര്‍ശന വേളയിലോ സംസ്‌കാര ചടങ്ങുകളിലോ കാണാതിരുന്നത് എല്ലാവരിലും അല്‍പം കൗതുകം ഉണര്‍ത്തിയിരുന്നു.
അമേരിക്കയിലാണ് ബിന്ദു സ്ഥിരതാമസമാക്കിയിരിക്കുന്നത്. അമ്മയും മകളും തമ്മില്‍ അത്ര സുഖരമായ ബന്ധമല്ല ഉള്ളതെന്ന് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് എണ്ണ പകരുന്ന പല വാക്കുകളും പൊന്നമ്മ നല്‍കിയ അഭിമുഖങ്ങളിലും ഉണ്ടായിരുന്നു.
ജെബി ജംങ്ഷനില്‍ പൊന്നമ്മ പറഞ്ഞ വാക്കുകള്‍ ചൂടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പല ചര്‍ച്ചകളും നടന്നിരുന്നത്. അമ്മ തന്നെ നോക്കിയിട്ടില്ലെന്നാണ് പൊന്നമ്മയുടെ മകളായ ബിന്ദു ആ ഷോയ്ക്കിടെ പറഞ്ഞിരുന്നത്. കഷ്ടം, ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ട്. പിന്നെ ഭക്ഷണം കഴിക്കണമെങ്കില്‍ താന്‍ ജോലി ചെയ്യണമായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ എല്ലാം മനസിലാക്കണമെന്നില്ല. പക്ഷെ വലുതായപ്പോഴും ഭയങ്കര ശാഠ്യമാണ് എന്ന് താരം മറുപടി നല്‍കുകയും ചെയ്തു.
ഉള്ള സമയം ഉള്ളതുപോലെ വാരിക്കോരി സ്നേഹം കൊടുത്തിട്ടുണ്ട്. അവള്‍ക്ക് ശാഠ്യം ഇപ്പോഴുമുണ്ട്. ആ പരിഭവം ഒരിക്കലും മാറില്ല. അതില്‍ ദുഃഖം ഒന്നുമില്ല. ഇടയ്ക്ക് നോക്കിയിട്ടില്ല, ഇടയ്ക്ക് നോക്കാന്‍ പറ്റിയിട്ടില്ല എന്നത് സത്യമാണല്ലോ. പറയാന്‍ പാടില്ലാത്തതാണ് എന്നാലും പറയാം എട്ടാം മാസം വരെയേ പാല് കൊടുത്തിട്ടൊള്ളുവെന്നും പൊന്നമ്മ അന്ന് പറഞ്ഞിരുന്നു.
ഈ രംഗം വീണ്ടും ചര്‍ച്ചയായതോടെ പൊന്നമ്മയുടെ മകള്‍ ആശുപത്രിയില്‍ പോലും എത്തിയില്ലെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇതേകുറിച്ച് പ്രതികരിക്കുകയാണ് പൊന്നമ്മയുടെ സഹോദരന്‍ ഗണേശന്‍. കേരളീയം ന്യൂസിനോടായിരുന്നു പ്രതികരണം. ബിന്ദു, അമ്മയോടൊപ്പം ഒന്നൊന്നര മാസം ഉണ്ടായിരുന്നുവെന്നാണ് ഗണേശന്‍ പറയുന്നത്.
‘ബിന്ദു യുഎസിലാണ്. ഒന്നൊന്നരമാസം അമ്മയുടെ കൂടെ ഉണ്ടായിരുന്നു. പിന്നീട് വീണ്ടും വന്ന് അഞ്ച് ദിവസം നിന്നാണ് തിരിച്ച് പോയത്. അതിന്റെ രണ്ടാം ദിവസമാണ് മരണം. വലിയ റിസ്‌ക്കെടുത്തിട്ടാണ് ഒന്നൊന്നര മാസം ഇവിടെ നില്‍ക്കുന്നത്. എപ്പോഴും വന്ന് നില്‍ക്കാന്‍ സാധിക്കുന്ന സാഹചര്യമല്ല. അമ്മയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടാണ് കൊച്ച് പോയത്.
അവള്‍ക്ക് അവിടെ ഒരു മകനുണ്ട്. അവനെ ഒറ്റയ്ക്കാക്കിയാണ് ഇങ്ങോട്ട് വരുന്നത്. മകള്‍ക്ക് ദൂര സ്ഥലത്താണ് ജോലി. ബിന്ദു അവിടുത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറാണ്. കൂടാതെ അവിടുത്തെ പത്രത്തില്‍ എഴുത്തും ഉണ്ട്. അതിന്റെ റോയല്‍റ്റി വക നല്ല വരുമാനവും ഉണ്ട്. ഇടയ്ക്കിടെ വരാന്‍ സാധിക്കില്ല. ആ സാഹചര്യത്തിലാണ് അഞ്ച് ദിവസം ലീവെടുത്ത് ഇവിടെ വന്നത്. എന്നാല്‍ തിരിച്ച് പോയതിന് ശേഷം മരിച്ചു. വീണ്ടും ലീവെടുത്ത് വരാന്‍ പറ്റില്ല,’ ഗണേശന്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ ബിന്ദു നോക്കിയില്ല എന്ന വാര്‍ത്തകളാണ് വരുന്നത്. ഇതെല്ലാം തെറ്റാണ്, ബിന്ദു നോക്കിയില്ല എന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല. അമ്മ തനിക്ക് മുലപാല് പോലും തന്നില്ലെന്ന ബിന്ദുവിന്റെ വാദം തെറ്റാണെന്നും പൊന്നമ്മയുടെ സഹോദരന്‍ പറഞ്ഞു.
ബിന്ദു കൊച്ചുകുട്ടിയായിരുന്നപ്പോള്‍ മുതല്‍ താന്‍ കൂടെയുണ്ട്. ഒരു മകള്‍ക്ക് കൊടുക്കാവുന്ന എന്ന സ്‌നേഹവും പൊന്നമ്മ ബിന്ദുവിന് നല്‍കിയിട്ടുണ്ട്. സ്‌നേഹം കിട്ടിയില്ലെന്ന് പറഞ്ഞാല്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അവള്‍ക്ക് ഷൂട്ടിന് പോകണമായിരുന്നു, വലിയ തിരക്കുള്ള നടിയായിരുന്നു. അതുകൊണ്ട് ബിന്ദുവിനെ നോക്കാന്‍ വേണ്ടി അനിയത്തിയാണ് പോയി നിന്നത്. ബിന്ദു, അമ്മ എന്ന് വിളിച്ചതും അവരെയായിരുന്നു.
നാല് വയസ് വരെ അനിയത്തിയാണ് നോക്കിയത്. പിന്നീട് അവര്‍ക്ക് കല്ല്യാണാലോചന വന്നപ്പോള്‍ തിരിച്ചുപോന്നു. ഇതോടെ ബിന്ദു കരച്ചിലായി, അമ്മ എവിടെ എന്ന് ചോദിച്ച് കൊണ്ടായിരുന്നു ഇതെന്നും ഗണേശന്‍ പറഞ്ഞു.
മരുമകന് ഇന്ത്യയില്‍ ക്ലാസെടുക്കാന്‍ വരണമായിരുന്നു, ഈ സമയത്ത് ഇടയ്ക്കിടെ വന്ന് കണ്ടിട്ടുണ്ട്. ബിന്ദു ഒരു കോടി രൂപയോളം അമ്മയ്ക്ക് വേണ്ടി ചെലവാക്കി. ഇതേക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. സഹോദരിയുടെ മരണത്തിന് പിന്നാലെ ഒരുപാട് തെറ്റായ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.