5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kaviyoor Ponnamma : അമ്മക്കുപ്പായത്തിൽ മാത്രമല്ല, കവിയൂർ പൊന്നമ്മ നായികാവേഷങ്ങളിലും തിളങ്ങിയ നടി

Kaviyoor Ponnamma Female Lead : അമ്മ വേഷങ്ങളിൽ മാത്രമല്ല, കരിയറിൻ്റെ തുടക്കകാലത്ത് നായികാവേഷങ്ങളിലും തിളങ്ങിയ നടിയാണ് കവിയൂർ പൊന്നമ്മ. 19ആം വയസിൽ തന്നെ അമ്മ വേഷത്തിൽ അഭിനയിച്ചെങ്കിലും 70കളിൽ പൊന്നമ്മ നായികയായും അഭിനയിച്ചിട്ടുണ്ട്.

Kaviyoor Ponnamma : അമ്മക്കുപ്പായത്തിൽ മാത്രമല്ല, കവിയൂർ പൊന്നമ്മ നായികാവേഷങ്ങളിലും തിളങ്ങിയ നടി
കവിയൂർ പൊന്നമ്മ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 20 Sep 2024 19:55 PM

17ആം വയസിലാണ് കവിയൂർ പൊന്നമ്മ സിനിമയിൽ അറിയപ്പെടുന്ന വേഷങ്ങൾ ചെയ്തുതുടങ്ങിയത്. തൻ്റെ 19ആം വയസിൽ, 1964ൽ കുടുംബിനി എന്ന ചിത്രത്തിൽ കവിയൂർ പൊന്നമ്മ ആദ്യമായി അമ്മ വേഷത്തിൽ അഭിനയിച്ചു. 20ആം വയസിൽ തൊമ്മൻ്റെ മക്കൾ എന്ന സിനിമയിൽ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി പൊന്നമ്മ അഭിനയിച്ചു. പിന്നീട് കവിയൂർ പൊന്നമ്മയ്ക്ക് അമ്മ വേഷങ്ങളിൽ നിന്ന് മുക്തിയുണ്ടായില്ല. വളരെ വിരളമായി മാത്രമാണ് പൊന്നമ്മ നായികാവേഷങ്ങളിൽ അഭിനയിച്ചത്. ഈ കഥാപാത്രങ്ങളിൽ പലതും വളരെ മികച്ചവയായിരുന്നു.

Also Read : Kaviyoor Ponnamma Death: അമ്മ വേഷങ്ങളിലൂടെ മലയാളി മനസുകളെ കീഴടക്കിയ പൊന്നമ്മ ഇനി ഓർമ്മ

1965ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ സത്യൻ്റെ നായികയായി പൊന്നമ്മ അഭിനയിച്ചു. അതേ വർഷമാണ് തൊമ്മൻ്റെ മക്കൾ എന്ന സിനിമയിൽ അദ്ദേഹത്തിൻ്റെ അമ്മയായും പൊന്നമ്മ വേഷമിട്ടത്. രണ്ട് വേഷങ്ങളും കഥ ആവശ്യപ്പെടുന്ന തരത്തിൽ നന്നായി അവതരിപ്പിക്കാനും പൊന്നമ്മയ്ക്ക് സാധിച്ചു. ഓടയിൽ നിന്ന് എന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഒരു നിർണായക സിനിമയായിരുന്നു. പി കേശവദേവിൻ്റെ ഓടയിൽ നിന്ന് എന്ന നോവലിൻ്റെ സിനിമാവിഷ്കാരമായ ചിത്രം അനശ്വര സംവിധായകൻ കെഎസ് സേതുമാധവനാണ് അണിയിച്ചൊരുക്കിയത്. അനാഥയായ ലക്ഷ്മിയുടെ അമ്മ വേഷമായിരുന്നെങ്കിലും ഒരു ടിപ്പിക്കൽ അമ്മയ്ക്കപ്പുറം കവിയൂർ പൊന്നമ്മ ആ കഥാപാത്രത്തിന് നൽകിയ ഡയമൻഷൻ വളരെ മികച്ചതായിരുന്നു.

അതേവർഷം തന്നെ നായികയായി കവിയൂർ പൊന്നമ്മ അരങ്ങേറി. പ്രേം നസീർ നായകനായ റോസി എന്ന ചിത്രം പിഎൻ മേനോനാണ് സംവിധാനം ചെയ്തത്. സിനിമയിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. പൂർണമായും ഔട്ട്ഡോറിൽ ഷൂട്ട് ചെയ്ത ആദ്യ മലയാള സിനിമയാണ് റോസി. 66ൽ പ്രേം നസീറിനൊപ്പം പിഞ്ചുഹൃദയം, 67ൽ വീണ്ടും പ്രേം നസീറിനൊപ്പം സ്വപ്നഭൂമി, അതേവർഷം സത്യനൊപ്പം പോസ്റ്റ്മാൻ, സഹധർമിണി തുടങ്ങി കുറച്ച് സിനിമകളിൽ നായികാവേഷങ്ങൾ ചെയ്തു. പിന്നീട് ശിക്ഷ, വിത്തുകൾ, അന്വേഷണം, പുത്രകാമേഷ്ഠി, തീർത്ഥയാത്ര, അക്കരപ്പച്ച തുടങ്ങിയ സിനിമകളിലും കവിയൂർ പൊന്നമ്മ നായികയായി അഭിനയിച്ചു. 73ൽ എംടി വാസുദേവൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിർമാല്യം പൊന്നമ്മയുടെ സിനിമാ കരിയറിലെ ശ്രദ്ധേയ വേഷങ്ങളിലൊന്നായിരുന്നു. സിനിമയിൽ കേന്ദ്ര കഥാപാത്രമായ വെളിച്ചപ്പാടിൻ്റെ ഭാര്യയായാണ് പൊന്നമ്മ അഭിനയിച്ചത്. 70കളിൽ നായികയായി വിവിധ സിനിമകളിൽ അഭിനയിച്ചെങ്കിലും അമ്മ വേഷങ്ങളിലായിരുന്നു കവിയൂർ പൊന്നമ്മയുടെ രാശി. 80കളിൽ പൊന്നമ്മയുടെ അഭിനയം കൂടുതലും അമ്മ വേഷങ്ങളിലായി. അത് കരിയറിൻ്റെ അവസാനം വരെ തുടർന്നു. ഷീല, ശാരദ തുടങ്ങിയ നടിമാരുടെ കടന്നുവരവാണ് പൊന്നമ്മയുടെ നായികാവേഷങ്ങൾക്ക് തിരിച്ചടിയായത്. എന്നാൽ, പകരം വെക്കാനാവാത്ത വിധം കവിയൂർ പൊന്നമ്മ അമ്മ വേഷങ്ങളിൽ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായതും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയതും ഇതിൻ്റെ മറുവശം.

അല്പസമയം മുൻപായിരുന്നു കവിയൂർ പൊന്നമ്മയുടെ മരണം. കൊച്ചി ലിസി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സിയിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന പൊന്നമ്മ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. 1958ൽ മേരിക്കുട്ടി എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Also Read : Kaviyoor Ponnamma : പ്രാർഥനകൾ വിഫലം; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

മോഹൻലാലിൻ്റെ അമ്മയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പൊന്നമ്മ 1962ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിൽ മണ്ഡോദരിയെ അവതരിപ്പിച്ചാണ് ആദ്യമായി ഒരു ശ്രദ്ധേയ വേഷം ചെയ്യുന്നത്. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. 1945 സെപ്തംബർ 10ന് ടിപി ദാമോദരൻ, ഗൗരി ദമ്പതിമാരുടെ ഏഴ് മക്കളിൽ ഏറ്റവും മുതിർന്നയാളായി തിരുവല്ല കവിയൂറിലാണ് പൊന്നമ്മ ജനിച്ചത്. 1969ൽ നിർമാതാവ് മണിസ്വാമിയെ വിവാഹം കഴിച്ചു. 2011ൽ മണിസ്വാമി മരണപ്പെട്ടു.

കവിയൂർ പൊന്നമ്മയുടെ മൃതദേഹം സെപ്തംബർ 21, നാളെയാണ് സംസ്കരിക്കുക. സെപ്റ്റംബർ 21ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാല് മണിക്ക് ആലുവയിലെ വീട്ടിൽ വച്ചാവും സംസ്കാരം.