നടന്‍ ധനുഷിന്റെ പിതാവാണെന്ന് അവകാശപ്പെട്ട കതിരേശന്‍ അന്തരിച്ചു
മധുര മേലൂര്‍ കോടതിയില്‍ ദമ്പതികള്‍ നല്‍കിയ ഹരജി ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും കതിരേശന്‍ പറഞ്ഞിരുന്നു
തമിഴ് ചലച്ചിത്ര താരം ധനുഷിന്റെ പിതാവാണെന്ന് അവകാശപ്പെട്ട കതിരേശന്‍ മരിച്ചു. കുറച്ചു കാലമായി ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയിലായിരുന്നു. മധുരെ രാജാജി ആശുപത്രിയില്‍ വെച്ച് 70ാം വയസിലാണ് അന്ത്യം.
കതിരേശനും ഭാര്യ മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നത്. മധുരയിലെ മേലൂര്‍ മലംപട്ടി ഗ്രാമത്തിലാണ് കതിരേശനും മീനാക്ഷിയും താമസിച്ചിരുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും 11 ാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് ഇറങ്ങി പോവുകയുമായിരുന്നെന്നാണ് ഇരുവരും അവകാശപ്പെട്ടത്.
വിഷയത്തില്‍ ഇരുവരും നീണ്ട നിയമപോരാട്ടം നടത്തുകയും ചെയ്തിരുന്നു. ധനുഷ് മകനാണെന്ന് തെളിയിക്കാനുള്ള കേസ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കതിരേശന്റെ അന്ത്യം. ധനുഷിനോട് പ്രതിമാസം 65,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടിരുന്നത്. ഈ ആരോപണത്തിനെതിരെ ധനുഷ് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
മധുര മേലൂര്‍ കോടതിയില്‍ ദമ്പതികള്‍ നല്‍കിയ ഹരജി ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് താരം കേസില്‍ വിധി നേടിയത് എന്ന് ആരോപിച്ച് വീണ്ടും മധുരൈ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും കതിരേശന്‍ പറഞ്ഞിരുന്നു.
എന്നാല്‍ കേസില്‍ മാര്‍ച്ച് 14ന് ഹൈക്കോടതി വിധി പറഞ്ഞു. ഹരജിക്കാരന്‍ ഗൂഢലക്ഷ്യത്തോടെയാണ് ഈ ഹരജി സമര്‍പ്പിച്ചതെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടെന്നുമാണ് വിധിയില്‍ പറഞ്ഞത്.
എന്നാല്‍ തങ്ങളുടെ ആരോപണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും കതിരേശനും മീനാക്ഷിയും പറഞ്ഞതിന് പിന്നാലെയാണ് കതിരേശന്റെ മരണം.