Karthi: ‘ആ സിനിമയ്ക്ക് ശേഷം മിനറൽ വാട്ടറിന്റെ കുപ്പി കാണുന്നത് തന്നെ പേടിയായിരുന്നു, ഉപയോഗിക്കാൻ തോന്നില്ല’; നടൻ കാർത്തി
Karthi About Sardar 2: രണ്ടാം ഭാഗം വേണമെന്ന് താൻ ആഗ്രഹിച്ച സിനിമകളിലൊന്നാണ് സർദാറെന്ന് പറയുകയാണ് കാർത്തി. സർദാർ 2വിന്റെ പ്രോമോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.

തമിഴിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് കാർത്തി. നടൻ ശിവകുമാറിന്റെ മകൻ, സൂര്യയുടെ അനിയൻ എന്നീ മേൽവിലാസത്തിലൂടെയാണ് കാർത്തി സിനിമയിലേക്കെത്തിയതെങ്കിലും ആദ്യ ചിത്രമായ പരുത്തിവീരനിലെ പ്രകടനത്തിലൂടെ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കാർത്തിക്ക് കഴിഞ്ഞു. നിരവധി സിനിമകൾ ചെയ്യുക എന്നതിനപ്പുറം മികച്ച സ്ക്രിപ്റ്റുകളുള്ള സിനിമ തിരഞ്ഞെടുത്താണ് കാർത്തി ചെയ്യാറുള്ളത്. അത്തരത്തിൽ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് കാർത്തിയുടെ സർദാർ.
2022ൽ പി എസ് മിത്രൻ സംവിധാനം ചെയ്ത് കാർത്തി നായകനായെത്തിയ ചിത്രമാണ് ‘സർദാർ’. കാർത്തി ഇരട്ടവേഷത്തിൽ എത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം മിനറൽ വാട്ടർ കമ്പനികളുടെ അഴിമതി തുറന്നുകാട്ടിയിരുന്നു. ചിത്രം തീയറ്ററുകളിൽ മികച്ച വിജയമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം പുറത്തിറങ്ങുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. രണ്ടാം ഭാഗം വേണമെന്ന് താൻ ആഗ്രഹിച്ച സിനിമകളിലൊന്നാണ് സർദാറെന്ന് പറയുകയാണ് കാർത്തി. സർദാർ 2വിന്റെ പ്രോമോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.
മിത്രനെപ്പോലൊരു സംവിധായകന്റെ ഓരോ സിനിമ റിലീസാകുമ്പോഴും താൻ ഓരോ കാര്യത്തെ പേടിക്കാറുണ്ടെന്ന് കാർത്തി പറയുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഇരുമ്പുതിരൈ കണ്ടതിന് ശേഷം ഫോണിൽ മെസേജ് വരുന്ന സൗണ്ട് കേട്ടാൽ പേടിയായിരുന്നു എന്നും സർദാറിന് ശേഷം മിനറൽ വാട്ടർ കാണുന്നതാണ് പേടിയെന്നും നടൻ കൂട്ടിച്ചേർത്തു. ഓരോ സിനിമയിലും എന്തെങ്കിലും സാമൂഹിക പ്രസക്തിയുള്ള കാര്യം കൊണ്ടുവരാൻ ശ്രമിക്കുന്ന സംവിധായകനാണ് മിത്രൻ. സർദാറിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തെക്കാൾ മികച്ചതാകും എന്നും താരം പറഞ്ഞു.
ALSO READ: ‘ലാലേട്ടന് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ലായിരുന്നു; അതെനിക്ക് കോൺഫിഡൻസ് തന്നു’; ടോവിനോ തോമസ്
“രണ്ടാം ഭാഗം വേണമെന്ന് ഞാൻ ആഗ്രഹിച്ച സിനിമകളിൽ ഒന്നായിരുന്നു സർദാർ. ആദ്യ ഭാഗത്തെക്കാൾ മികച്ച കഥയുണ്ടെങ്കിൽ മാത്രമേ രണ്ടാം ഭാഗം ചെയ്തിട്ട് കാര്യമുള്ളൂ. മിത്രന്റെ ഓരോ പടം ഇറങ്ങുമ്പോഴും എനിക്ക് ഓരോ കാര്യത്തിൽ പേടിയായിരുന്നു. ആദ്യത്തെ സിനിമയായ ഇരുമ്പുതിരൈ കണ്ടതിന് ശേഷം ഫോണിൽ മെസേജ് വരുന്നതിന്റെ ശബ്ദം കേട്ടാൽ തന്നെ പേടിയായിരുന്നു.
അതുപോലെ സർദാറിന് ശേഷം മിനറൽ വാട്ടർ കാണുമ്പോൾ പേടിയായിരുന്നു. ഉപയോഗിക്കാൻ പോലും തോന്നിയിട്ടില്ല. പലർക്കും ഈ അവസ്ഥ ആയിരിക്കുമെന്നറിയാം. രണ്ടാം ഭാഗം സംസാരിക്കുന്നത് അതിനെക്കാൾ പേടിപ്പിക്കുന്ന ഒരു കാര്യമാണ്. സിനിമയിൽ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ഉണ്ടാകുമെന്ന് ഉറപ്പാണ്. ആദ്യ ഭാഗത്തേക്കാൾ മേലെ നിൽക്കുന്ന ഒന്നാകും സർദാർ 2” കാർത്തി പറയുന്നു.