Kannante Radha Serial: രാധ കൃഷ്ണൻ്റെയാണെങ്കിൽ ശബ്ദം സൂര്യയുടേതാണ്; വൈറൽ രാധയെ ഒടുവിൽ കണ്ടു കിട്ടിയപ്പോൾ
Kannante Radha Malayalam Serial Dubbing Artist Surya Lithin: എന്ത് കിട്ടിയാലും ട്രോളുന്ന ഒരു കാലഘട്ടമാണ് ഇത്, നല്ലാതായാലും ചീത്തയായാലും ട്രോളും. ട്രോള്‍ എങ്ങനെ വരും എന്ന കാര്യത്തിലേ സംശയം ഉള്ളൂ. എന്നാല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് ആണ് വലിയ കാര്യം. എല്ലാരും അത് ആസ്വദിക്കുന്നത് കാണുമ്പോള്‍ സന്തോഷം. ഇനി അതിനെ പല രീതിയില്‍ വ്യാഖ്യാനിച്ചാലും നമ്മളെ ദ്രോഹിക്കുന്നില്ലല്ലോ.
വൃന്ദാവനം കണ്ടെത്തിയ കൃഷ്ണനും അതിന് ധനം നല്‍കിയ രാധയും ഇന്‍സ്റ്റഗ്രാമിലെ ട്രെന്‍ഡ് സെറ്ററാകുന്നതിനും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ണന്റെ രാധ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്. യഥാര്‍ത്ഥ സീരിയലില്‍
ഹിന്ദിയായിരുന്നെങ്കിലും മലയാളം മൊഴിമാറ്റ പതിപ്പിന് നിരവധി പ്രേക്ഷകരായിരുന്നു. കണ്ണന്റെ രാധയില്‍ നമ്മളിപ്പോള്‍ കേള്‍ക്കുന്ന ആ ശബ്ദത്തിനുടമയായ സൂര്യ ലിതിന്‍ ടിവി 9 ഡയലോഗ് ബോക്‌സില്‍ സംസാരിക്കുകയാണ്.
ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു കൃഷ്ണാ….ആ ഡയലോഗ് എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു…
വളരെയധികം സന്തോഷമുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷം പ്രത്യേകിച്ച് പ്രതീക്ഷിക്കാത്ത സമയത്ത് നമ്മള്‍ ഡബ്ബ് ചെയ്ത ഒരു ഡയലോഗ് വീണ്ടും ചര്‍ച്ച ആകുമ്പോള്‍ ഇരട്ടിമധുരം ഉണ്ടാവും. 2018ലാണ് കണ്ണന്റെ രാധ തുടങ്ങുന്നത്, അത് കഴിഞ്ഞിട്ട് 2019 നവംബറില്‍ ചാനലിന്റെ ആവശ്യപ്രകാരം അത് സ്റ്റോപ്പ് ചെയ്തു. പിന്നെ പ്രേക്ഷകരുടെ ആവശ്യപ്രകാരം വീണ്ടും റീടെലികാസ്റ്റ് ചെയ്തു, ആ സമയത്താണ് മനസ്സിലാകുന്നത് ആ സീരിയലിന് ഒരുപാട് ആരാധകര്‍ ഉണ്ടായിരുന്നു എന്നത്. ഒരു സാധാരണ ഡബ്ബ് സീരിയലിന് കിട്ടുന്നതിനേക്കാള്‍ സ്വീകാര്യത കിട്ടിത്തുടങ്ങിയിരുന്നു എന്ന് മനസ്സിലായത് ആ സമയത്താണ്.
രാധ വിവാഹം കഴിഞ്ഞ് പോകുന്ന സമയത്താണ് എന്റെയും വിവാഹം. സീരിയല്‍ റീടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ എനിക്ക് ഒരു പേടിയുണ്ടായിരുന്നു, വീണ്ടും ചെയ്യാന്‍ എനിക്ക് പറ്റുമോ എന്ന സംശയം, വിവാഹം കഴിഞ്ഞ് അങ്കമാലിയിലേക്ക് തമാസം മാറിയതാണ് അതിന് പ്രധാന കാരണം. എന്നാല്‍ എനിക്ക് വീണ്ടും ഡബ്ബിങിന് പോകാന്‍ സാധിച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പകുതിക്ക് വെച്ച് നിര്‍ത്തേണ്ടതായി വന്നു. പിന്നീട് മറ്റൊരാളാണ് ഡബ്ബ് ചെയ്തത്. ഇപ്പോഴിതാ ആ സീരിയലിലെ സംഭാഷണം വീണ്ടും ചര്‍ച്ചയാകുന്നു. അതിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയവരും, പിന്നില്‍ പ്രവര്‍ത്തിച്ചവരുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. പക്ഷേ എവിടെയും എന്റെ പേര് പരാമര്‍ശിച്ച് കേള്‍ക്കാത്തതില്‍ വിഷമമുണ്ട്. എന്നാലും ഒരു ടീം മെമ്പര്‍ എന്ന നിലയില്‍ ഈ സീരിയല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്.
സീരിയലിലെ ആ ഭാഗം ട്രെന്‍ഡിങ് ആയ കാര്യം എന്റെ അനിയത്തിയാണ് എന്നെ അറിയിച്ചത്. പിന്നീട് പലരും വിളിച്ച് സന്തോഷം അറിയിച്ചു, ആദ്യം കരുതിയത് ശ്രീകൃഷ്ണ ജയന്തി സമയത്ത് മാത്രമേ ഈ ഡയലോഗ് ശ്രദ്ധിക്കപ്പെടുവെന്നാണ്, എന്നാല്‍ ഇപ്പോള്‍ ട്രോളായിട്ടും അത് മാറി.
ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ഇട്ട ആളോട് നന്ദി
ആ ഡയലോഗ് വീണ്ടും കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിച്ചിരുന്നു കൃഷ്ണാ എന്നതിനേക്കാള്‍ മനോഹരമായ ഒരുപാട് ഡയലോഗുകള്‍ അതിലുണ്ട്. ഈയൊരു ഡയലോഗ് വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടു എന്ന് പറയുന്നതില്‍ വലിയ സന്തോഷം. ആരാണ് ആദ്യമായി ഇത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതെന്ന് അറിയില്ല. അവരോട് ഒരുപാട് നന്ദി, അവര്‍ കാരണമാണല്ലോ ഇതെല്ലാം. ഈയിടെ മദ്യം വാങ്ങാന്‍ പോകുമ്പോള്‍ ഈ ഡയലോഗ് പറയുന്ന വീഡിയോ കണ്ടു. എന്ത് രസമാണ് അതൊക്കെ കാണാന്‍. പല രീതിയില്‍ ഈ ഡയലോഗ് കണക്ട് ചെയ്ത് പോകുന്നുണ്ട്. ഒരുപാട് വീഡിയോ ചെയ്യുന്നത് കണ്ടു, ഇങ്ങനെ ചെയ്ത് കാണുമ്പോള്‍ ഇതിനുമാത്രം ഉണ്ടോ അതെന്ന ചിന്തയാണ്.
സീരിയല്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും എനിക്ക് അതിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല. കാരണം ഞാന്‍ വിദേശത്താണ്, റീലുകള്‍ കാണുന്നത് മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്ന സന്തോഷം. ഒരിക്കലും പ്രതീക്ഷിക്കാത്ത സീന്‍ ട്രെന്‍ഡിങ് ആയപ്പോള്‍ അത് ഇങ്ങനെ ആയി തീരും എന്ന് അറിയില്ലായിരുന്നു. സോഷ്യല്‍ മീഡിയ അതിനെ നന്നായി ആസ്വദിക്കുന്നുണ്ട്. എന്ത് കിട്ടിയാലും ട്രോളുന്ന ഒരു കാലഘട്ടമാണ് ഇത്, നല്ലാതായാലും ചീത്തയായാലും ട്രോളും. ട്രോള്‍ എങ്ങനെ വരും എന്ന കാര്യത്തിലേ സംശയം ഉള്ളൂ. എന്നാല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത് ആണ് വലിയ കാര്യം. എല്ലാരും അത് ആസ്വദിക്കുന്നത് കാണുമ്പോള്‍ സന്തോഷം. ഇനി അതിനെ പല രീതിയില്‍ വ്യാഖ്യാനിച്ചാലും നമ്മളെ ദ്രോഹിക്കുന്നില്ലല്ലോ.
കണ്ണന്റെ രാധയിലേക്ക് എത്തിപ്പെടുന്നത്
കണ്ണന്റെ രാധയിലേക്ക് എത്തിപ്പെടുന്നത് കാര്‍ട്ടൂണ്‍ ചെയ്തുകൊണ്ടാണ്. കൊച്ചു ടീവിയിലെ നിരവധി കാര്‍ട്ടൂണുകള്‍ക്ക് ശബ്ദം നല്‍കിയിരുന്നു. കാര്‍ട്ടൂണ്‍ ചെയ്യുന്നത് തന്നെ ഒരു വലിയൊരു വെല്ലുവിളിയാണ്. കാരണം അതൊരു തരത്തില്‍ മിമിക്രിയാണ്. പല വോയിസ് മോഡുലേഷനുകള്‍ എടുക്കേണ്ടതായി വരും. പണ്ടൊക്കെ എന്നെ കളിയാക്കി പറയുമായിരുന്നു ഒരു കൊച്ചു കുഞ്ഞിന് ഡബ്ബ് ചെയ്യാന്‍ ആണെങ്കിലും സൂര്യ ചെയ്യും എന്ന്. ഡബ്ബ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് കാര്‍ട്ടൂണ്‍ ആണെന്ന് ഒന്നും ഇല്ല, അയാള്‍ എന്തിനും ശബ്ദം നല്‍കും. ഡബ്ബിങ് ആര്‍ട്ടിസ്റ്റായ അനീഷേട്ടന് പെയര്‍ ആയാണ് ഡബ്ബ് ചെയ്ത് തുടങ്ങുന്നത്. സൂര്യ ടിവിയിലെ പ്രേമം എന്ന സീരിയലില്‍ ഡബ്ബ് ചെയ്ത് കൊണ്ടാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക് അല്ലാതെ ഡബ്ബ് ചെയ്ത് തുടങ്ങുന്നത്. അത് കഴിഞ്ഞ് പിന്നീട് ചെയ്തത്, മൗനരാഗം. അതിന് ശേഷം ഒരുപാട് സീരിയലുകള്‍ക്ക് ശബ്ദം നല്‍കി. അതിനെല്ലാം ശേഷമാണ് കണ്ണന്റെ രാധ സീരിയലിലേക്ക് വിളിക്കുന്നത്. ഞാനും അനീഷേട്ടനും തന്നെയായിരുന്നു പെയര്‍.
ഡബ്ബ് സിനിമ അല്ലെങ്കില്‍ സീരിയലുകള്‍ ചെയ്യാനാണ് കൂടുതല്‍ ഇഷ്ടം
പ്രേമം, നാഗകന്യക, മൗനരാഗം, മയൂരം, പ്രാണസഖി ഈ സീരിയലുകള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. എനിക്ക് ഡബ്ബ് ചെയ്യാനാണ് കുറച്ചുകൂടെ താല്‍പര്യം. അതുകൊണ്ട് തന്നെ ചില ഡബ്ബ് സിനിമകളും ചെയ്തിട്ടുണ്ട്. 96 ലെ തൃഷയുടെ കുട്ടിക്കാലം ചെയ്ത ഗൗരിക്ക് ഡബ്ബ് ചെയ്തു, ഐറയില്‍ നയന്‍താരയുടെ ടീന്‍ ഏജ് കഥാപാത്രത്തിന് ഡബ്ബ് ചെയ്തു. ഒന്ന് രണ്ട് തമിഴ് ചിത്രങ്ങളില്‍ ദര്‍ശന രാജേന്ദ്രന് ഡബ്ബ് ചെയ്തിട്ടുണ്ട്. പിന്നെ അനിഖയ്ക്ക് ഒരു ചിത്രത്തിന് ഡബ്ബ് ചെയ്തു. രാക്ഷസന്‍, കെജിഎഫ് തുടങ്ങി ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. ആസിഫ് അലി നായകനായ എല്ലാം ശരിയാകും എന്ന സിനിമ, ഓള്‍ തുടങ്ങിയ മലയാള സിനിമകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. ആകാശവാണിയിലെ നാടകങ്ങള്‍ക്ക് ഡബ്ബ് ചെയ്തിരുന്നു. ഒരുപാട് പ്രമുഖരായ വ്യക്തികളോടൊപ്പം ജോലി ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.
എല്‍ബിഡബ്ല്യൂ എന്ന ചിത്രത്തിലൂടെയാണ് ഞാന്‍ സിനിമയില്‍ ഡബ്ബ് ചെയ്ത് തുടങ്ങുന്നത്. അത് കഴിഞ്ഞ് പതിമൂന്ന്, ഓള്‍, വരത്തന്‍, ഇഷ, എല്ലാം നിങ്ങള്‍ക്ക് അറിയാം, ഈസ്റ്റ് കോസ്റ്റിന്റെ കുറച്ച് സിനിമകള്‍ എന്നിവയ്ക്ക് ഒക്കെ ശബ്ദം നല്‍കിയിട്ടുണ്ട്. പിന്നെ ഏറെയും ചെയ്തത് ഡബ്ബ് സിനിമകള്‍ ആണ്. ഇങ്ങനെ ഡബ്ബ് ചെയ്ത് തുടങ്ങിയ സമയത്താണ് ഞാന്‍ വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് വന്നത്. അതില്‍ വിഷമം ഉണ്ട്. ഡബ്ബ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതിലാണ് വിഷമം ഉള്ളത്. അങ്ങനെ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് ജ്യോതികയുടെ ഒരു സിനിമയിലെ സീന്‍ എടുത്ത് വീണ്ടും വെറുതെ ഡബ്ബ് ചെയ്തത്. എന്നാല്‍ പലരും വിചാരിച്ചിരിക്കുന്നത് ഞാനാണ് യഥാര്‍ത്ഥത്തില്‍ ഡബ്ബ് ചെയ്തത് എന്നാണ്.
മുഖം കാണിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍…
നാട്ടിലുള്ള സമയത്ത് ട്രെയിനില്‍ എല്ലാം യാത്ര ചെയ്യുമ്പോള്‍ ഒരുപാട് സംസാരിച്ചതിന് ശേഷം ആളുകള്‍ ചോദിച്ചിട്ടുണ്ട്. നാഗര്‍കോവില്‍ ഉള്ള ഒരു ഫാമിലിയാണ് എന്നോട് പ്രേമം സീരിയലില്‍ ഡബ്ബ് ചെയ്ത ആളല്ലേ എന്ന് ചോദിച്ചത്. ആദ്യമായിട്ടാണ് ഒരാള്‍ അങ്ങനെ തിരിച്ചറിയുന്നത്. അവര്‍ ഫോട്ടോ ഒക്കെ എടുത്തു, വലിയ സന്തോഷം തോന്നി. അല്ലാതെ അങ്ങനെ ശബ്ദം തിരിച്ചറിയുന്ന അനുഭവം ഉണ്ടായിട്ടില്ല. പിന്നെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ തിരിച്ചറിയപ്പെടുന്നത് അത്ര നല്ലതല്ല. അങ്ങനെ ആകുമ്പോള്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് ആദ്യം എത്തുന്നത് നമ്മുടെ മുഖം ആയിരിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒന്നും അല്ല, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ പോലും അഭിനയിക്കുന്നുണ്ട്. മുഖം കാണിക്കരുത് എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടാവും ആരും തിരിച്ചറിയാതെ പോകുന്നത്.
രാധ തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്…
ഇതുവരെ ചെയ്തതില്‍ ഏറ്റവും എളുപ്പം ആയിട്ട് തോന്നിയത് രാധ തന്നെയാണ്. വേറെ കഥാപാത്രങ്ങള്‍ക്ക് ചെയ്യുമ്പോള്‍ എല്ലാം ഒരുപാട് റീടേക് പോവേണ്ടതായി വന്നിട്ടുണ്ട്. പക്ഷേ രാധ അങ്ങനെയല്ല, പോയിരിക്കുന്നു വളരെ എളുപ്പത്തില്‍ ചെയ്ത് തിരിച്ച് വരും. ആ കഥാപാത്രത്തോട് ഒരു പ്രത്യേക അടുപ്പവും ഉണ്ട് എനിക്ക്. ഇതുവരെ ശബ്ദം നല്‍കിയതില്‍ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രവും രാധയാണ്.