Actor Darshan: ജയിലിൽ ടിവി, ചെലവിന് 30000 രൂപ; കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന

Kannada Actor Darshan Granted TV Access in Jail: കൊലപാതക കേസ് പ്രതി നടൻ ദർശൻ ടിവിക്ക് പുറമെ സർജിക്കൽ കസേരയും ഫോൺ കോളുകൾ ചെയ്യാനുള്ള അനുമതിയും തേടി.

Actor Darshan: ജയിലിൽ ടിവി, ചെലവിന് 30000 രൂപ; കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന

കന്നഡ നടൻ ദർശൻ (Image Courtesy: Darshan's Facebook)

Updated On: 

08 Sep 2024 14:05 PM

ബെംഗളൂരു: ആരാധകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കന്നഡ നടൻ ദർശന് ജയിലിൽ ടെലിവിഷൻ അനുവദിച്ച് നൽകും. നടൻ ജയിൽ അധികൃതർക്ക് നൽകിയ അപേക്ഷയെ തുടർന്നാണ് സെല്ലിൽ ടിവി സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമായത്. 32 ഇഞ്ച് വലുപ്പമുള്ള ടിവി തിങ്കളാഴ്ചയോടെ നടന്റെ സെല്ലിൽ സ്ഥാപിക്കുമെന്നാണ് റിപ്പോർട്ട്.

കേസിനെ സംബന്ധിച്ച വിവരങ്ങളും പുറത്ത് നടക്കുന്ന കാര്യങ്ങളും അറിയുന്നതിന് വേണ്ടി സെല്ലിൽ ടിവി അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് ദർശൻ അപേക്ഷ നൽകിയത്. ജയിലിലെ മാനദണ്ഡങ്ങൾ അനുസരിച്ച് സെല്ലിൽ ടിവി അനുവദിച്ചുകൊടുക്കാനുള്ള വ്യവസ്ഥയുണ്ട്. എന്നാൽ, ജയിലിലെ ടിവി പ്രവർത്തനരഹിതമായതിനാൽ അത് നന്നാക്കേണ്ടി വന്നതുകൊണ്ടാണ് ഇക്കാര്യത്തിൽ കാലതാമസം ഉണ്ടായതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

സെല്ലിൽ ഒരു സർജിക്കൽ കസേര അനുവദിച്ചുതരണമെന്നും നടൻ ആവശ്യപ്പെട്ടിട്ടുണ്ട്. സെല്ലിലുള്ള ഇന്ത്യൻ രീതിയിലുള്ള ശൗചാലയം ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് സർജിക്കൽ കസേര ആവശ്യപ്പെട്ടത്. ജയിലിലെ ചെലവുകൾക്കായി ദർശന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്നത് 30000 രൂപയാണ്. ജയിലിലെ കാന്റീനിൽ നിന്നും ചായയും കാപ്പിയും മറ്റും വാങ്ങാനായി ഇതിൽ നിന്നും 735 രൂപയോളം ചെലവാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ടിവിക്കും സർജിക്കൽ കസേരക്കും പുറമെ തനിക്കനുവദിച്ചത് പ്രകാരമുള്ള ഫോൺ കോളുകൾ ചെയ്യാനുള്ള അനുമതിയും ദർശൻ തേടിയിട്ടുണ്ട്.

ദർശൻ നേരത്തെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു. അവിടെയുള്ള പൂന്തോട്ടത്തിൽ വെച്ച് മറ്റ് പ്രതികൾക്കൊപ്പം ദർശൻ ചായ കുടിക്കുന്നതിൻെറയും സിഗരറ്റ് വലിക്കുന്നതിന്റെയും വീഡിയോകൾ പുറത്ത് വന്നതോടെ ഓഗസ്റ്റ് 29-ന് നടനെ ബെല്ലാരി ജയിലിലേക്ക് മാറ്റി. ദർശന് ജയിലിൽ പ്രത്യേക പരിഗണന ലഭിച്ചതിൽ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിരുന്നു.

ALSO READ: മുകേഷിനെതിരായ പരാതി വ്യാജമോ? പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കോടതി

ദർശന്റെ ആരാധകനായ രേണുകാസ്വാമി നടി പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശം അയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ശാസ്ത്രീയ തെളിവുകളും, സാഹചര്യ തെളിവുകളും, നിർണായകമായ ദൃക്‌സാക്ഷി മൊഴികളും അന്വേഷണസംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. അതിക്ക്രൂരമായി നടത്തിയ കൊലപാതകത്തിന്റെ ആസൂത്രണവും, നടപ്പാക്കിയ രീതിയും, കേസിൽ നിന്നും രക്ഷപ്പെടാനായി പ്രതികൾ നടത്തിയ നീക്കവുമെല്ലാം കുറ്റപത്രത്തിൽ വിശദീകരിച്ചിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി നടി പവിത്ര ഗൗഡയും രണ്ടാം പ്രതി നടൻ ദർശനുമാണ്. ഇവർ ഉൾപ്പടെ 17 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം കഴിഞ്ഞ ദിവസം അന്വേഷണ സംഘം സമർപ്പിച്ചു.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ