Kamal Haasan: ‘ദേഷ്യം വരുമ്പോൾ മണിരത്നത്തെ ആ പേരാണ് വിളിക്കാറുള്ളത്, അതിനൊരു കാരണമുണ്ട്’: കമല്‍ ഹാസന്‍
Kamal Haasan About Mani Ratnam: ദേഷ്യം വരുമ്പോഴെല്ലാം താൻ മണിരത്‌നത്തെ ഒരു പേര് വിളിച്ച് കളിയാക്കാറുണ്ടെന്നും ആ പേര് ഇതുവരെ പൊതുവേദിയിൽ പരസ്യപ്പെടുത്തിയിട്ടില്ലെന്നും നടൻ കമൽ ഹാസൻ പറയുന്നു.

ഇന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ് കമൽ ഹാസൻ. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന കമൽഹാസൻ 64 വർഷത്തെ സിനിമാജീവിതത്തിൽ അഭിനയം, സംവിധാനം, തിരക്കഥ, നിർമാണം, ഗാനരചന, ഗായകൻ, മേക്കപ്പ് ആർട്ടിസ്റ്റ്, കൊറിയോഗ്രാഫർ തുടങ്ങി കൈവെക്കാത്ത മേഖലകളില്ലെന്ന് വേണം പറയാൻ. ഇപ്പോഴിതാ സിനിമയിലെ തന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ മണിരത്നത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
സിനിമയുടെ ചിത്രീകരണത്തിനിടയിൽ താനും മണിരത്‌നവും തമ്മിൽ ഇടക്കൊക്കെ ദേഷ്യപ്പെടാറുണ്ടെന്ന് കമൽ ഹാസൻ പറയുന്നു. ദേഷ്യം വരുമ്പോഴെല്ലാം താൻ മണിരത്‌നത്തെ ഒരു പേര് വിളിച്ച് കളിയാക്കാറുണ്ടെന്നും ആ പേര് ഇതുവരെ പൊതുവേദിയിൽ പരസ്യപ്പെടുത്തിയിട്ടില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
അഞ്ചര മണിരത്‌നം എന്നാണ് താൻ അദ്ദേഹത്തെ വിളിക്കാറുള്ളതെന്നും അതിന് ഒരു കാരണമുണ്ടെന്നും കമൽ ഹാസൻ പറഞ്ഞു. സിനിമയുടെ ഷൂട്ടുള്ള ദിവസങ്ങളിൽ രാവിലെ അഞ്ചരയാകുമ്പോൾ മണിരത്‌നം സെറ്റിലെത്തും. അതിനാൽ അതെ സമയത്ത് തന്നെ മറ്റ് ആർട്ടിസ്റ്റുകളും എത്തേണ്ടി വരുമെന്നും കമൽ ഹാസൻ പറയുന്നു. അതിനാലാണ് താൻ അദ്ദേഹത്തെ അഞ്ചര മണിരത്‌നം എന്ന് വിളിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.
അഞ്ചരക്ക് സെറ്റിലെത്താൻ വേണ്ടി മൂന്നരയാകുമ്പോഴേക്കും എഴുന്നേൽക്കേണ്ടി വരുമെന്നും ഒരുവിധത്തിലാണ് സെറ്റിലെത്താറുള്ളതെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. തഗ് ലൈഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു നടൻ.
“എന്റെ ഏറ്റവുമടുത്ത സുഹൃത്താണ് മണിരത്‌നം. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യുന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. എന്നാൽ സെറ്റിൽ നല്ലവണ്ണം ദേഷ്യപ്പെടുന്ന ആളാണ് മണിരത്‌നം. എനിക്ക് തിരിച്ചും ദേഷ്യം തോന്നും. അങ്ങനെ ദേഷ്യം വരുമ്പോൾ ഞാൻ മണിരത്‌നത്തെ ഒരു പേര് വിളിക്കാറുണ്ട്. ആ പേര് ഞാൻ ഇന്നേവരെ ഒരു പൊതുവേദിയിൽ പരസ്യപ്പെടുത്തിയിട്ടില്ല.
വേറൊന്നുമല്ല, അഞ്ചര മണിരത്‌നം എന്നാണത്. ഷോട്ടിങ് ഉള്ള സമയത്ത് പുലർച്ചെ അഞ്ചരയാകുമ്പോൾ മണി സെറ്റിലെത്തും. അതുകൊണ്ട് തന്നെ അതേ സമയത്ത് മറ്റ് ആർട്ടിസ്റ്റുകളും എത്തേണ്ടി വരും. ഞാൻ അഞ്ചരയാകുമ്പോൾ എത്തണമെങ്കിൽ മൂന്നരക്ക് എഴുന്നേൽക്കണം. എന്നാൽ, അതിനേക്കാൾ മുന്നേ രിവ വർമന് (ക്യാമറമാൻ) സെറ്റിലെത്തണം. അയാളുടെ കാര്യം എന്നെക്കാൾ കഷ്ടമാണ്” കമൽ ഹാസൻ പറഞ്ഞു.