Kadakan OTT : അവസാനം കടകനും ഒടിടിയിലേക്ക്; സംപ്രേഷണം 20-ാം തീയതി മുതൽ
Kadakan OTT Release Date And Platform : ഈ വർഷം മാർച്ചിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് കടകൻ. ഹക്കിം ഷാജഹാനാണ് ചിത്രത്തിലെ നായകൻ
യുവതാരം ഹക്കീം ഷാജഹാൻ ആദ്യമായി ആക്ഷൻ ഹീറോ വേഷത്തിൽ എത്തിയ ചിത്രമാണ് കടകൻ. നവാഗതനായ സജിൽ മമ്പാട് ഒരുക്കിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. തുടർന്ന് കടകൻ സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനും സാധിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടി സംപ്രേഷണത്തിനായി തയ്യാറെടുക്കുകയാണ്. ഈ വർഷം മാർച്ചിൽ തിയറ്ററുകളിൽ എത്തിയ ചിത്രം ഏറെ വൈകിയാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്.
കടകൻ ഒടിടി
സൺ നെറ്റ്വർക്കിൻ്റെ സൺ നെക്സ്റ്റാണ് കടകൻ സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഡിസംബർ 20ാം തീയതി മുതൽ സൺനെക്സ്റ്റിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. സൺനെറ്റ്വർക്കിൻ്റെ സൂര്യ ടിവിക്ക് തന്നെയാകും കടകൻ്റെ സാറ്റ്ലൈറ്റ് അവകാശവും ലഭിച്ചിട്ടുള്ളത്.
ALSO READ : Sookshmadarshini OTT : ബേസിലിൻ്റെയും നസ്രിയയുടെയും സൂക്ഷ്മദർശിനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
കടകൻ സിനിമ
നവാഗതനായ സജിൽ മമ്പാട് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കടകൻ. ശ്രീനാഥ് ഭാസിയെ നായകനാക്കികൊണ്ട് പ്രഖ്യാപിച്ച ചിത്രത്തിൽ പിന്നീട് ഹക്കീം ഷാജഹാനെ കേന്ദ്രകഥാപാത്രമാക്കി നിർണയിക്കുകയായിരുന്നു അണിയറപ്രവർത്തകർ. ഹക്കീമിന് പുറമെ രഞ്ജിത്, ശരത് സഭ, ഫഹിസ് ബിൻ റിഫൽ, സോന ഒളിക്കൽ, നിർമൽ പാലാഴി, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, മണികണ്ഠൻ ആചാരി, സിനോജ് വർഗീസ്, പ്രദീപ് ബാലൻ, ദിനേഷ് പ്രഭാകർ, പൂജപ്പുര രാധാകൃഷ്ണൻ, ഗീതി സംഗീത, മീനാക്ഷി രവീന്ദ്രൻ, ബിപിൻ പേരുമ്പള്ളി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കടത്തനാടൻ സിനിമാസിൻ്റെ ബാനറിൽ ഖലീലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബോധിയും എസ്കെ മമ്പാടും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജസിൻ ജസീലാണ് ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് കടകന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷമീർ മുഹമ്മദാണ് എഡിറ്റർ.