Pani Movie: ജോജു ജോർജിന്റെ ‘പണി’ ഉടൻ തിയേറ്ററുകളിലേക്ക്; ചിത്രം ഒരുങ്ങുന്നത് 5 ഭാഷകളിൽ
Joju George 'Pani' Movie: ജോജു ജോർജിന്റെ പുതിയ ചിത്രം 'പണി' 5 ഭാഷകളിൽ പ്രദർശനത്തിനെത്തും. ജോജു നായകനായെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നതും താരം തന്നെയാണ്.
ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ‘പണി’. ചിത്രം അഞ്ചു ഭാഷകളിൽ ആണ് തിയേറ്ററിൽ എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും എന്നാണ് വിവരം. സെപ്റ്റംബറിൽ ആയിരിക്കും ചിത്രത്തിൻറെ റിലീസ്.
‘പണി’യിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത് ജോജു തന്നെയാണ്. കഴിഞ്ഞ ഒരു വർഷമായി ഈ ചിത്രത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു താരം. അതുകൊണ്ടുതന്നെ ഒരു വർഷക്കാലമായി ജോജു പടങ്ങൾ ഒന്നുംതന്നെ ചെയ്തിട്ടില്ല. ആദ്യം പുറത്തുവിട്ട ചിത്രത്തിന്റെ രണ്ടു പോസ്റ്ററുകൾക്കും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. മറുഭാഷ താരങ്ങൾ വരെ ചിത്രത്തിന്റെ പോസ്റ്ററുകൾ ഷെയർ ചെയ്തിരുന്നു.
നേരത്തെ പങ്കുവെച്ച ചിത്രത്തിന്റെ പോസ്റ്ററും ‘ഗിരി ആൻഡ് ഗൗരി ഫ്രം പണി’ എന്ന കുറിപ്പോടു കൂടിയെത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായികയായെത്തുന്ന അഭിനയ യഥാർത്ഥ ജീവിതത്തിൽ കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത പെൺകുട്ടിയാണ്.
മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരണ്മയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ, തുടങ്ങി നിരവധി താരണങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 110 ദിവസത്തോളം ഷൂട്ട് നീണ്ടുനിന്ന ചിത്രം വലിയ ബജറ്റിൽ ആണ് ഇറങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
READ MORE: അവതാര്‍ മൂന്നാം ഭാഗം റിലീസ് പ്രഖ്യാപിച്ചു; ‘അവതാര്‍: ഫയര്‍ ആന്‍റ് ആഷ്’ 2025ൽ
മാസ്സ്, ത്രില്ലെർ, റിവഞ്ച് വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ‘പണി’. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സും, എ ഡി സ്റ്റുഡിയോസും, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം ചെയ്തിരിക്കുന്നത്. ക്യാമറ വേണു ഐ.എസ്.സി, ജിന്റോ ജോർജ് എന്നിവരാണ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
ഈ വർഷം മെയിൽ റിലീസ് ആയ ‘ആരോ’ എന്ന ചിത്രമാണ് ജോജുവിന്റേതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. കരീം സംവിധാനം ചെയ്ത ചിത്രത്തിൽ നായിക അനുമോൾ ആണ്.