Jis Joy: അന്ന് പശുവിനെ കാണിക്കാൻ പറ്റില്ലായിരുന്നു; ഇപ്പോൾ കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുന്ന സീൻ ഷൂട്ട് ചെയ്യാം: ജിസ് ജോയ്
Jis Joy Censor Board Regulations: മുൻപ് സിനിമയിൽ പശുവിനെ കാണിക്കുന്ന സീൻ ഷൂട്ട് ചെയ്യുന്നതിൽ പരിമിതികളുണ്ടായിരുന്നെന്ന് ജിസ് ജോയ്. ഇപ്പോൾ കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുന്ന സീൻ പോലും ഷൂട്ട് ചെയ്യുന്നതിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

സെൻസർ ബോർഡ് നിലപാടുകളെ വിമർശിച്ച് സംവിധായകൻ ജിസ് ജോയ്. മുൻപ് സിനിമയിൽ പശുവിനെ കാണിക്കുന്ന സീൻ സെൻസർ ചെയ്യാൻ ഹരിയാന വരെ പോകണമെന്ന് നിബന്ധന ഉണ്ടായിരുന്നെന്നും ഇപ്പോൾ കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുന്ന സീൻ ഷൂട്ട് ചെയ്താലും ഇവിടെത്തന്നെ സെൻസർ ചെയ്യാമെന്നും ജിസ് ജോയ് പറഞ്ഞു.
“വിജയ് സൂപ്പറും പൗർണമിയും എന്ന സിനിമയിൽ, സിദ്ധിക്ക് ഇക്കയുടെ വീട്ടിലൊരു പശു ഉണ്ട്. പുള്ളിക്ക് ഭയങ്കര സങ്കടം വരുമ്പോൾ പുല്ല് കൊടുത്തിട്ട് അതിനെ ഒന്ന് തടവിയിട്ട് അതിനോട് പറയും. എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട് എഴുതിയ ഒരു സീനാണ്. ഇത് നമ്മൾ സെൻസറിങിലേക്ക് പോകുന്ന സമയത്ത്, നിങ്ങൾ ഹരിയാനയിൽ പോകണം എന്ന് പറഞ്ഞു. പശുവിനെ കാണിച്ചിട്ടുണ്ടെങ്കിൽ അവിടന്ന് അനുവാദം വാങ്ങണം. ഏത് മൃഗമാണെങ്കിലും ഹരിയാനയിൽ പോകണം. ഇതിൻ്റെ പരിപാടികളൊക്കെ ഞാൻ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ ആൾക്കാർ പറഞ്ഞു, ഇത് നടപടിയാവില്ല. കുറേ സമയമെടുക്കും. അത് നടന്നില്ല. അതുകൊണ്ട് ആ സീൻ അങ്ങനെ തന്നെ എടുത്ത് മാറ്റേണ്ടിവന്നു. പശുവിനെ തലോടിയിട്ട് പുല്ല് കൊടുക്കുന്ന സീനാണ്. ഇപ്പോൾ ഒരു കുഞ്ഞിൻ്റെ കാലിൽ പിടിച്ച് നിലത്തടിച്ച് കൊല്ലുന്നത് നമുക്ക് ഷൂട്ട് ചെയ്യാം. അത് ഇവിടെ സെൻസർ ചെയ്യാം. ആർക്കും ഇതിലൊരു ധാരണയില്ല.”- ജിസ് ജോയ് പറഞ്ഞു.




ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് ഒരുക്കിയ സിനിമയാണ് വിജയ് സൂപ്പറും പൗർണമിയും. ആസിഫ് അലി, ഐശ്വര്യ ലക്ഷ്മി, ദർശന രാജേന്ദ്രൻ തുടങ്ങിയവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പെല്ലി ചൂപ്പുലു എന്ന തെലുങ്ക് ചിത്രത്തിൻ്റെ മലയാളം റീമേക്കാണിത്. 2019 ജനുവരി 11ന് പുറത്തിറങ്ങിയ സിനിമ ബോക്സോഫീസിൽ വലിയ നേട്ടമുണ്ടാക്കിയിരുന്നു.
ഡബ്ബിങ് ആർട്ടിസ്റ്റും ഗാനരചയിതാവും സംവിധായകനുമായ ജിസ് ജോയ് 2013ൽ ബൈസിക്കിൾ തീവ്സ് എന്ന സിനിമയിലൂടെയാണ് സംവിധാനരംഗത്ത് എത്തുന്നത്. 2024ൽ പുറത്തിറങ്ങിയ തലവൻ എന്ന സിനിമയാണ് ജിസ് ജോയിയുടെ സംവിധാനത്തിൽ അവസാനം തീയറ്ററുകളിലെത്തിയത്.