Jayam Ravi Divorce: ‘ഞാനും കുട്ടികളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുന്നു, വിവാഹമോചനം തന്റെ അറിവോടെയല്ല’; ജയം രവിക്കെതിരെ ആർത്തി
Aarthi on Jayam Ravi Divorce Announcement: തങ്ങളുടെ ജീവിതത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും വിഷമവുമാണ് തോന്നുന്നത്. തന്റെ സമ്മതത്തോടെയോ അറിവോടെയോ അല്ല ജയം രവി വിവാഹമോചന വാർത്ത പങ്കുവെച്ചതെന്ന് ആർത്തി.
കഴിഞ്ഞ ദിവസമാണ് കോളിവുഡിനെ ഞെട്ടിച്ച് കൊണ്ട് നടൻ ജയം രവി താനും ഭാര്യ ആർത്തിയും വേർപിരിയുന്നെന്ന് പ്രഖ്യാപിച്ചത്. താരം തന്റെ എക്സ് അകൗണ്ടിലൂടെയാണ് വിവാഹമോചന വിവരം പങ്കുവെച്ചത്. എന്നാൽ ഇപ്പോഴിതാ ഭാര്യ ആർത്തി നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി ആ പോസ്റ്റ് ഇട്ടതെന്ന് അവർ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന വാർത്തകൾ കാണുമ്പോൾ ഞെട്ടലും വിഷമവും ഉണ്ടാകുന്നെന്ന് ആർത്തി പറയുന്നു. 18 വർഷം നീണ്ട ദാമ്പത്യ ജീവിതം പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയുമാണ് ജീവിച്ചത്. എന്നാൽ രവിയുടെ ഈ പ്രസ്താവന മൂലം അന്തസ്സും വ്യക്തിത്വവും നഷ്ടപ്പെട്ടതായി തോന്നുന്നുവെന്നും ആർത്തി പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ എന്റെ ഭർത്താവുമായി സംസാരിക്കാനും അദ്ദേഹത്തെ ഒന്ന് കാണാനും പല തവണ ശ്രമിച്ചു. എന്നാൽ, ആ അവസരം എനിക്ക് ലഭിച്ചില്ല. ഞാനും എന്റെ മക്കളും ഒന്നുമില്ലാതെ ബുദ്ധിമുട്ടുകയാണ്. വിവാഹത്തിൽ നിന്നും പിന്മാറാൻ എടുത്ത തീരുമാനം തികച്ചും ഏകപക്ഷീയമാണ്. അല്ലാതെ വീട്ടുകാരുടെ താല്പര്യ പ്രകാരം അല്ല. ഇത്രയും വേദനാജനകമായ അവസ്ഥയിലും ഞാൻ പരസ്യമായി ഇതേ കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്നും ഈ നിമിഷം വരെ വിട്ടുനിന്നു. പക്ഷെ, പരസ്യമായും പരോക്ഷമായും എനിക്കെതിരെയും എന്റെ പെരുമാറ്റത്തെയും അപകീർത്തിപ്പെടുത്തി കൊണ്ടുള്ള പ്രസ്താവനകൾ കാണുമ്പോൾ പ്രയാസത്തോടെയാണെങ്കിലും അവയെ അഭിമുഖീകരിക്കേണ്ടതായി വരുന്നു.
ഒരു അമ്മയെന്ന നിലയിൽ എന്റെ കുട്ടികളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് ഞാൻ പ്രഥമ പരിഗണന നൽകുന്നത്. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ എന്റെ മക്കളെ വിഷമിപ്പിക്കാൻ ഞാൻ അനുവദിക്കില്ല. ഈ നുണകൾ നിഷേധിക്കേണ്ടത് എന്റെ കടമയാണ്. നിഷേധിക്കാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണം നിഷേധിക്കാത്ത സത്യങ്ങൾ നുണയായി വിശ്വസിക്കപ്പെടും എന്നുള്ളത് കൊണ്ടാണ്. ഈ ദുഷ്കരമായ സമയത്ത് എന്റെ മക്കൾക്കൊപ്പം നിൽക്കുകയും അവർക്ക് ധൈര്യവും കരുത്തും നൽകേണ്ടത് തന്റെ കടമയാണ്’ എന്നും ആർത്തി കുറിച്ചു.
അതെ സമയം, കഴിഞ്ഞ ദിവസമാണ് വിവാഹ ബന്ധം വേർപിരിയുന്നതായി നടൻ ജയം രവി പ്രേക്ഷകരെ അറിയിച്ചത്. ‘ഒരുപാട് ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആർത്തിയുമായുള്ള വിവാഹബന്ധം താൻ അവസാനിപ്പിക്കുന്നു. വളരെ വിഷമത്തോടെയാണ് ഈ തീരുമാനത്തിൽ എത്തിച്ചേർന്നത്. ഇത് പെട്ടെന്ന് എടുത്ത ഒന്നല്ല. വ്യക്തിപരമായ കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. എല്ലാവരുടേയും നല്ലതിനു വേണ്ടിയാണ് ഈ തീരുമാനം” എന്നാണ് നടൻ കുറിച്ചത്.