Jaya Bachchan: ആരാധികയോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ; വിഡിയോ വൈറൽ
Jaya Bachchan: അന്തരിച്ച ബോളിവുഡ് താരം മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിനിടെയായിരുന്നു സംഭവം. സെൽഫി ആവശ്യപ്പെട്ട സ്ത്രീയോട് ദേഷ്യപ്പെടുന്ന ജയ ബച്ചന്റെ വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

രാജ്യ സഭാംഗവും ബോളിവുഡ് നടിയുമായ ജയ ബച്ചൻ പാപ്പരാസികളോടും ആരാധകരോടും ദേഷ്യപ്പെടുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ ദിവസം അന്തരിച്ച മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിലും സമാനമായ ഒരു സംഭവം ഉണ്ടായി. അമിതാഭ് ബച്ചന് പങ്കെടുക്കാൻ കഴിയാത്തതിനാൽ, ജുഹുവിൽ നടന്ന ചടങ്ങിൽ ജയ ബച്ചനായിരുന്നു പങ്കെടുത്തത്.
പ്രേക്ഷകർ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് ജയ ബച്ചൻ. ആരാധകർ പലപ്പോഴും അവരോടൊപ്പം ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിനിടെ, സെൽഫി ആവശ്യപ്പെട്ട സ്ത്രീയോട് ദേഷ്യപ്പെടുന്ന ജയ ബച്ചന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.
View this post on Instagram
അന്തരിച്ച ബോളിവുഡ് താരം മനോജ് കുമാറിന്റെ പ്രാർത്ഥനാ യോഗത്തിനിടെ, സിനിമാ മേഖലയിലെ ചില ആളുകളുമായി സംസാരിക്കുന്ന ജയ ബച്ചനെ ദൃശ്യങ്ങളിൽ കാണാം. ഇതിനിടയിൽ ഒരു സ്ത്രീ അവരുടെ തോളിൽ പതുക്കെ തട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ജയ ബച്ചന് ആ അഭ്യർത്ഥന ഇഷ്ടപ്പെട്ടില്ല. അവർ ആ സ്ത്രീയുടെ കൈ പിടിച്ച് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഏപ്രിൽ 4 വെള്ളിയാഴ്ചയായിരുന്നു മുതിർന്ന ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1992 ല്‍ പത്മശ്രീയും 2015 ല്‍ ദാദാ സാഹേബ് പുരസ്കാരവും നല്‍കി രാജ്യം ആദരിച്ച താരമാണ് അദ്ദേഹം. ജയ ബച്ചൻ, ആമിർ ഖാൻ, രാകേഷ് റോഷൻ, ഫർഹാൻ അക്തർ, സോനു നിഗം, ഉദിത് നാരായൺ, ഇഷ ഡിയോൾ, പ്രേം ചോപ്ര, ഡേവിഡ് ധവാൻ തുടങ്ങി നിരവധി പ്രശസ്ത താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.