Miho Nakayama : ജാപ്പനീസ് നടി മിയോ നകയാമ ബാത്ത് ടബ്ബിൽ മരിച്ച നിലയില്‍
Japanese actress and Singer Miho Nakayama Dies: ഡിസംബർ 6ന് ഒസാക്കയിൽ നടത്താനിരുന്ന സംഗീത പരിപാടി ആരോഗ്യപ്രശ്നങ്ങൾ മൂലം റദ്ദാക്കിയതിന് പിന്നാലെയാണ് മരണം.
ടോക്കിയോ: ജാപ്പനീസ് നടിയും ഗായികയുമായ മിയോ നകയാമയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടോക്കിയോയിലെ വസതിയിലെ ബാത്ത് ടബ്ബിനുള്ളിൽ താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 54 വയസ്സായിരുന്നു. താരത്തിന്റെ മരണവാർത്ത ടീം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇതിനു പുറമെ മരണവുമായ ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു. ഡിസംബർ 6ന് ഒസാക്കയിൽ നടത്താനിരുന്ന സംഗീത പരിപാടി ആരോഗ്യപ്രശ്നങ്ങൾ മൂലം റദ്ദാക്കിയതിന് പിന്നാലെയാണ് മരണം.
നേരത്തെ ബുക്ക് ചെയ്തിരുന്ന മറ്റൊരു പരിപാടിക്ക് താരം എത്താതായതോടെ ടീം അംഗങ്ങളിലൊരാള്‍ നടിയെ തിരക്കി വീട്ടിലെത്തുകയായിരുന്നു. എന്നാൽ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ സംശയം തോന്നിയ ടീം അംഗം എമര്‍ജന്‍സി സര്‍വീസുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് പാരാമെഡിക് സംഘം സ്ഥലത്തെത്തി വീട്ടിനുളളില്‍ പരിശോധിച്ചപ്പോഴാണ് താരത്തെ ബാത് ടബ്ബിലെ വെളളത്തില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
എന്നാൽ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. 1980കളിലും 90കളിലും ജെ പോപ്പ് രംഗത്ത് നിറഞ്ഞുനിന്ന താരമായിരുന്നു. 1995 ൽ പുറത്തിറങ്ങിയ ‘ലവ് ലെറ്റർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ‘ടോക്കിയോ വെതർ’ (1997) എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. 1985ൽ ‘മൈഡോ ഒസാവാഗസെ ഷിമാസു’ എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ നകയാമ 22 സ്റ്റുഡിയോ ആൽബങ്ങളും എട്ട് നമ്പർ 1 സിംഗിൾസും പുറത്തിറക്കിയിട്ടുണ്ട്.