Janardhanan: കാമുകിയെ വീട്ടുകാർ വേറെ വിവാഹം കഴിപ്പിച്ചു; ഭർത്താവ് ഉപേക്ഷിച്ചപ്പോൾ താനവരെ സ്വീകരിച്ചു: പ്രണയകഥ പറഞ്ഞ് ജനാർദ്ദനൻ
Janardhanan Says About His Marriage: തൻ്റെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നുപറഞ്ഞ് ജനാർദ്ദനൻ. കാമുകിയെ വീട്ടുകാർ വേറെ വിവാഹം കഴിച്ചയച്ചെങ്കിലും ഭർത്താവ് ഉപേക്ഷിച്ചപ്പോൾ താൻ അവരെ വിവാഹം കഴിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ പ്രണയവും വിവാഹവും പറഞ്ഞ് നടൻ ജനാർദ്ദനൻ. കുട്ടിക്കാലം മുതലേ ഒരു പ്രണയബന്ധമുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഈ കാമുകിയെ വീട്ടുകാർ വേറെ വിവാഹം കഴിപ്പിച്ചെന്നും ഭർത്താവ് വിവാഹമോചനം നേടിയപ്പോൾ താൻ അവരെ വിവാഹം കഴിക്കുകയായിരുന്നു എന്നും ജനാർദ്ദനൻ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
“എൻ്റെ പ്രണയം സാധാരണ പ്രണയമൊന്നുമല്ല. വല്ലാത്ത പ്രണയമായിപ്പോയി. കൊച്ചുന്നാളിലേ തൊട്ട് കളിച്ചുവളർന്ന ഒരു പെൺകുട്ടിയുമായിട്ടാണ് മാനസികമായിട്ട് അടുപ്പമുണ്ടായിരുന്നത്. എപ്പോഴെങ്കിലും ഒരു നല്ലകാലമുണ്ടാവുമ്പോൾ കല്യാണം കഴിക്കാമെന്നൊക്കെ ആലോചിച്ചിരുന്നു. അങ്ങനെയാണ് ഫോഴ്സിലൊക്കെ പോയി ചേർന്നത്. അവരുടെ അച്ഛൻ വലിയ ഓഫീസറൊക്കെ ആയിരുന്നു. സൗകര്യത്തിലായിരുന്നു. നമ്മളിങ്ങനെ നടക്കുകയല്ലേ. പിന്നെ സിനിമ എന്ന് പറഞ്ഞ് അതുമായി. അന്നത്തെ കാലത്ത് ഇതൊക്കെ ഡിസ്ക്വാളിഫിക്കേഷൻസാണ്. അന്ന് സിനിമ എന്നൊക്കെ പറഞ്ഞാൽ ആകെ കുഴപ്പം പിടിച്ച സ്ഥലമാണ്. അന്ന് പെണ്ണുങ്ങൾക്ക് ഇന്നത്തെ പോലെ സംസാരിക്കാൻ കഴിയില്ലല്ലോ. അങ്ങനെ കൊള്ളാവുന്ന ഒരാൾക്ക് ഇവരെ അച്ഛൻ കല്യാണം കഴിച്ചുകൊടുത്തു.”- ജനാർദ്ദനൻ പറഞ്ഞു.
“പക്ഷേ, നമ്മുടെ പ്രണയം അന്നും അടിത്തട്ടിലുണ്ട്. കോളജിൽ പഠിക്കുമ്പോഴും സിനിമയിൽ അഭിനയിക്കുമ്പോഴും മറ്റ് പെൺകുട്ടികളുമായി അടുക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, അതിനൊന്നും മനസനുവദിച്ചില്ല. ഇതിൻ്റെ ക്ലൈമാക്സ് എന്നാൽ, ആ ബന്ധം രണ്ടര വർഷത്തോളമേ നീണ്ടുനിന്നുള്ളൂ. അയാൾ തന്ത്രപൂർവം അമേരിക്കയിൽ പോവുകയാണെന്ന് പറഞ്ഞ് ഡിവോഴ്സ് വാങ്ങി സ്ഥലം വിട്ടു. അവിടെ ചെന്ന് വേറെ കല്യാണം കഴിച്ചു. മുൻ കാമുകി വലിയ ബുദ്ധിമുട്ടിലായി. അന്ന് കത്തുകളൊക്കെ എഴുതുമായിരുന്നു. ഞാൻ വിചാരിച്ചു, നമ്മൾ തുടങ്ങിവച്ചതല്ലേ. അങ്ങനെയാണ് വിവാഹം കഴിച്ചത്.”- അദ്ദേഹം കൂട്ടിച്ചേർത്തു.




ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്ന ജനാർദ്ദനൻ 1972ൽ ആദ്യത്തെ കഥ എന്ന സിനിമയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്. 700ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എംഎ നിഷാദ് സംവിധാനം ചെയ്ത് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു അന്വേഷണത്തിൻ്റെ തുടക്കം എന്ന സിനിമയിൽ അവസാനമായി അഭിനയിച്ചു. നാഗേന്ദ്രൻസ് ഹണിമൂൺ എന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.