Jagadish: വന്ദനത്തിൽ അവർ ഒരുമിക്കുന്നതായിരുന്നു എനിക്കിഷ്ടം; ഇപ്പോഴത്തെ ക്ലൈമാക്സിന് കാരണം എംടി എന്ന് ജഗദീഷ്
Jagadish Vandhanam movie: വന്ദനം സിനിമയുടെ ക്ലൈമാക്സിൽ നായകനും നായികയും തമ്മിൽ ഒരുമിക്കുന്നതായിരുന്നു തനിക്ക് ഇഷ്ടമെന്ന് ജഗദീഷ്. തനിക്ക് അത്തരം ക്ലൈമാക്സുകളാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

വന്ദനം സിനിമയിൽ നായകനും നായികയും ഒന്നിക്കുന്നതായിരുന്നു തനിക്ക് ഇഷ്ടമെന്ന് ജഗദീഷ്. എംടി വാസുദേവൻ നായരുടെ ഇൻഫ്ലുവൻസ് ഉള്ളതുകൊണ്ടാണ് പ്രിയദർശൻ അത്തരം ക്ലൈമാക്സുകൾ തിരഞ്ഞെടുത്തത് എന്നും ജഗദീഷ് പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗദീഷിൻ്റെ പരാമർശം.
“അന്നത്തെ കാലത്ത് പ്രിയദർശന് എംടി സാറിൻ്റെ ഭയങ്കര ഇൻഫ്ലുവൻസുണ്ട്. എംടി സാറിൻ്റെ പല കഥാപാത്രങ്ങൾക്കും ട്രാജിക് എൻഡിംഗ് ആണ്. പല സിനിമകളും അങ്ങനെയാണ്. എംടി സാറിൻ്റെ സ്വാധീനം ലോഹിതദാസിനും പ്രിയദർശനും ഉണ്ട്. അവസാനം പ്രേക്ഷകരെ ഒന്ന് കരയിച്ചിട്ട് വിടുക എന്നുള്ളത്. എനിക്ക് അതിനോട് യോജിപ്പില്ല. അവസാനം പ്രേക്ഷകരെ ഹാപ്പിയാക്കണം. വന്ദനത്തിൻ്റെ ക്ലൈമാക്സിൽ അവർ ഒരുമിക്കുന്നതായിരുന്നു എനിക്ക് ഇഷ്ടം. സച്ചി പറഞ്ഞതാണ് ശരി. അവസാനം നായകൻ വില്ലൊടിക്കണം. അത് വളരെ മനസിൽ തട്ടിയ ഒരു കാര്യമാണ്. അവസാനം പ്രതീക്ഷയുടെ ഒരു ചെറിയ നാളം കൊടുത്താൽ നമുക്ക് ഹൃദയം നിറഞ്ഞ് ഇറങ്ങിപ്പോകാം.”- ജഗദീഷ് പറഞ്ഞു.
“നേരെമറിച്ച്, നന്മയുടെ പ്രതീകമായ നായകൻ എല്ലാം തകർന്ന് ലൂസറായി നിൽക്കാൻ നേരത്ത് പിന്നെ ജീവിക്കുമ്പോ നമ്മുടെ നന്മയ്ക്ക് എന്താണ് പ്രസക്തി. ഈ നന്മയുള്ളവനൊക്കെ ഇതേ വരൂ എന്നൊരു തോന്നൽ നമുക്ക് വരും. ഞാനിത് പറയുമ്പോൾ എൻ്റെ ചിന്ത പൈങ്കിളിയാണെന്ന് പറയും. ജീവിതം ഹാപ്പി എൻഡിംഗ് അല്ലെന്ന് പറയും. അതുകൊണ്ടാണ് സിനിമ കാണാൻ പോകുന്നത്. എൻ്റെ ആഗ്രഹമാണത്. അവർ ചെയ്തത് തെറ്റാണെന്നല്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.




മോഹൻലാലിനെ നായകനാക്കി 1989ൽ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയായിരുന്നു വന്ദനം. ഗിരിജ ഷെട്ടാർ ആയിരുന്നു നായിക. നെടുമുടി വേണു, മുകേഷ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു. എസ് കുമാർ ആണ് ക്യാമറ കൈകാര്യം ചെയ്തത്. എൻ ഗോപാകൃഷ്ണൻ എഡിറ്റിങ് നിർവഹിച്ചപ്പോൾ ഔസേപ്പച്ചൻ ഗാനങ്ങൾ അണിയിച്ചൊരുക്കി. 1989 മെയ് 14ന് റിലീസായ സിനിമ തീയറ്ററിൽ പരാജയപ്പെട്ടു. സിനിമയുടെ പരാജയത്തിന് കാരണം ക്ലൈമാക്സ് ആണെന്ന നിരീക്ഷണങ്ങളുണ്ട്. നായകനായ ഉണ്ണിയും നായിക ഗാഥയും പിരിയുന്നതായിരുന്നു സിനിമയുടെ ക്ലൈമാക്സ്.