Mutharamkunnu P.O Movie : ‘മുത്താരംകുന്നിലേക്ക് ധാരാ സിങിനെ എത്തിച്ച തുക കേട്ട് ശ്രീനിയും സിബിയും ഞെട്ടി’; ആ രഹസ്യം വെളിപ്പെടുത്തി ജഗദീഷ്
Mutharamkunnu P.O Movie And Actor Jagadish : മുത്താരംകുന്ന് പി.ഒ ജഗദീഷിൻ്റെ കഥയാണെങ്കിലും ധാര സിങ്ങ് പോലെയുള്ള കഥാപാത്രങ്ങൾ തിരക്കഥ രചയ്താവായ ശ്രീനിവാസൻ്റെ സൃഷ്ടിയാണെന്ന് ജഗദീഷ് പറയുന്നത്.
മലയാളത്തിലെ എവർഗ്രീൻ കോമഡി ചിത്രങ്ങളിൽ ഒന്നാണ് മുകേഷ് നായകനായി എത്തിയ മുത്താരംകുന്ന് പി.ഒ. സിബി മലയിൽ ഒരുക്കിയ ചിത്രത്തിൻ്റെ കഥ നടൻ ജഗദീഷിൻ്റേതാണെങ്കിലും തിരക്കഥ എഴുതിയിരിക്കുന്നത് നടൻ ശ്രീനിവാസനാണ്. തൻ്റെ കഥയിൽ നിന്നും ശ്രീനിവാസൻ ഒരുപാട് മാറ്റങ്ങൾ വരുത്തിയെന്നും നായിക ഉൾപ്പെടെയുള്ള പല കഥാപാത്രങ്ങളെയും പുനഃസൃഷ്ടിച്ചുയെന്നും ജഗദീഷ് തന്നെ പറയുന്നു. അങ്ങനെ ശ്രീനിവാസൻ്റെ സംഭാവനയിൽ ഉടലെടുത്ത കഥാപാത്രങ്ങളാണ് നായിക അമ്മിണിക്കുട്ടിയും ധാരാ സിങ്ങും. ആസിഫ് അലി ചിത്രം രേഖാചിത്രത്തിലെ മുത്താരംകുന്ന് പിഒ സിനിമയുടെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമയുടെ പിന്നണിക്കഥകൾ പങ്കുവെക്കെയാണ് ജഗദീഷ് ഇക്കാര്യം അറിയിക്കുന്നത്.
സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീനിവാസൻ ധാരാ സിങ്ങ് എന്ന കഥാപാത്രത്തെ കുറിച്ച് തങ്ങളോട് പറയുന്നത്. ധാരാ സിങ്ങിനെ എങ്ങനെ മുത്താരംകുന്നിലേക്കെത്തിക്കുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഹിന്ദി അറിയാമെന്ന ഒറ്റ കാരണത്താൽ ആ ചുമതല തനിക്ക് ലഭിച്ചുയെന്ന് ജഗദീഷ് പറഞ്ഞു. ടെലിഫോണിലൂടെ ധാരാ സിങ്ങിൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായി ബന്ധപ്പെടുകയും തുടർന്ന് നേരിൽ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുകയും ചെയ്തു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാൽ ധാരാ സിങ്ങിനെ നേരിൽ കണ്ട് കൂട്ടികൊണ്ടുവരാനുള്ള ചുമതലയും തനിക്ക് ലഭിച്ചുയെന്ന് ജഗദീഷ് കൂട്ടിച്ചേർത്തു.
ധാരാ സിങ്ങിനായി രണ്ട് ലക്ഷം രൂപ വരെ ചിലവഴിക്കാനാകൂ എന്നാണ് നിർമാതാക്കൾ തന്നോട് പറഞ്ഞത്. ചിലർ അദ്ദേഹം പത്ത് മുതൽ 15 ലക്ഷം രുപ വരെ വാങ്ങിക്കുമെന്ന് പറഞ്ഞു പേടിപ്പിച്ചു. അങ്ങനെ അവസാനം അദ്ദേഹത്തെ നേരിൽ കണ്ട് സിനിമയുടെ കഥയെല്ലാം പറഞ്ഞു, അവസാനം പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചയായി, അദ്ദേഹം തന്നോട് നിങ്ങൾക്ക് എത്രയാണ് നൽകാൻ സാധിക്കുക എന്ന് ചോദിച്ചു. വലിയ സാമ്പത്തിക മെച്ചമില്ലാത്ത സിനിമ ഇൻഡസ്ട്രിയാണ് മലയാളത്തിൻ്റേത്. അതുകൊണ്ട് ഇത് പ്രതിഫലമായി കണക്കാക്കരുതെന്ന് എന്ന് അദ്ദേഹത്തോട് ഒരു പത്ത് പ്രാവിശ്യമെങ്കിലും പറഞ്ഞുകാണും. എന്നിട്ട് 25,000 രൂപ എന്ന പറഞ്ഞു. മറിച്ചൊന്നും അലോചിക്കാതെ അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തുയെന്ന് ജഗദീഷ് പറഞ്ഞു. 25,000 രൂപയ്ക്ക് അദ്ദേഹത്തിൻ്റെ ഡേറ്റ് ബുക്ക് ചെയ്തിട്ട് വന്ന ശ്രീനിവാസനോടും സിബി മലയിലിനോട് ഇക്കാര്യം അറിയിച്ചപ്പോൾ അവർ ഞെട്ടിപ്പോയിയെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.
സിനിമയുടെ ചിത്രീകരണത്തിനായി ധാരാ സിങ്ങ് എത്തുന്ന സമയത്ത് ഇവിടെ വലിയ ഒരുക്കുങ്ങളായിരുന്നു. എത്ര കോഴിയെ കൊല്ലണം, എത്ര മുട്ട വേണമെന്നുള്ള ആശങ്കയായിരുന്നു ഇവിടെ പലർക്കുമുണ്ടായിരുന്നത്. എന്നാൽ അദ്ദേഹം വന്നപ്പോൾ നമ്മൾ കഴിക്കുന്നത് പോലെ അൽപം അധികം മാത്രമേ കഴിക്കൂ എന്ന മനസ്സിലാക്കി. 25,000 രൂപയ്ക്ക് മലയാളത്തിൽ ചിത്രം ചെയ്യാൻ സമ്മതം അറിയിച്ചത് ധാരാ സിങ്ങിൻ്റെ വലിയ മനസ്സാണെന്നും ജഗദീഷ് ഓർത്തെടുത്തു.