Rijas Koottar: ‘പോത്തിന്റെ ചാണകം വരെ വാരി; രക്ഷപ്പെടില്ലെന്ന് മുഖത്തുനോക്കി പറഞ്ഞവരുണ്ട്’; ഇന്‍സ്റ്റഗ്രാമിലെ ‘ജിങ്കിടി മാമനും’ ചിലത് പറയാനുണ്ട്
Rijas Koottar about his life: നാല് വര്‍ഷമായിട്ട് യൂട്യൂബില്‍ ഉണ്ട്. പക്ഷേ രണ്ട് തവണ പരാജയപ്പെട്ടു. ഇത് മൂന്നാമത്തെ തവണയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ജിങ്കിടി മാമന്റെ കഥയുമായി വന്നത്. യൂട്യൂബര്‍ ആകാനായിരുന്നു ആഗ്രഹം. സാഹചര്യമാണ് ജിങ്കിടി മാമനാക്കി മാറ്റിയത്. മറ്റുള്ളവരുടെ ചിരി കാണുമ്പോഴാണ് എന്റര്‍ടെയിന്‍മെന്റ് തോന്നുന്നതെന്നും റിജാസ്

റിജാസ് കൂട്ടാര്‍
പിഞ്ഞാ സെറ്റിംഗ്‌സ്, ജിങ്കിടി മാമന്‍, ഞ്ഞോഞ്ഞി ആശാൻ, നൊക്കണാച്ചി മാമന്‍…കേട്ടാല്‍ കിളി പോകുന്ന തരത്തിലുള്ള ഈ പേരുകള്‍ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ സൂപ്പര്‍ഹിറ്റാണ്. തന്റെ ഭാവനയില്‍ വിരിഞ്ഞ പേരുകളും കഥകളുമായി സോഷ്യല്‍ മീഡിയ കീഴടക്കുന്ന ഒരു 23കാരന്‍ പയ്യന്‍ ഇടുക്കിയിലെ കൂട്ടാറിലുണ്ട്. പേര് റിജാസ്. മൊബൈലിലെ സെറ്റിങ്‌സ് മാറിപോയതിനെക്കുറിച്ച് തമാശരൂപേണ ചെയ്ത വീഡിയോയിലൂടെ റിജാസ് അടുത്തിടെയാണ് വൈറലായത്. വേറിട്ട സംസാരശൈലിയും, അവതരണരീതിയുമാണ് റിജാസിനെ ഫോളോവേഴ്‌സിന്റെ പ്രിയങ്കരനാക്കിയത്. റിയാസിന്റെ കഥകളിലെ അഞ്ച് സെന്റ് പാറയ്ക്ക് ഏലത്തോട്ടത്തിനും ആരാധകര്‍ ഏറെയാണ്. ഏറെ പ്രതിസന്ധികള്‍ നേരിട്ടാണ് റിജാസ് കടന്നുവന്നത്. തന്റെ ജീവിതകഥ ‘സൈന സൗത്ത് പ്ലസി’ന് നല്‍കിയ അഭിമുഖത്തില്‍ റിജാസ് വെളിപ്പെടുത്തി. പത്തൊമ്പതാമത്തെ വയസ് മുതല്‍ പണിക്ക് പോകുന്നതാണെന്ന് റിജാസ് പറഞ്ഞു.
”തൊഴിലുറപ്പിന് പോയിട്ടുണ്ട്. ഇപ്പോള്‍ കൂലിപ്പണി ചെയ്യുന്നു. ഏലത്തിന് മരുന്ന് അടിക്കുന്നതിനുള്ള ഓസ് വലിക്കാന്‍ പോകുന്നുണ്ട്. അത്യാവശ്യം കട്ടിപ്പണിയൊക്കെ ചെറിയ തോതില്‍ ചെയ്യുന്നുണ്ട്. ചെയ്തല്ലേ പറ്റൂ. ജീവിക്കണ്ടേ. പത്തൊമ്പതാമത്തെ വയസില്‍ ജോലി ചെയ്തു തുടങ്ങിയതാണ്. അന്ന് പോത്തിന്റെ ചാണകം വാരാനാണ് പോയത്. കുറേ കഷ്ടപ്പെട്ടു. 24 വയസാവുകയാണ്. അതിനിടയില്‍ ചെയ്യാവുന്ന പണിയെല്ലാം ചെയ്തു. ആദ്യമായി 200 രൂപയാണ് ജോലിക്ക് കിട്ടിയത്. തൊഴിലുറപ്പിന് പോയപ്പോള്‍ 236 കിട്ടി. പിന്നെ അത് 296 ആയി. ഇപ്പോള്‍ 346ല്‍ നില്‍ക്കുന്നു. പണിയും തീര്‍ന്നു”-റിജാസിന്റെ വാക്കുകള്‍.
നാല് വര്‍ഷമായിട്ട് യൂട്യൂബില്‍ ഉണ്ട്. പക്ഷേ രണ്ട് തവണ പരാജയപ്പെട്ടു. ഇത് മൂന്നാമത്തെ തവണയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ജിങ്കിടി മാമന്റെ കഥയുമായി വന്നത്. യൂട്യൂബര്‍ ആകാനായിരുന്നു ആഗ്രഹം. സാഹചര്യമാണ് ജിങ്കിടി മാമനാക്കി മാറ്റിയത്. മറ്റുള്ളവരുടെ ചിരി കാണുമ്പോഴാണ് എന്റര്‍ടെയിന്‍മെന്റ് തോന്നുന്നത്. ജിങ്കിടി മാമന്‍, ഞ്ഞോഞ്ഞി മാമന്‍ തുടങ്ങിയ കഥാപാത്രങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ല. ബാലരമയിലെ ലുട്ടാപ്പി പോലെയുള്ള കഥാപാത്രങ്ങളാക്കി സൃഷ്ടിച്ചതാണെന്നും റിജാസ് വ്യക്തമാക്കി.
കൂട്ടുകാരൊക്കെ നല്ല നിലയില്‍ എത്തിയപ്പോള്‍ വിഷമമുണ്ടായിരുന്നു. എങ്ങനെയെങ്കിലും പച്ച പിടിക്കണമെന്ന് ആഗ്രഹിച്ചാണ് ഈയൊരു സെറ്റപ്പിലേക്ക് വന്നത്. ബിഎ ഹിസ്റ്ററിയാണ് പഠിച്ചത്. കമന്റുകള്‍ കാണുമ്പോള്‍ സന്തോഷമാണ്. മോശം കമന്റുകള്‍ ഡിലീറ്റ് ചെയ്യും. ഒരുപാട് അനുഭവങ്ങളിലൂടെയാണ് കടന്നുവന്നതെന്നും റിജാസ് കൂട്ടാര്‍ പ്രതികരിച്ചു.
പള്ളിയില്‍ പോയാലും, ഉത്സവത്തിന് പോയാലും ഫോട്ടോ എടുക്കാറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഫോട്ടോ എടുക്കുന്ന സമയത്ത് ഞാന്‍ രക്ഷപ്പെടില്ലെന്ന് ഒന്നു രണ്ടുപേര്‍ മുഖത്തുനോക്കി പറഞ്ഞു. അത് കോണ്‍ഫിഡന്‍സായി, വാശിയായി. എങ്ങനെയെങ്കിലും ജീവിതം മെച്ചപ്പെടുത്തണമെന്ന് തോന്നി. ഈ അഞ്ച് സെന്റ് പാറയില്‍ നിന്ന് അത്യാവശ്യം വീടും സാമ്പത്തികവുമായി രക്ഷപ്പെടണമെന്ന് തോന്നി. അങ്ങനെയാണ് ഈ പരിപാടിക്ക് വന്നത്.
പത്തില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അടുക്കളപ്പണിയൊക്കെ ചെയ്തിട്ടാണ് അമ്മ വളര്‍ത്തിയത്. നല്ലൊരു വീട് വച്ച് അമ്മയെ വീട്ടിലിരുത്തണമെന്നാണ് ആഗ്രഹം. ഒഴിവാക്കി പോയ കൂട്ടുകാരൊക്കെ ഇപ്പോള്‍ വരുന്നുണ്ട്. വീടിന്റെ അവസ്ഥയൊക്കെ ആലോചിച്ച് ഡിപ്രഷന്‍ വരാറുണ്ട്. ഇപ്പോള്‍ ഹാപ്പിയാണെന്നും റിജാസ് പറഞ്ഞു.