Good Bad Ugly Ilayaraja Controversy: ‘മാപ്പ് പറയണം, നഷ്ടപരിഹാരമായി അഞ്ച് കോടി വേണം’; അജിത് ചിത്രത്തിന് ഇളയരാജയുടെ നോട്ടീസ്
Ilaiyaraaja Sends Legal Notice To Makers Of 'Good Bad Ugly': അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് ഇളയരാജ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് വക്കീൽ നോട്ടീസ് അയച്ചത്. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. അനുവാദമില്ലാതെ തന്റെ പാട്ടുകള്‍ ഉപയോഗിച്ചെന്ന് കാണിച്ചാണ് ഇളയരാജ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിന് വക്കീൽ നോട്ടീസ് അയച്ചത്. അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
തന്റെ മൂന്ന് പാട്ടുകള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നാണ് ഇളയരാജയുടെ ആരോപണം. 1996-ല്‍ പുറത്തിറങ്ങിയ ‘നാട്ടുപുര പാട്ട്’ എന്ന ചിത്രത്തിലെ ഒത്ത രൂപൈ തരേന്‍, 1982-ല്‍ പുറത്തിറങ്ങിയ ‘സകലകലാ വല്ലവ’നിലെ ഇളമൈ ഇതോ ഇതോ, 1986-ലെ ‘വിക്ര’ത്തിലെ എന്‍ജോഡി മഞ്ഞക്കുരുവി എന്നീ പാട്ടുകളാണ് അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഈ പാട്ടുകളുടെ യഥാര്‍ഥ ഉടമ താനാണെന്നും അത്തരം സൃഷ്ടികളുടെ ധാര്‍മികവും നിയമപരവുമായ അവകാശങ്ങള്‍ തനിക്കാണെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു. തന്റെ അനുവാദമില്ലാതെ പാട്ട് വികലമായി ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശത്തിന്റെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
റോയല്‍റ്റി നല്‍കാതെ തന്റെ സൃഷ്ടിയെ വാണിജ്യപരമായി ദുരുപയോഗംചെയ്തുവെന്നും നോട്ടീസില്‍ പറയുന്നു. ചിത്രത്തില്‍നിന്ന് പാട്ടുകള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെടുന്ന നോട്ടീസില്‍, ഉപാധികളില്ലാതെ മാപ്പുപറയണമെന്നും അഞ്ചുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നു. നോട്ടീസിലെ ആവശ്യങ്ങള്‍ ഏഴു ദിവസത്തിനുള്ളില്‍ അംഗീകരിക്കാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ഇതിനുമുൻപും പല സിനിമ നിർമാതാക്കൾക്കും ഇളയരാജ നോട്ടീസ് അയച്ചിട്ടുണ്ട്.