5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ilaiyaraaja: ‘ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാന്‍’; ശ്രീകോവിലില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇളയരാജ

Ilaiyaraaja Temple Controversy: താനുമായി ബന്ധപ്പെട്ട് ചിലയാളുകൾ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ലെന്നും ഇളയരാജ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം.

Ilaiyaraaja: ‘ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാന്‍’; ശ്രീകോവിലില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇളയരാജ
ഇളയരാജ (Image credits:social media)
sarika-kp
Sarika KP | Published: 16 Dec 2024 21:35 PM

ശ്രീവില്ലിപ്പുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ശ്രീകോവിലിനു അകത്ത് കയറിയ സംഗീതജ്ഞൻ ഇളയരാജയെ ക്ഷേത്ര ഭാരവാഹികൾ തടഞ്ഞ തിരിച്ച് ഇറക്കിയ സംഭവം വലിയ വിവാ​ദത്തിലേക്കാണ് നയിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതോടെയാണ് ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്ത് എത്തി. ജാതി വിവേചനം കാരണമാണ് ഇളയരാജയെ ഇറക്കിയത് എന്നായിരുന്നു ഉയരുന്ന പ്രധാന ആക്ഷേപം.എന്നാൽ ക്ഷേത്ര ആചാരപ്രകാരം ശ്രീകോവിലിൽ ഭക്തർക്ക് പ്രവേശിക്കാൻ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹം തിരിച്ച് ഇറങ്ങിയത്.

 

എന്നാൽ ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് ഇളയരാജ തന്നെ രം​ഗത്ത് എത്തിയിരിക്കുകയാണ്.താനുമായി ബന്ധപ്പെട്ട് ചിലയാളുകൾ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അത്തരത്തിൽ ഒന്നും സംഭവിച്ചിട്ടില്ലെന്നും ഒരിടത്തും ആത്മാഭിമാനം അടിയറവ് വയ്ക്കാറില്ലെന്നും ഇളയരാജ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് താരത്തിന്റെ പ്രതികരണം.

‘ഞാനുമായി ബന്ധപ്പെട്ട് ചിലയാളുകള്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാന്‍, ഇനി ഒരിക്കലും അത് ചെയ്യുകയുമില്ല. നടക്കാത്ത കാര്യങ്ങള്‍ നടന്നപോലെ പ്രചരിപ്പിക്കുകയാണ് അവര്‍. ആരാധകരും പൊതുജനങ്ങളും ഈ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്.’ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇളയരാജ പറഞ്ഞു.

 

എന്താണ് സംഭവിച്ചത്

ഇളയരാജ സംഗീത പരിപാടിയിലും നൃത്താഞ്ജലിയിലും പങ്കെടുത്തപ്പോഴായിരുന്നു സംഭവം. തുടർന്ന് പ്രാർത്ഥിക്കാനായി അർത്ഥമണ്ഡപത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയപ്പോഴാണ് ക്ഷേത്രം അധികൃതരും ഭക്തരും ഇളയരാജയെ തടഞ്ഞത്. ആചാര ലംഘനമാണെന്നാരോപിച്ചാണ് അർത്ഥമണ്ഡപത്തിലേക്കുള്ള പ്രവേശനം തടഞ്ഞത്. തുടർന്ന് അർത്ഥമണ്ഡപത്തിന് പുറത്ത് നിന്ന് പ്രാർഥന നടത്തിയ ഇളയരാജയെ പൂജാരികൾ ഹാരമണിയിച്ച് ആദരിച്ചു. ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ഡിപ്പാർട്ട്മെൻറിൻറെ നേതൃത്വത്തിൽ അദ്ദേഹത്തിന് സ്വീകരണവും നൽകി. ഇദ്ദേഹത്തിന്റെ കൂടെ ജീയാർ മട്ടിലെ മതാചാര്യന്മാരായ സദാഗോപ രാമാനുജ അയ്യർ, സദാഗോപ രാമാനുജ ജീയാർ എന്നിവരുമുണ്ടായിരുന്നു. ‘ദിവ്യ പാസൂരം’ എന്ന തൻറെ പുതിയ ഭക്തി സംഗീത ആൽബം പുറത്തിറക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.

സംഭവം പുറം ലോകമറിഞ്ഞതോടെ ഇളയരാജയെ തടഞ്ഞ നടപടിക്കെതിരെയുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമായി. ഇന്നലെ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്ടർക്കും പ്രവേശനം നിഷേധിച്ചിരുന്നു. ചർച്ചകൾ നീണ്ടു പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്ന സാഹചര്യത്തിലാണ് പ്രതികരണം.

‘അന്നക്കിളി’ എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച ഇളയരാജ 45 വർഷത്തിലേറെയായി തമിഴ് സിനിമാ മേഖലയിലും പ്രവർത്തിച്ചു വരികയാണ്. ഇളയരാജ സംഗീത സംവിധാനം നിർവഹിക്കുന്ന ‘വിടുതലൈ പാർട്ട്- 2’ ഡിസംബർ 20 ന് റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ വിവാദം.