I’m Game: അയാം ഗെയിം എന്നാൽ ഞാൻ കളി എന്നാണോ? ദുൽഖർ സിനിമയുടെ പേരിൻ്റെ അർത്ഥം അതല്ല
I'm Game Meaning: ദുൽഖർ സൽമാൻ - നഹാസ് ഹിദായത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന 'അയാം ഗെയിം' എന്ന സിനിമയുടെ പേരിനെച്ചൊല്ലിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുകയാണ്. ഞാൻ കളി എന്നാണ് ഇതിൻ്റെ അർത്ഥമെന്ന പരിഹാസവുമുണ്ട്.

‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയ്ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരികെവരുന്ന സിനിമയാണ് ‘ഐ ആം ഗെയിം’. ആർഡിഎക്സ് എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയൊരുക്കിയ നഹാസ് ഹിദായത്താണ് ഐ ആം ഗെയിമിൻ്റെ സംവിധായകൻ. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയപ്പോൾ ഈ പേര് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന തരത്തിലുള്ള ചില ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നടന്നു. ‘ഐ ആം ഗെയിം’ എന്നാൽ ‘ഞാൻ കളി’ എന്ന പരിഹാസങ്ങളുമുയർന്നു. എന്നാൽ ഇതല്ല ഐ ആം ഗെയിമിൻ്റെ അർത്ഥം.
ഇംഗ്ലീഷ് ഭാഷയിലെ ഒരു ശൈലിയാണ് (idiom) ഐ ആം ഗെയിം. താൻ തയ്യാറാണ് എന്നാണ് ഇതിനർത്ഥം. ഐ ആം റെഡി എന്നതിൻ്റെ കുറച്ചുകൂടി ആവേശകരമായ പ്രയോഗമാണ് ഐ ആം ഗെയിം. ഒരു ചീട്ട് പിടിച്ചിരിക്കുന്ന, ചോരപുരണ്ട കയ്യാണ് പോസ്റ്ററിലുണ്ടായിരുന്നത്. ചീട്ട് അഥവാ കാർഡ്സ് കൊണ്ട് കളിയ്ക്കുന്ന ഒരു കളി. അത് ചോരക്കളിയാവാം. പോസ്റ്ററിലെ ചോര പുരണ്ട കൈ അതിനെ സൂചിപ്പിക്കുന്നു. കാർഡ്സ് ഉൾപ്പെടുന്ന, ജീവിതം നിർണയിക്കുന്ന ഈ ചോരക്കളിയ്ക്ക് താൻ തയ്യാറാണെന്നതാണ് ‘ഐ ആം ഗെയിം’ എന്ന പേരിലൂടെ അണിയറപ്രവർത്തകർ ഉദ്ദേശിക്കുന്നത്.




വേഫേറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് സിനിമ നിർമ്മിയ്ക്കുന്നത്. നഹാസ് ഹിദായത്തിൻ്റെ കഥയ്ക്ക് സജീർ ബാബ, ബിലാൽ മൊയ്ദു, ഇസ്മയിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ജിംഷി ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയുടെ എഡിറ്റർ ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും. 2023ൽ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുൽഖർ മലയാളം സിനിമകളിൽ അഭിനയിച്ചിട്ടില്ല. കൽകി, ലക്കി ഭാസ്കർ എന്നീ തെലുങ്ക് സിനിമകളാണ് ദുൽഖർ അഭിനയിച്ചത്. ലക്കി ഭാസ്കർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിലവിൽ കാന്ത എന്ന തമിഴ് സിനിമയിലും ‘ആകാശം ലോ ഒക താര’ എന്ന തെലുങ്ക് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.