Honey Rose: വെച്ചുകെട്ടിയാൽ എന്താണ് പ്രശ്നം?; അത് എങ്ങനെ തെളിയിക്കണമെന്നാണ് ഇവർ പറയുന്നത്?: ഹണി റോസ്
Honey Rose Responds To Bodyshaming: തൻ്റെ ശരീരത്തിൽ തനിക്ക് 100 ശതമാനം അഭിമാനമുണ്ടെന്ന് നടി ഹണി റോസ്. വെച്ചുകെട്ടി നടന്നാൽ തന്നെ എന്താണ് പ്രശ്നമെന്നും തൻ്റെ ശരീരത്തിൽ എന്ത് ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും ഹണി പ്രതികരിച്ചു.

ഹണി റോസ്
വെച്ചുകെട്ടിയാണ് താൻ നടക്കുന്നതെന്ന പരിഹാസങ്ങളോട് പ്രതികരിച്ച് നടി ഹണി റോസ്. വെച്ചുകെട്ടിയാൽ തന്നെ എന്താണ് പ്രശ്നമെന്നും തൻ്റെ ശരീരത്തിൽ അങ്ങനെ ചെയ്യാനുള്ള അധികാരം തനിക്കുണ്ടെന്നും ഹണി റോസ് പറഞ്ഞു. ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് തനിക്കെതിരായ സൈബർ ആക്രമണങ്ങളോടും സ്ത്രീവിരുദ്ധ പരാമർശങ്ങളോടും ഹണി പ്രതികരിച്ചത്.
“വെച്ചുകെട്ടിയാൽ എന്താണ് പ്രശ്നം? ഞാൻ വെച്ചുകെട്ടിയിട്ടാണ് പോകുന്നതെങ്കിൽ അത് ആരെയാണ് ബാധിക്കുന്നത്? അതെന്നെ മാത്രം ബാധിച്ചാൽ പോരേ? ഇതൊക്കെ നിങ്ങളുടെ പ്രശ്നമാവുന്നതെങ്ങനെയാണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. എൻ്റെ ശരീരത്തിൽ എനിക്ക് നൂറ് ശതമാനം അഭിമാനമുണ്ട്. വെച്ചുകെട്ടണമെന്ന് തോന്നിയാൽ അതിനുള്ള അധികാരവും അവകാശവും എനിക്കുണ്ട്. എൻ്റെ ശരീരത്തിലല്ലേ ചെയ്യുന്നത്, വേറെ ആരുടെയും ശരീരത്തിൽ അല്ലല്ലോ. ഇതൊന്നും ആരെയും ബോധിപ്പിക്കേണ്ട വിഷയങ്ങളല്ല. ഇതൊക്കെ ഒന്ന് കണ്ണടച്ചിരുന്ന് ചിന്തിച്ചാൽ മനസ്സിലാവും. എത്രത്തോളം വൃത്തികേടുകളാണ്. ഇതെങ്ങനെ ഞാൻ പ്രൂവ് ചെയ്യാം എന്നാണ് നിങ്ങൾ പറയുന്നതെന്ന് ഞാൻ പലപ്പോഴും ആലോചിക്കും. ഇതെങ്ങകെ പ്രൂവ് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്?”- ഹണി ചോദിച്ചു.
Also Read: Kalabhavan Mani: ‘ബോധം പോയപ്പോഴും വന്നപ്പോഴും ഞാൻ തേടിയത് മണിച്ചേട്ടനെ’; 9 വർഷങ്ങൾക്കുശേഷം നിമ്മി മനസ്സുതുറക്കുന്നു



“ഭയങ്കര ഫ്രസ്ട്രേറ്റഡായിട്ടുള്ള കുറച്ചുകൂട്ടം ആളുകൾ ഉണ്ടാക്കിവെക്കുന്ന ചിന്താഗതികളാണ് കെട്ടിയൊരുങ്ങി നടന്നാൽ തെറിവിളിക്കാമെന്ന തോന്നലുകളുടെ കാരണം. അതിനൊന്നും യാതൊരു അധികാരവുമില്ല. ശക്തമായ നിയമമുണ്ട്. നിയമം തീർച്ചയായും അതിൻ്റെ ജോലികൾ ചെയ്യും. ഒരു സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നത് വളരെ ബേസിക്കായ കാര്യമാണ്. ചെറുപ്പം തൊട്ടേ പഠിക്കുന്നതാണ്, ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ പെരുമാറണം, ഒരു പുരുഷൻ്റെ അടുത്ത് എങ്ങനെ പെരുമാറണം, പ്രായമായ ആളുകളുടെ അടുത്ത് എങ്ങനെ പെരുമാറണം എന്ന്. ഇത് ഫാമിലിയിൽ നിന്നും സ്കൂളുകളിൽ നിന്നുമൊക്കെ പഠിക്കേണ്ടതാണ്. സമൂഹത്തിൽ എങ്ങനെ പെരുമാറണമെന്നതിന് കുറച്ചുകൂടി ഗൗരവം നൽകണമെന്ന് എനിക്ക് തോന്നുന്നു. എൻ്റെ ശരീരത്തിൽ എന്ത് ചെയ്യാനും എനിക്കവകാശമുണ്ട്. ഞാൻ വേറൊരു ആളെയും ഉപദ്രവിക്കാൻ പോകാത്തിടത്തോളം എൻ്റെ ശരീരം എൻ്റെ സ്വാതന്ത്ര്യം തന്നെയാണ്.”- ഹണി റോസ് തുടർന്നു.