Honey Rose: ‘തന്ത്രി കുടുംബത്തിൽപ്പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി’; മറുപടിയുമായി ഹണി റോസ്
Honey Rose Response to Rahul Eeshwar: തന്ത്രി കുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നുവെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ എന്നും ഹണി റോസ് പറഞ്ഞു.
രാഹുൽ ഈശ്വറിന് മറുപടിയുമായി നടി ഹണി റോസ് രംഗത്ത്. കഴിഞ്ഞ ദിവസം നടന്ന ചാനൽ ചർച്ചകളിൽ രാഹുൽ ഈശ്വർ നടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഹണി റോസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്ത്രി കുടുംബത്തില്‍പെട്ട രാഹുല്‍ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായെന്നും പൂജാരി ആയിരുന്നുവെങ്കില്‍ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഉണ്ടാക്കിയേനെ എന്നും ഹണി റോസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. എപ്പോഴെങ്കിലും രാഹുലിന്റെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം എന്നും നടി കുറിച്ചു.
ഹണി റോസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
“ശ്രീ രാഹുൽ ഈശ്വർ
താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിൻ്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.”
ഹണി റോസ്-ബോബി ചെമ്മണ്ണൂർ പ്രശ്നത്തെ അടിസ്ഥനമാക്കി കഴിഞ്ഞ ദിവസം നടന്ന ന്യൂസ് 18 ചാനൽ ചർച്ചയ്ക്കിടെയാണ് രാഹുൽ ഈശ്വർ ഹണി റോസിനെ ശക്തമായ ഭാഷയിൽ വിമർശിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ സംസാരത്തിലും പെരുമാറ്റത്തിലും മിതത്വമില്ലെന്ന് പറയുന്നത് പോലെ ഹണി റോസിന്റെ വസ്ത്രധാരണം വൾഗർ ആണെന്ന വിമർശനത്തെ നാം എന്തിനാണ് പേടിയോടെ കാണുന്നതെന്ന് രാഹുൽ ഈശ്വർ ചർച്ചയ്ക്കിടെ ചോദിച്ചിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഒരിക്കലെങ്കിലും ഇത് തോന്നാതിരുന്നിട്ടുണ്ടോയെന്നും, അവരുടെ വസ്ത്രധാരണം കുറച്ച് ഓവറാണ് എന്ന് തോന്നാത്ത ഒരു മലയാളിയും തന്നെ ഉണ്ടാകില്ലെന്നും രാഹുൽ പറഞ്ഞു. കൂടാതെ, ഹണി റോസ് സ്വയം മാർക്കറ്റ് ചെയ്‌തെന്നും, തന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തിയെന്നും രാഹുൽ ആരോപിച്ചു. ഫറ ഷിബില ഉൾപ്പെടെയുള്ള നടിമാർ ഹണി റോസിനെ വിമർശിച്ചു രംഗത്തെത്തിയതും രാഹുൽ ചൂണ്ടിക്കാട്ടി.