Siddique: നടിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദീഖിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
Siddique : ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ സിദ്ദീഖ് ജാമ്യപേക്ഷ ഇപ്പോൾ ഹൈക്കോടതി നൽകിയത്.
കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദീഖിന് കനത്ത തിരിച്ചടി. നടൻ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്. തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ സിദ്ദീഖ് ജാമ്യപേക്ഷ ഇപ്പോൾ ഹൈക്കോടതി നൽകിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദീഖിന്‍റെ ആവശ്യം. എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളികൊണ്ടാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയത്. ഇതോടെ നടന്റെ അറസ്റ്റിനുള്ള സാധ്യത കൂടതലായി.
എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് ലഭിച്ചതിനു ശേഷം മാത്രമേ തുടർ നടപടികളിലേക്ക് കടക്കുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കഴിഞ്ഞ ദിവസം വരെ കൊച്ചിയിലെ വീട്ടിലുണ്ടായിരുന്ന സിദ്ദിഖ് ഇന്ന് മാറി നിൽക്കുകയാണെന്നാണ് വിവരം. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും സിദ്ദിഖ് ഹൈക്കോടതിയിൽ നിലപാട് എടുത്തിരുന്നു. അടിസ്ഥാനനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെയുള്ളത്. അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദിഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. എന്നാൽ നടനെതിരെ യുവതി നൽകിയ പരാതിയിൽ ശക്തമായ തെളിവുകളാണ് ലഭിച്ചിട്ടുള്ളത് എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന നടിയുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകളാണ് ലഭിച്ചതെന്നാണ് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടി സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്ത് എത്തുന്നത്. പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ഷോ കഴിഞ്ഞതിന് ശേഷം തന്നെ മസ്കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. ഇവിടെ വച്ചാണ് തന്നെ ശാരീരികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു, അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നും രക്ഷപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞിരുന്നു. 2016 ജനുവരി 28നാണ് സംഭവം. നടിയുടെ ആരോപണത്തിനു പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവച്ചിരുന്നു.