Hemanth Menon: എന്നെ ഫാസില്‍ സാര്‍ വെറുതെ സിനിമയിലേക്ക് കൊണ്ടുവന്നതല്ല, അത് പ്രൂവ് ചെയ്യണമെന്ന് തോന്നി: ഹേമന്ത് മേനോന്‍
Hemanth Menon About His Acting Career: ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ താരം അഭിനയിച്ചിരിക്കുന്നത്. വിജയരാഘവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, കലാഭാവന്‍ ഷാജോണ്‍ എന്നിവരും ഹേമന്തിനെ കൂടാതെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ലിവിങ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ഹേമന്ത് മേനോന്‍. നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ഓര്‍ഡിനറി, ഡോക്ടര്‍ ലൗ എന്നീ ചിത്രങ്ങളില്‍ ഹേമന്ത് അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്. ഇരുപത്തിയഞ്ചോളം സിനിമകളിലാണ് ഇതുവരെ ഹേമന്ത് വേഷമിട്ടിട്ടുള്ളത്.
ഔസേപ്പിന്റെ ഒസ്യത്ത് എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ താരം അഭിനയിച്ചിരിക്കുന്നത്. വിജയരാഘവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, കലാഭാവന്‍ ഷാജോണ്‍ എന്നിവരും ഹേമന്തിനെ കൂടാതെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മാര്‍ച്ച് ഏഴിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നുണ്ട്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഹേമന്ത് പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.




അപ്രതീക്ഷിതമായി സിനിമയിലെത്തിയ ആളാണ് താനെന്നാണ് ഹേമന്ത് പറയുന്നത്. തനിക്ക് സിനിമയെ കുറിച്ച് പറഞ്ഞ് തരാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു. സില്ലിമോങ്ക്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
”ഞാന്‍ സിനിമയില്‍ വന്നിട്ടിപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തോളമായി. വളരെ അപ്രതീക്ഷിതമായാണ് സിനിമയിലേക്ക് എത്തിയത്. 19 വയസ് എന്തോ ഉള്ളു അന്ന്. പക്വതയില്ലാത്ത പ്രായം. സിനിമയെ കുറിച്ചൊന്നുമറിയില്ല. പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല. പെട്ടെന്ന് പെട്ടെന്ന് സിനിമകള്‍ കിട്ടി, ഓര്‍ഡിനറി, ഡോക്ടര്‍ ലൗ ഒക്കെ ഹിറ്റ് ചിത്രങ്ങളായിരുന്നു.
പ്രൊഫഷനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ ഒട്ടും പ്ലാന്‍ഡ് ആയിരുന്നില്ല. സപ്പോര്‍ട്ടും ഗൈഡന്‍സും തരാനും ആളില്ല. അതുകൊണ്ട് തന്നെ നല്ലോണം ഉഴപ്പി. പിന്നെയാണ് എനിക്ക് കാര്യം മനസിലായത്. എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ഫാസില്‍ സാറാണ്. അദ്ദേഹം ചുമ്മാ ഒരാളെ കൊണ്ടുവരില്ലെന്ന്. എന്തെങ്കിലും കാണാതെ സാര്‍ അത് ചെയ്യില്ലെന്ന് എനിക്കുറപ്പായിരുന്നു. ഞാന്‍ ചിന്തിച്ചു, ഇന്‍ഡസ്ട്രിയില്‍ മുന്നോട്ട് പോകണമെങ്കില്‍ എന്റെ ഭാഗത്തുനിന്ന് എഫേര്‍ട്ട് ഇടണമെന്ന്.
ആദ്യമെല്ലാം ഞാന്‍ കുഴപ്പമില്ലാത്ത അല്ലെങ്കില്‍ ആവറേജ് നടനായിരുന്നു. എന്നെ ഞാന്‍ അങ്ങനെയേ റേറ്റ് ചെയ്യൂ. അത് പോരാ ഞാന്‍ പ്രൂവ് ചെയ്യണം. എനിക്ക് എന്നെ തന്നെ തെളിയിക്കണമായിരുന്നു എനിക്ക് പറ്റുന്നത് എന്താണെന്ന്. അങ്ങനെയാണ് എഫേര്‍ട്ട് എടുത്ത് തുടങ്ങിയത്. നടന്‍ എന്ന നിലയില്‍ ഇംപ്രൂവ് ചെയ്യാന്‍ ആരംഭിച്ചു. വര്‍ക്ക്‌ഷോപ്പുകള്‍ ചെയ്തു. സിനിമകള്‍ കണ്ടു, അഭിനയിച്ച് നോക്കി. ഒരു ലോങ് ജേര്‍ണിയായിരുന്നു അത്. അതൊന്നും ആരും കാണുന്നില്ല,” ഹേമന്ത് പറയുന്നു.