Hema Committee Report : പേരുകള്‍ ആരുടേയൊക്കെയെന്ന് അലട്ടുന്നു; ‘അമ്മ’ യോഗം ഇന്ന്
AMMA Meeting On Hema Committee Report : അമ്മയുടെ യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച വിഷയമായേക്കും. വരും ദിവസങ്ങളില്‍ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ചര്‍ച്ച ചെയ്തേക്കാം
കൊച്ചി: മലയാള സിനിമാ മേഖലയില്‍ വലിയ കോളിളക്കങ്ങള്‍ക്ക് വഴിവെച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ (Hema Committee Report) നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകാതെ സിനിമാ സംഘടനകള്‍. സിനിമാ താരങ്ങളുടെ അവകാശ സംരക്ഷണത്തിനായി നില്‍ക്കേണ്ട അമ്മ എന്ന സംഘടന സ്ത്രീകളുടെ കാര്യത്തില്‍ പൂര്‍ണ പരാജയമായെന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ക്ക് വലിയ ആശങ്കയുണ്ട്. പേരുകള്‍ ആരുടേയൊക്കെയാണൊണ് സംഘടനകളെ അലട്ടുന്നുത്. സിനിമാ താരങ്ങള്‍ക്കിടയിലെ പ്രമുഖര്‍, സിനിമ മേഖലയെ നിയന്ത്രിക്കുന്നവര്‍ തുടങ്ങി പല സൂചനകളും റിപ്പോര്‍ട്ടിലുണ്ട്.
വിഷയത്തില്‍ ഇന്ന് ഓഗസ്റ്റ് 21-ാം തീയതി വൈകിട്ട് താരസംഘടനയായ അമ്മയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. യോഗത്തില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചാ വിഷയമാകും. വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ചര്‍ച്ച ചെയ്യും. അമ്മയുടെ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെ് സംശയമുണ്ട്. ഫെഫ്കയും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഏകപക്ഷീയമായ റിപ്പോര്‍ട്ടാണെന്നും തങ്ങളുടെ ഭാഗം കേട്ടിട്ടില്ലെന്നും ഫെഫ്ക പ്രതികരിച്ചിരുന്നു.
റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും പിന്തുണ നല്‍കും. സിനിമാ മേഖലയെ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ എങ്ങനെയാണ് ബാധിക്കുകയെന്ന് പഠിച്ച ശേഷമേ പറയാന്‍ പറ്റൂ. മേഖലുമായി ബന്ധമുള്ള മറ്റു സംഘടനകളുമായും ആലോചിക്കേണ്ടതുണ്ട്. മുറിയുടെ വാതില്‍ തട്ടുക, കാസ്റ്റിംഗ് കൗച്ച് തുടങ്ങിയവയൊക്കെ ക്രിമിനല്‍ കുറ്റമാണ്. ആര്‍ക്കെതിരെയാണ് പരാതിയെന്നും ആരാണ് പരാതിപ്പെട്ടതെന്നും അറിഞ്ഞാല്‍ മാത്രമേ നടപടിയെ കുറിച്ച് പറയാന്‍ സാധിക്കൂ എന്നാണ് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പറഞ്ഞത്.