Hema Committee Report : ‘നിശബ്ദത പരിഹാരമല്ല’ ;ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളോടും പരാതികളോടും ഗൗരവത്തോടെ സമീപിക്കണമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി
Lijo Jose Pellissery On Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും പ്രതികരണം നടത്തിയ ചുരുക്കം പേരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി.
മലയാള സിനിമ മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഹേമ കമ്മിറ്റി റിപ്പോർട്ട്. സ്വകാര്യതയെ മാനിച്ച് പേര് വിവരങ്ങൾ പുറത്ത് വിടാതെ റിപ്പോർട്ടിനെ ചൊല്ലിയുള്ള ചർച്ചകളും പഴിചാരലകളും ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ സ്ത്രീകൾ നേരിട്ടിരുന്ന പ്രധാന വിഷയങ്ങൾ വിളിച്ചറയിക്കുന്ന റിപ്പോർട്ടിനെ കുറച്ച് പ്രതികരിക്കാനോ മറുപടി നൽകാനോ മലയാള സിനിമയുടെ മുഖങ്ങൾ പോലും ഇതുവരെ തയ്യാറായിട്ടില്ല. എന്നിരുന്നാലും സിനിമ മേഖലയിൽ നിന്നു തന്നെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. റിപ്പോർട്ടിലെ പരാതികളും മൊഴികളും ഗൗരവത്തോടെ കാണണമെന്നാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആവശ്യപ്പെടുന്നത്.
“ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നു. നിശബ്ദത ഇതിനു പരിഹാരമാകില്ല” എന്ന് ലിജോ ജോസ് പെല്ലിശ്ശേരി തൻ്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. നിരവിധി പേരാണ് നിലപാട് വ്യക്തമാക്കിയ സംവിധായകന് പിന്തുണ അറിയിക്കുന്നത്. ഇക്കാര്യം തുറന്ന് പറഞ്ഞതിന് സംവിധായകനോട് നടി ജോളി ചിറയത്ത് നന്ദി കമൻ്റിലൂടെ അറിയിക്കുകയും ചെയ്തു.
ALSO READ : Hema committee report : ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റെന്ന് വിഡി സതീശൻ; റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി
അതേസമയം ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ ഹൈക്കോടതി സർക്കാരിന് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം. റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ സംഭവത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹൈക്കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങളെല്ലാം നല്‍കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി സജി ചെറിയാന്‍ മറുപടി നൽകി.
ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാല്‍ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. വനിതാ കമ്മിഷനെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. കൊഗ്‌നിസിബിള്‍ ഒഫന്‍സ് ഉണ്ടെങ്കില്‍ അത് പോക്‌സോ കേസിലാണെങ്കില്‍ നടപടിയെടുക്കാനാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇനിയിപ്പോള്‍ മൊഴി നല്‍കിയവര്‍ക്ക് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ അവരുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ലേയെന്നും കോടതി ചോദിച്ചിരുന്നു.