Hema Committee Report : ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഇന്ന് സർക്കാർ ഹൈക്കോടതിയ്ക്ക് കൈമാറും; ഹർജി പരിഗണിക്കുക നാളെ
Hema Committee Report Full Version : ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. റിപ്പോർട്ടിന്മേൽ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണരൂപം സർക്കാർ ഇന്ന് ഹൈക്കോടതിയ്ക്ക് കൈമാറും. ഹൈക്കോടതിയുടെ ആവശ്യപ്രകാരം മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കൈമാറുന്നത്. റിപ്പോർട്ടിന്മേൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന പൊതുതാത്പര്യ ഹർജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുക.
ഹേമ കമ്മറ്റി റിപ്പോർട്ട് പരിശോധിച്ച് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പായിച്ചിറ നവാസ് എന്നയാൾ നൽകിയ പൊതു താത്പര്യ ഹർജിയാണ് നാളെ ഹൈക്കോടതി പരിഗണിയ്ക്കുക. ഇതേ തുടർന്നാണ് ഹൈക്കോടതി റിപ്പോർട്ടിൻ്റെ പൂർണരൂപം ആവശ്യപ്പെട്ടത്. ഹർജി പരിഗണിക്കവെ, റിപ്പോർട്ടിന്മേൽ ശക്തമായ നടപടി ഉണ്ടാകേണ്ടതുണ്ടെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് നിലപാടെടുത്തിരുന്നു.
Also Read : Nadigar Sangam: തമിഴ് സിനിമാ മേഖലയിലെ അതിക്രമം; പരാതി നൽകാൻ സമിതിയെ നിയോഗിച്ച് നടികർസംഘം; നടി രോഹിണി അധ്യക്ഷ
കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ട് ഡിവിഷന്‍ ബെഞ്ച് പരിശോധിക്കും. ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കാൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. ജസ്റ്റിസ് എ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് റിപ്പോർട്ട് പരിശോധിക്കുക.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മറ്റ് ചലച്ചിത്ര മേഖലകളിലും സമാന നീക്കങ്ങളാണ് നടക്കുന്നത്. സിനിമ മേഖലയിൽ നടക്കുന്ന അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ തമിഴ് സിനിമയിലെ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോഗിച്ചു. തെന്നിന്ത്യൻ നടി രോഹിണി അധ്യക്ഷയായിട്ടുള്ള സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
2019 മുതൽ താരസംഘടനായായ നടികർസംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ട്. എന്നാൽ സമിതിക്കുള്ളിലെ പ്രവർത്തനം അത്ര സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. പരാതിയുമായി സ്ത്രീകൾ മുന്നോട്ട് വരണമെന്ന് രോഹിണി അഭ്യർഥിച്ചു. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. കുറ്റക്കാരെ അഞ്ചുവർഷത്തേക്ക് വിലക്കേർപ്പെടുത്തും. ഇത്തരത്തിൽ അതിക്രമം നേരിട്ടവർക്ക് എല്ലാ തരത്തിലുള്ള നിയമസഹായവും ഉറപ്പാക്കുമെന്നും നടികർസംഘം വ്യക്തമാക്കി.ആഭ്യന്തര പരാതി പരിഹാര സെല്ലിന് പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തുമെന്നും . ഇതിലൂടെ പരാതികൾ അറിയിക്കാമെന്നും യോഗത്തിൽ വ്യക്തമാക്കിയിരുന്നു. പരാതികൾ സൈബർ പോലീസിന് കൈമാറും.
അതിക്രമം നേരിട്ടവർക്ക് പരാതി നൽകുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഇ-മെയിലും ഫോൺ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ടെന്നും രോഹിണി പറഞ്ഞു. ഇരകൾക്ക് നിയമസഹായവും നടികർ സംഘം നൽകും. മാധ്യമങ്ങൾക്ക് മുന്നിൽ പരാതികൾ വെളിപ്പെടുത്തുന്നതിന് പകരം ആഭ്യന്തരസമിതിയെ പരാതി അറിയിക്കണമെന്നും രോഹിണി ആവശ്യപ്പെട്ടു.
കന്നഡ ചലച്ചിത്ര മേഖലയിലും ഇത്തരം ഒരു നീക്കം നടക്കുന്നുണ്ട്. നടിമാർ നേരിടുന്ന ലൈംഗികാതിക്രമം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വനിതാ സിനിമ പ്രവർത്തകരുടെ യോഗം വിളിക്കാൻ ഒരുങ്ങുകയാണ് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ്. സംസ്ഥാന വനിതാ കമ്മീഷന്റെ നിർദേശ പ്രകാരമാണ് യോഗം. 16-ന് യോഗം ചേരാനാണ് ഉദ്ദേശിക്കുന്നതെന്നും അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാവുമെന്നും ചേംബർ പ്രസിഡന്റ് എൻ എം സുരേഷ് അറിയിച്ചു. 13-നാണ് യോഗം വിളിക്കാൻ വനിതാ കമ്മിഷൻ നിർദേശിച്ചിരുന്നത്. എന്നാൽ, പലരും അസൗകര്യം അറിയിച്ചതിനാലാണ് 16-ലേക്ക് മാറ്റിയതെന്നും സുരേഷ് പറഞ്ഞു.
നിവിൻ പോളിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച കേസിൽ പരാതിക്കാരി പുതിയ മൊഴി നല്‍കി. പീഡനം നടന്നുവെന്ന് പറഞ്ഞ തീയതികൾ ഉറക്കപ്പിച്ചിലാണ് പറഞ്ഞതെന്നും യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും യുവതി പറഞ്ഞു. പീഡനം നടന്ന തീയതി ഇതുവരെ പൊതുസമൂഹത്തോട് വെളിപ്പെടുത്തിട്ടിയില്ലെന്നും ഇവര്‍ കൂട്ടിച്ചേർത്തു.
‘യഥാര്‍ഥ തീയതി പൊതുജനത്തിനോട് പറഞ്ഞിട്ടില്ല, ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട വിവരം ചോദിച്ച് അറിയാനാണ്. കേസില്‍ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തിലുള്ള വിശ്വാസവും നഷ്ടമായി, രണ്ടാം പ്രതി സുനില്‍ ഒളിവിലാണ്. കേസില്‍ ഒരു പ്രതീക്ഷയില്ല’ – യുവതി പറഞ്ഞു.