Hema Committee Report: ‘ഒരു പ്രമുഖ നടന്‍ റൂമിലേക്ക് വരാന്‍ മെസേജ് അയച്ചു’; തനിക്കും ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി തിലകന്റെ മകള്‍
Sonia Thilakan: തന്റെ ചെറുപ്പം മുതല്‍ക്കെ അറിയുന്ന വ്യക്തിയായിരുന്നുവെന്നും എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തുന്നതിന് ഉചിതമായ സമയം ആയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യ്‌ക്കെതിരെ രംഗത്തെത്തി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. മലയാള സിനിമ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സോണിയ തിലകന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തന്റെ പിതാവ് നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് പരാമര്‍ശിച്ചതിന് പിന്നാലെയാണ് സോണിയയുടെ പ്രതികരണം. സിനിമാ മേഖലയിലുള്ള പതിനഞ്ചംഗ സംഘം തിലകനോട് ഒരു പ്രത്യേക അജണ്ട വെച്ച് പെരുമാറിയിട്ടുണ്ടെന്ന് സോണിയ പറഞ്ഞു.
മലയാള സിനിമ രംഗത്ത് വലിയ സ്വാധീനമുള്ള പ്രമുഖ നടനില്‍ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നുവെന്നാണ് സോണിയ പറഞ്ഞത്. ഇയാള്‍ ഫോണിലൂടെ സന്ദേശമയച്ച് റൂമിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മോളെ എന്ന് വിളിച്ചുകൊണ്ടാണ് തന്നെ റൂമിലേക്ക് ക്ഷണിച്ചതെന്നും സോണിയ തിലകന്‍ പറഞ്ഞു. തന്റെ ചെറുപ്പം മുതല്‍ക്കെ അറിയുന്ന വ്യക്തിയായിരുന്നുവെന്നും എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തുന്നതിന് ഉചിതമായ സമയം ആയിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Also Read: Hema Committee Report : 15 അംഗ പവർ ഗ്രൂപ്പിൽ ആരൊക്കെയെന്നറിയാം, പക്ഷേ പേര് പറയില്ല: വിനയൻ
കൂടാതെ, 2010ലാണ് അച്ഛന്‍ ആദ്യമായി സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പുറത്തുപറയുന്നത്. സംഘടനയും അച്ഛനും തമ്മിലുള്ള മീറ്റിങ് നടക്കുന്ന സമയത്ത് ഏതാണ്ട് 62 ഓളം ഗുണ്ടകളെ പുറത്ത് കാവല്‍ നിര്‍ത്തിയിരുന്നു. ഇതെല്ലാം അച്ഛന്‍ പറഞ്ഞ അറിവാണ്. ആ സംഘടന തന്നെ ഒരു മാഫിയ ആണെന്നാണ് അച്ഛന്‍ പറഞ്ഞത്. എന്നാല്‍ അന്ന് പലരും ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. ആ സംഘടനയുടെ ബൈ ലോ പ്രകാരം ഇതൊന്നും പുറത്തുപറയാന്‍ പാടില്ല. പക്ഷെ അച്ഛന്‍ അതെല്ലാം വെളിപ്പെടുത്തിയിരുന്നു.
സിനിമാക്കാരെ ഭയക്കേണ്ട കാര്യം എനിക്കില്ല. ചെറുപ്പം മുതല്‍ അവരെ കാണുന്നതാണ്. വീട്ടിലെ അംഗത്തെ പോലെയായിരുന്നു എല്ലാവരും പെരുമാറിയിരുന്നത്. അച്ഛനുമായി വ്യക്തിപരമായ കാര്യങ്ങള്‍ പോലും പലരും സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രശ്‌നങ്ങളെല്ലാം വന്നപ്പോള്‍ അവരെല്ലാം ഒറ്റക്കെട്ടായി. ഒരു മേശയ്ക്ക് ചുറ്റുമിരുന്നത് സംസാരിച്ച് തീര്‍ക്കേണ്ട വിഷയങ്ങളാണ് ഇവിടെ വരെ എത്തിച്ചത്.
ആളുകളെ പുറത്താക്കാനും പീഡകര്‍ക്ക് കൂട്ടുനില്‍ക്കാനുമാണോ ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടന പിരിച്ചുവിടുകയാണ് ചെയ്യേണ്ടത്. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. നല്ല ഷര്‍ട്ട് ഇട്ട് ഒരാള്‍ സെറ്റിലേക്കെത്തിയാല്‍ പോലും ഈഗോ കാരണം അയാളെ പുറത്താക്കിയിട്ടുണ്ടെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
അച്ഛന്റെ മരണശേഷം ഒരു പ്രമുഖ നടന്‍ തന്നെ വിളിച്ചിട്ട് പറഞ്ഞു അച്ഛനോട് ചെയ്ത കാര്യങ്ങളിലെല്ലാം കുറ്റബോധമുണ്ടെന്ന്. മോളേ എന്നൊക്കെ വിളിച്ചാണ് അയാള്‍ സംസാരിച്ചത്. വളരെ ബഹുമാനത്തോടെയുമായിരുന്നു അത്. എന്നാല്‍ പിന്നെ കുറച്ചുകഴിഞ്ഞപ്പോഴാണ് യഥാര്‍ഥ ഉദ്ദേശം മനസിലായത്. സിനിമയുമായി ബന്ധമില്ലാത്ത എനിക്ക് വരെ ഈ അനുഭവമുണ്ടായി. അപ്പോള്‍ ആ മേഖലയില്‍ ഉള്ള ആളുകളുടെ അവസ്ഥ എന്തായിരിക്കും. താന്‍ അവരുടെ സുഹൃത്തിന്റെ മകള്‍ കൂടിയാണ്.
അച്ഛന്റെ മരണശേഷം സിനിമാ മേഖലയില്‍ വലിയ സൗഹൃദങ്ങളൊന്നുമില്ല. കണ്ടാല്‍ സംസാരിക്കും അതുമാത്രമേ ഉള്ളു. അച്ഛനോട് ചെയ്ത കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ മറക്കാന്‍ സാധിക്കുന്നതല്ല. സിനിമയില്‍ നിന്ന് വിലക്കിയ ശേഷം അദ്ദേഹത്തെ സീരിയലില്‍ നിന്നും വിലക്കിയിരുന്നു. ഒരു സിനിമാ നടനായിരുന്നു അന്ന് സീരിയല്‍ സംഘടനയുടെ തലപ്പത്ത്. ഈ സംഘം ഒരു പതിനഞ്ച് പേര്‍ അടങ്ങുന്നതാണ്. അവര്‍ ഒരു ഹിഡന്‍ അജണ്ട വെച്ചാണ് പ്രവര്‍ത്തിക്കുന്നത്. പോക്‌സോ പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും സോണിയ പറഞ്ഞു.
അതേസമയം, തങ്ങള്‍ ആഗ്രഹിക്കുന്നതൊക്കെ ചെയ്യാന്‍ സാധിക്കുന്ന മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്നുപറഞ്ഞ നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങളെല്ലാം പരസ്യമായി വെട്ടിതുറഞ്ഞ് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകളില്‍ സിനിമാ മേഖലയിലെ പലര്‍ക്കും ഇഷ്ടമായില്ല. മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ മികവിന്റെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധിച്ചു. പത്തോ പതിനഞ്ചോ പേര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സിനിമയില്‍ നിന്ന് പുറത്താക്കിയെന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്.