5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema Committe Report: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവരാത്ത പേജുകളിലെന്ത്? ഇന്നറിയാം

Hema Committe Report Removed Pages Release: ഈ ഭാഗങ്ങൾകൂടി പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഒട്ടേറെപേർ വിവരാവകാശ കമ്മീഷനിൽ അപ്പീലുമായി സമീപിച്ചതിന് പിന്നാലെയാണ് നിർണായക വിധി പുറപ്പെടുവിക്കാൻ ഒരുങ്ങുന്നത്. നീക്കം ചെയ്ത ഭാ​ഗങ്ങളിൽ എന്തെല്ലാമാണ് ഒളിഞ്ഞിരിക്കുന്നതെന്നും ആർക്കെല്ലാം പിടി വീഴുമെന്നതടക്കമുള്ള ചോദ്യങ്ങളാണ് മുന്നിലുള്ളത്.

Hema Committe Report: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പുറത്തുവരാത്ത പേജുകളിലെന്ത്? ഇന്നറിയാം
Image Credits: Social Media
neethu-vijayan
Neethu Vijayan | Updated On: 07 Dec 2024 14:32 PM

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ (Hema Committe Report) നിന്ന് സർക്കാർ നീക്കം ചെയ്ത ഭാ​ഗങ്ങൾ ഇന്ന് പുറത്തുവന്നേക്കും. വിവരവകാശക കമ്മീഷൻ തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് വിധി ഉണ്ടാവുക. രാവിലെ 11 മണിക്കാണ് ഇക്കാര്യത്തിൽ വിവരവകാശക കമ്മീഷൻ ഉത്തരവ് പുറപ്പെടുവിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ സർക്കാർ അതിലെ 11 പാരഗ്രാഫുകളും നാല് പേജുകളും അനധികൃതമായി വെട്ടി മാറ്റി എന്നാണ് ആരോപണം ഉയരുന്നത്. എന്നാൽ ഈ ഭാഗങ്ങൾകൂടി പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഒട്ടേറെപേർ വിവരാവകാശ കമ്മീഷനിൽ അപ്പീലുമായി സമീപിച്ചതിന് പിന്നാലെയാണ് നിർണായക വിധി പുറപ്പെടുവിക്കാൻ ഒരുങ്ങുന്നത്. നീക്കം ചെയ്ത ഭാ​ഗങ്ങൾ പുറത്തുവിടാനാണ് ഉത്തരവെങ്കിൽ അതിൽ എന്തെല്ലാമാണ് ഒളിഞ്ഞിരിക്കുന്നതെന്നും ആർക്കെല്ലാം പിടി വീഴുമെന്നതടക്കമുള്ള ചോദ്യങ്ങളാണ് മുന്നിലുള്ളത്.

ചലച്ചിത്ര മേഖലയിലെ അതിപ്രശസ്തനെതിരെ ലൈംഗിക പീഡന ആരോപണമുണ്ട് എന്ന് വെളിപ്പെടുത്തുന്ന പാരഗ്രാഫിന് ശേഷമുള്ള 11 പാരഗ്രാഫുകളാണ് അനധികൃതമായി വെട്ടി മാറ്റിയിരിക്കുന്നതെന്നാണ് ആരോപണം. അതിനാൽ ആ പാര​ഗ്രാഫിൽ അതിപ്രശസ്തൻ എന്നത് ആരെയാണ് ഉദ്ദേശിക്കുന്നതെന്നും ആ വ്യക്തി ചെയ്ത കുറ്റമെന്താണെന്ന് ആടക്കുമുള്ള കാര്യങ്ങളാവും വിശദീകരിച്ചിട്ടുണ്ടാവുക. എന്നാൽ ഈ ഭാഗങ്ങൾ അനധികൃതമായി വെട്ടി മാറ്റിയത് അല്ലെന്നാണ് സർക്കാർ മുമ്പ് വിശദീകരണം നൽകിയത്. ആ ഭാ​ഗങ്ങൾ പുറത്തുവിടാത്തത് മൊഴി നൽകിയവരുടെ സ്വകാര്യത പരിഗണിച്ചാണെന്നും പുറത്തുവിടേണ്ടതില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളിലാണ് അതിപ്രശസ്തൻ ഒളിഞ്ഞിരിക്കുന്നത്. 295 പേജുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി, ശേഷം ബാക്കിയുള്ളവ പുറത്തുവിടാനാണ് ജൂലൈ അഞ്ചിന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. അതിൻ്റെ അടിസ്ഥാനത്തിൽ വ്യക്തിഗത വിവരങ്ങളടങ്ങിയ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കുകയും ചെയ്തു. സ്വകാര്യതയെ ബാധിക്കുന്ന മറ്റു വിവരങ്ങൾ ഒഴിവാക്കാൻ സാംസ്കാരിക വകുപ്പിന്റെ വിവരാവകാശ ഓഫിസർക്കു വിവേചനാധികാരം നൽകുകയും ചെയ്തു.

എന്നാൽ ഒഴിവാക്കിയ ഭാ​ഗങ്ങളിൽ ഏതാണെന്ന് അപേക്ഷകരെ മുൻകൂട്ടി അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് 101 ഖണ്ഡികകൾ കൂടി വിവരാവകാശ ഓഫിസർ ഒഴിവാക്കി. ഒഴിവാക്കിയ പേജുകളും ഖണ്ഡികകളും പട്ടിക തിരിച്ച് അപേക്ഷകർക്കു നൽകുകയും ചെയ്തു. അതേസമയം ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് നിലവിലെ പരാതിക്ക് കാരണമായത്.

2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും അതിൻ്റെ റിപ്പോർട്ട് സമർപ്പിക്കാനുമാണ് ഇത്തരത്തിൽ കമ്മിറ്റി രൂപീകരിച്ചത്. ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നായിണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ രണ്ടുവർഷത്തിനുശേഷം 2019 ഡിസംബർ 31നാണ് ഹേമ കമ്മറ്റി മുഖ്യമന്ത്രിക്ക് വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കൈമാറിയത്. പിന്നീട് നാല് വർഷത്തിന് ശേഷം 2024 ഓഗസ്റ്റിലാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

സിനിമാ മേഖലയിലെ തന്നെ വമ്പന്മാർക്ക് അടക്കം പിടിവീഴുന്ന രഹസ്യമൊഴികൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിൽ വലിയ ഉലച്ചിലുകളാണ് സംഭവിച്ചത്. താര സംഘടനയായ അമ്മ പിരിച്ചുവിടുന്ന സാ​ഹചര്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു. നിലവിൽ അമ്മ സംഘടന നാഥനില്ലാതെ തുടരുന്ന സാഹചര്യമാണ്.