5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

L2 Empuraan Budget: ആര് പറയുന്നത് വിശ്വസിക്കാം… എമ്പുരാന് ചെലവഴിച്ചത് കോടികൾ; ബജറ്റ് പങ്കുവെച്ച് ഗോകുലം ഗോപാലൻ

Gokulam Gopalan About L2 Empuraan Budget: നിർമ്മാണത്തിൽ പങ്കാളിയാകണമെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ തന്നെയാണ് ആവശ്യപ്പെട്ടത്. ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ ഭാ​ഗമാകണമെന്ന് ആഗ്രഹിച്ചത് മോഹൻലാലാണ്. മോഹൻലാലുമായി 40 വർഷത്തെ അടുത്ത ബന്ധമാണെനിക്കുള്ളത്.

L2 Empuraan Budget: ആര് പറയുന്നത് വിശ്വസിക്കാം… എമ്പുരാന് ചെലവഴിച്ചത് കോടികൾ; ബജറ്റ് പങ്കുവെച്ച് ഗോകുലം ഗോപാലൻ
ഗോകുലം ഗോപാലൻ, മോഹൻലാൽ Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 24 Mar 2025 11:46 AM

ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ പുറത്തിറങ്ങാൻ ഇനി ശേഷിക്കുന്നത് മൂന്ന് ദിനങ്ങൾ മാത്രം. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെയും ആരവത്തോടെയുമാണ് എമ്പുരാൻ റീലിസിനായി കാത്തിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എമ്പുരാൻ. ഒപ്പം മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരോടൊപ്പം ബോളിവുഡിലെയും ഹോളിവുഡിലെയും വമ്പൻ താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിൻ്റെ പുതിയ വിശേഷങ്ങളുമായാണ് ശ്രീഗോകുലം മൂവിസ് ഉടമ ഗോകുലം ഗോപാലൻ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്ത സിനിമ പ്രതിസന്ധിയിലാകരുതെന്ന് തനിക്ക് തോന്നിയിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. ട്വൻ്റിഫോറിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തിൻ്റെ ബജറ്റിനെക്കുറിച്ചുള്ള സൂചനകളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 180 കോടി ചെലവഴിച്ച ചിത്രം ഒരിക്കലും നിന്നു പോകാൻ പാടില്ലെന്നും മലയാള ചരിത്രത്തിലെ ആദ്യ ഐമാക്സ് ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മാണത്തിൽ പങ്കാളിയാകണമെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ തന്നെയാണ് ആവശ്യപ്പെട്ടത്. ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ ഭാ​ഗമാകണമെന്ന് ആഗ്രഹിച്ചത് മോഹൻലാലാണ്. മോഹൻലാലുമായി 40 വർഷത്തെ അടുത്ത ബന്ധമാണെനിക്കുള്ളത്. അതിനാൽ ചിത്രത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ആദ്യം വിളിച്ചതും അദ്ദേഹം തന്നെയാണ്. പിന്നീട് ആൻ്റണിയും വിളിച്ചു. അതുകൊണ്ടാണ് കോടികളുടെ ചിത്രം താൻ ഏറ്റെടുത്തതെന്നും ​ഗോ​ഗുലം ​ഗോപാലൻ പറഞ്ഞു.

ALSO READ: ലാല്‍ വിഷമിക്കുമ്പോള്‍ സഹായിക്കാതിരിക്കുന്നത് എങ്ങനെയാണ്? ലാലിന് കോട്ടം തട്ടാന്‍ പാടില്ലെന്ന് മാത്രമായിരുന്നു ചിന്ത: ഗോകുലം ഗോപാലന്‍

എമ്പുരാൻ വൻ വിജയമായാലേ ലൂസിഫർ മൂന്നാം ഭാഗത്തെപ്പറ്റി ആലോചിക്കൂ എന്ന് സംവിധായകൻ പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു. മൂന്നാം ഭാഗം ഇതിലും വലിയ സിനിമയാണ്. എമ്പുരാൻ്റെ ബജറ്റ് 150 കോടിയാണെന്ന വാർത്തകൾ കളവാണെന്നും പൃഥ്വിരാജ് പറഞ്ഞു. ആശിർവാദ് സിനിമാസ്, ലൈക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്ക്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്.

ദീപക് ദേവിൻ്റെ മികവിലാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിംഗ് അഖിലേഷ് മോഹൻ നിർവഹിക്കുന്നു. ഈ മാസം 27ന് സിനിമ തീയറ്ററുകളിലെത്തും. ഐമാക്സിൽ ഉൾപ്പെടെയാണ് സിനിമ റിലീസ് ചെയ്യുക.