GOAT Movie : ‘ഗോട്ടി’ന് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാത്തതിന് കാരണം ചെന്നൈ സൂപ്പർ കിംഗ്സ്; സിനിമയ്ക്കെതിരെ നെഗറ്റീവ് ക്യാമ്പയിനെന്ന് വെങ്കട് പ്രഭു
GOAT Movie Negative Campaign CSK Reference : ഗോട്ട് സിനിമയ്ക്ക് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാത്തതിന് പിന്നിൽ വിചിത്ര കാരണം കണ്ടെത്തി സിനിമയുടെ സംവിധായകൻ വെങ്കട് പ്രഭു. സിനിമയ്ക്കെതിരെ മുംബൈ, ആർസിബി ആരാധകർ നെഗറ്റീവ് ക്യാമ്പയിൻ നടത്തുകയാണെന്ന് വെങ്കട് പ്രഭു ആരോപിച്ചു.
വിജയുടെ ഏറ്റവും പുതിയ സിനിമ ഗോട്ട് തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെങ്കട് പ്രഭു അണിയിച്ചൊരുക്കിയ ചിത്രം ഡീഏജിങ് ടെക്നോളജി അടക്കം ഉപയോഗിച്ച് ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഏറെ പ്രതീക്ഷയോടെ തീയറ്ററുകളിലെത്തിയ സിനിമയ്ക്ക് സമ്മിശ്രപ്രതികരണങ്ങൾ ലഭിക്കുന്നതിന് വിചിത്രമായ കാരണം കണ്ടെത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട് പ്രഭു.
സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന് പിന്നിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരാണെന്നാണ് വെങ്കട് പ്രഭുവിൻ്റെ അവകാശവാദം. സിനിമയിൽ ചെന്നൈ സൂപ്പർ കിംഗ്സ് റഫറൻസ് ഒരുപാടുണ്ട്. ഇത് സിഎസ്‌കെയുടെ പ്രധാന എതിരാളികളായ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരെ ചൊടിപ്പിച്ചു എന്നും അവർ സിനിമയ്ക്കെതിരെ നെഗറ്റീവ് ക്യാമ്പയിൻ നടത്തുകയാണെന്നും വെങ്കട് പ്രഭു ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Also Read : viral video: ‘100 രൂപ താ..100 രൂപ’; മീൻ വിൽക്കുന്നത് പോലെ ‘ഗോട്ടി’ന്റെ ടിക്കറ്റ് വിൽപ്പന; വൈറലായി വീഡിയോ
“സിഎസ്‌കെ റഫറൻസ് ഉള്ളതിനാൽ ഹിന്ദി, തെലുങ്ക് ആരാധകരിൽ ഗോട്ട് വർക്കായില്ല. ഞാൻ സിഎസ്‌കെ ആരാധകനായതിനാൽ മുംബൈ, ആർസ്ബി ആരാധകർ എന്നെ ട്രോളുകയാണ്. ഞാൻ ഒരു കടുത്ത സിഎസ്കെ ആരാധകനാണ്. അതിലെനിക്കൊന്നും ചെയ്യാനാവില്ല.”- വെങ്കട് പ്രഭു പറഞ്ഞു.
ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഉയർന്ന വിമർശനങ്ങൾ തന്നെയാണ് സിനിമ റിലീസായപ്പോഴും ലഭിച്ചത്. ഡിഏജിങ് ടെക്നോളജിയിലെ പാളിച്ച സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ടെന്ന് ആളുകൾ പറയുന്നു. ഒറ്റത്തവണ കണ്ട് മറക്കാവുന്ന സിനിമയാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വിജയ് ആരാധകന് സംതൃപ്തി നൽകുന്ന, ഒരു പക്കാ വിജയ് സിനിമ ആണെന്ന അഭിപ്രായവുമുണ്ട്. സിനിമ കോപ്പിയടിയാണെന്ന തരത്തിൽ മറ്റ് ചില റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം ഉയർന്നിരുന്നു. 2018ൽ പുറത്തിറങ്ങിയ ഫൈനൽ സ്കോർ എന്ന ഹോളിവുഡ് സിനിമയിൽ നിന്ന് പല സീനുകളും കോപ്പിയടിച്ചു എന്നാണ് ആരോപണം.
ഇന്ത്യൻ ബോക്സോഫീസിൽ സിനിമ മുൻകൂർ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് 19.38 കോടി രൂപ സമാഹരിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 11,064 ഷോകളിലായി 9,63,721 ടിക്കറ്റുകൾ വിറ്റുവെന്ന് മൂവി ട്രാക്കിംഗ് സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. തമിഴ് പതിപ്പ് മാത്രം 6,859 ഷോകൾക്കായി 9,04,510 ടിക്കറ്റുകളിൽ നിന്ന് 18.25 കോടി രൂപ നേടിയപ്പോൾ ഹിന്ദി, തെലുങ്ക് പതിപ്പുകൾ യഥാക്രമം 30.98 ലക്ഷം രൂപയും 53.4 ലക്ഷം രൂപയും നേടിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ഓഗസ്റ്റ് 17ന് പുറത്തിറങ്ങിയ ചിത്രത്തിൻ്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെങ്കട് പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം എജിഎസ് എന്റർടൈൻമെന്റ് ബാനറിൽ കൽപ്പാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിൽ നായിക വേഷത്തെ അവതരിപ്പിക്കുന്നത് മീനാക്ഷി ചൗധരിയാണ്. കൂടാതെ, പ്രശാന്ത്, പ്രഭുദേവ, ജയറാം, യോഗി ബാബു, അജ്മൽ അമീർ, ലൈല, പാർവതി നായർ, അജയ് രാജ്, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കീർത്തി, ഗഞ്ചാ കറുപ്പ്, വി ടി വി ഗണേഷ്, മോഹൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും ‘ഗോട്ട്’ എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, രാഷ്ട്രീയത്തിൽ സജീവമാവുന്നതിന് മുൻപ് താരം ഒരു ചിത്രത്തിൽ കൂടെ നായക വേഷത്തിലെത്തും. അജിത് നായകനായ ‘തുനിവ്’ എന്ന ചിത്രം സംവിധാനം ചെയ്ത എച്ച് വിനോദ് ആണ് വിജയുടെ അവസാന സിനിമ സംവിധാനം ചെയ്യുക. ‘ദളപതി 69’ എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് സാമന്ത റൂത്ത് പ്രഭുവായിരിക്കും എന്നാണ് വിവരം. ഒക്ടോബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപോർട്ടുകൾ. തമിഴ് വെട്രി കഴകം എന്ന പാർട്ടിയുടെ സ്ഥാപകനായ വിജയ്, സിനിമ ചുമതലകൾ പൂർത്തിയാക്കിയതിനു ശേഷം രാഷ്‌ടീയത്തിൽ സജീവമാകും.