G Suresh Kumar: അത് മഹാമോശമായെന്ന് ആൻ്റണി വിളിച്ചുപറഞ്ഞു; പൃഥ്വിരാജിനും പ്രശ്നമുണ്ടായി: എമ്പുരാൻ വിവാദത്തിൽ തനിക്ക് തെറ്റിയെന്ന് ജി സുരേഷ് കുമാർ
G Suresh Kumar - Empuraan Budget: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന സിനിമയുടെ ബജറ്റ് വെളിപ്പെടുത്തിയതിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജി സുരേഷ് കുമാർ. തൻ്റെ ഭാഗത്തുനിന്ന് വന്ന ഒരു പിഴവായിരുന്നു അത്. ഉടൻ തന്നെ താൻ അക്കാര്യം വിളിച്ച് തിരുത്തിയിരുന്നു എന്നും ജി സുരേഷ് കുമാർ പറഞ്ഞു.

എമ്പുരാൻ സിനിമയുടെ ബജറ്റ് പറഞ്ഞതിൽ തനിക്ക് തെറ്റുപറ്റിയെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ. താൻ അങ്ങനെ പറഞ്ഞത് മഹാ മോശമായിപ്പോയെന്ന് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു. അങ്ങനെ പറഞ്ഞതിൽ പൃഥ്വിരാജിനും പ്രശ്നങ്ങളുണ്ടായിരുന്നു. അത് തൻ്റെ ഭാഗത്തുനിന്ന് വന്ന പിഴവാണെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജി സുരേഷ് കുമാർ പറഞ്ഞു. എമ്പുരാൻ്റെ നിർമ്മാണച്ചിലവ് 141 കോടി രൂപയാണെന്നായിരുന്നു ജി സുരേഷ് കുമാർ പറഞ്ഞത്. ഇതിനെതിരെ ആൻ്റണി പെരുമ്പാവൂർ പരസ്യമായി രംഗത്തുവന്നിരുന്നു.
“അത് അനാവശ്യമായ ഒരു കാര്യമായിരുന്നു. എൻ്റെ ഭാഗത്തുനിന്ന് അതിൽ ചെറിയൊരു പിഴവുണ്ടായി. അത് ചോദിച്ചിട്ട് പറയേണ്ടിയിരുന്നു. ചോദിക്കാതെ ഞാൻ പറഞ്ഞു. അത് പക്ഷേ, അപ്പോത്തന്നെ നീക്കം ചെയ്തു. ഒരു ഓൺലൈൻ ഇൻ്റർവ്യൂവിൽ പറഞ്ഞതായിരുന്നു അത്. ആൻ്റണി വിളിച്ച് പറഞ്ഞു, അത് മഹാ മോശമായെന്ന്. അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് പറഞ്ഞു. പൃഥ്വിരാജിനും പ്രശ്നമുണ്ടായിരുന്നു. അങ്ങനെ അപ്പോത്തന്നെ വിളിച്ചുപറഞ്ഞ് അത് മാറ്റി. സിനിമയ്ക്ക് അത്രയും ചിലവ് വരുന്നില്ലെന്ന് തോന്നുന്നു. പൃഥ്വിരാജിന് അതൊരു മോശമായി തോന്നിക്കാണും. അദ്ദേഹം ചെയ്ത സിനിമ ഇത്ര ബജറ്റ് വരുന്നെന്ന് പറയുന്നത് മോശമല്ലേ. സിനിമയുടെ കളക്ഷൻ അതിന് മുകളിൽ വരണം. എനിക്ക് പറ്റിയ ഒരു നാക്കുപിഴയാണത്. പിന്നെയും അത് എടുത്തിട്ടത് എന്തിനെന്നറിയില്ല.”- ജി സുരേഷ് കുമാർ വിശദീകരിച്ചു.




എമ്പുരാൻ സിനിമയുടെ ബജറ്റിനെപ്പറ്റിയുള്ള ജി സുറേഷ് കുമാറിൻ്റെ വെളിപ്പെടുത്തലിനോട് രൂക്ഷമായ ഭാഷയിലാണ് ആൻ്റണി പെരുമ്പാവൂർ പ്രതികരിച്ചത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം. എമ്പുരാൻ സിനിമയുടെ ബജറ്റിനെപ്പറ്റി അദ്ദേഹം പൊതുസമക്ഷം സംസാരിച്ചതിന്റെ ഔചിത്യബോധമെന്താണെന്ന് എത്ര ആലോചിച്ചിട്ടും തനിക്ക് മനസ്സിലാവുന്നില്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായിട്ടില്ല. അങ്ങനെയൊരു സിനിമയുടെ നിർമ്മാണച്ചിലവിനെപ്പറ്റി പൊതുവേദിയിൽ പരസ്യമായി ചർച്ച ചെയ്തതെന്തിന്? തൻ്റെ സിനിമകളുടെയോ ബജറ്റിനെയോ കളക്ഷനെയോ പറ്റി താൻ പരസ്യവേദിയിൽ ഇതുവരെ സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് അദ്ദേഹം സംസാരിച്ചതെന്ന് മനസ്സിലാക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ആൻ്റണി പെരുമ്പാവൂർ കുറിച്ചു. ഇതിന് പിന്നാലെ പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങി പല പ്രമുഖരും ആൻ്റണി പെരുമ്പാവൂരിൻ്റെ പോസ്റ്റിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് തൻ്റെ വെളിപ്പെടുത്തലിൽ വ്യക്തത വരുത്തി ജി സുരേഷ് കുമാർ രംഗത്തുവന്നത്.