Nishadh Yusuf: സംവിധായകൻ ലോകേഷ് കനകരാജ് വരെ പ്രശംസിച്ച എഡിറ്റർ; തല്ലുമാല മുതൽ കങ്കുവ വരെയുള്ള നിഷാദ് യൂസഫിന്റെ യാത്ര ഏറെ ശ്രദ്ധേയം
Editor Nishadh Yusuf: കേരളത്തിൽ വലിയ ഹിറ്റായിരുന്ന 'മിന്നുകെട്ട്' എന്ന സീരിയലിന്റെ 850-ഓളം എപ്പിസോഡുകൾ നിഷാദ് എഡിറ്റ് ചെയ്തു.
മലയാള സിനിമയിലെ ഹിറ്റ് എഡിറ്റർമാരിൽ ഒരാളാണ് നിഷാദ് യൂസഫ്. അദ്ദേഹത്തിന്റെ മരണ വാർത്ത ഉണ്ടാക്കിയ ഞെട്ടലിലാണ് ഇപ്പോഴും മലയാള സിനിമ പ്രേമികൾ. തല്ലുമാല, സൗദി വെള്ളക്ക, കങ്കുവ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായ നിഷാദിനെ ബുധനാഴ്ച പുലർച്ചെയാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അഡിയോസ് അമിഗോ, ആലപ്പുഴ ജിംഖാന, എക്‌സിറ്റ്, ചാവേര്‍, ആളങ്കം, രാമചന്ദ്ര ബോസ് ആന്‍ഡ് കോ, യമഹ, സൗദി വെള്ളക്ക, തല്ലുമാല, ഉടല്‍, ആയിരത്തൊന്ന് നുണകള്‍, ഗ്രാന്‍ഡ്മാ, വണ്‍, ഓപ്പറേഷന്‍ ജാവ, ഉണ്ട, ഡ്രാക്കുള, രഘുവിന്റെ സ്വന്തം റസിയ, ബസൂക്ക തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിഷാദ് ആണ്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ കങ്കുവയുടെ എഡിറ്റിംഗും നിഷാദ് തന്നെ ആണ് ചെയ്തത്.
സിനിമ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയ നിഷാദിനെ തമിഴ് സിനിമ സംവിധായകനായ ലോകേഷ് കനകരാജ് വരെ പ്രശംസിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തിൽ, കണ്ടിട്ടുള്ള മലയാള സിനിമകളിൽ വെച്ച് ഏത് സിനിമയാണ് തനിക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചതെന്ന ചോദ്യത്തിന് ലോകേഷിന്റെ മറുപടി ഇങ്ങനെ ആയിരിന്നു “തല്ലുമാല രണ്ടു മൂന്ന് തവണ കണ്ടിരുന്നു. സിനിമയുടെ എഡിറ്റിങ് പാറ്റേൺ ഒരുപാട് ഇഷ്ടപ്പെട്ടു. എന്റെ സിനിമകളുമായി സാദൃശ്യം ഉള്ളപോലെ തോന്നി, അത് തനിക്ക് സംവിധാനം ചെയ്യാൻ പറ്റിയിരുന്നെങ്കിൽ നല്ലതായിരുന്നെന്ന് ആഗ്രഹിച്ചിരുന്നു.”- ലോകേഷ് പറഞ്ഞു.
‘സിനിമാപ്രാന്തൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നിഷാദ് ഇതിൽ പ്രതികരിച്ചിരുന്നു. “തല്ലുമാലയെ കുറിച്ച് ലോകേഷ് പറഞ്ഞത് അറിഞ്ഞു. കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. തല്ലുമാലയുടെ എഡിറ്റിംഗ് പാറ്റേൺ എന്നതിന് പുറമെ, സംവിധായകൻ ഖാലിദ് റഹ്മാന്റെ മേക്കിങ് ആണ് എടുത്ത് പറയേണ്ടത്. സംവിധായകന്റെ ചിന്തയ്‌ക്കൊപ്പം യാത്ര ചെയ്യുകയാണ് എഡിറ്റർ എന്ന നിലയ്ക്ക് ഞാൻ ചെയ്തത്. ഖാലിദിന്റെ മനസിലുള്ള രീതിയിലാണ് സിനിമയുടെ ഓരോ ചെറിയ ട്രാൻസിഷനുകൾ പോലും ചെയ്തിരിക്കുന്നത്. കൂടാതെ, ഖാലിദിന്റെ അച്ഛൻ ഒരു വലിയ എഡിറ്റർ കൂടിയാണ്.”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ALSO READ: എഡിറ്റര്‍ നിഷാദ് യൂസഫ് അന്തരിച്ചു
കൂടാതെ, പത്തു പതിനഞ്ച് വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് സിനിമയിൽ അവസരങ്ങൾ ലഭിച്ചു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കോളേജിൽ പഠിക്കുന്ന കാലത്ത് നിഷാദ്, ക്ലാസ് കട്ട് ചെയ്ത് സുഹൃത്തിന്റെ സ്റ്റുഡിയോയിൽ പോയിരിക്കുമായിരുന്നു. അങ്ങനെയാണ് എഡിറ്റിംഗിൽ അദ്ദേഹത്തിന് കമ്പം വന്നത്. തുടർന്ന്, എഡിറ്റിംഗിൽ ഒരു ഡിപ്ലോമ കോഴ്സ് ചെയ്തു. അങ്ങനെ കേരളത്തിൽ വലിയ ഹിറ്റായിരുന്ന ‘മിന്നുകെട്ട്’ എന്ന സീരിയലിന്റെ 850-ഓളം എപ്പിസോഡുകൾ അദ്ദേഹം എഡിറ്റ് ചെയ്തു. തുടർന്ന് 2008-ൽ ചെന്നൈയിൽ പോയി. അവിടെ വെച്ചാണ് വിവേക് ഹർഷനെ പരിചയപ്പെടുന്നത്. അത് സംഭവിച്ചില്ലായിരുന്നെങ്കിൽ താൻ ഇവിടെ എത്തിയിട്ടുണ്ടാകില്ലെന്നും നിഷാദ് പറഞ്ഞിരുന്നു.
ആദ്യം രണ്ടു മൂന്ന് സിനിമകളിൽ നിഷാദ് അസിസ്റ്റന്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. തുടർന്ന്, സ്പോട്ട് എഡിറ്റിംഗും മറ്റുമായി മുന്നോട്ട് പോയി. അതിനുശേഷം വിനയൻ സംവിധാനം ചെയ്ത ‘രഘുവിന്റെ സ്വന്തം റസിയ’, ‘ഡ്രാക്കുള 2012’ തുടങ്ങിയ സിനിമകളുടെ എഡിറ്റർ ആയി. പിന്നീട്, ചില കാരണങ്ങളാൽ കുറച്ച് കാലത്തേക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടതായി വന്നെന്നും അദ്ദേഹം പറഞ്ഞു.
ബ്രേക്കിന് ശേഷമുള്ള മടങ്ങി വരവാണ് നിഷാദിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായത്. സുഹൃത്തായ ഖാലിദ് റഹ്മാൻ വഴിയാണ് സിനിമയിൽ തന്റേതായ അടയാളം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിനായ്ത. “ഖാലിദ് റഹ്മാൻ തന്റെ സുഹൃത്താണ്. ഖാലിദിന്റെ ആദ്യ സിനിമയായ അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ടീസറും ട്രെയ്ലറും എഡിറ്റ് ചെയ്യാൻ അവസരം ലഭിച്ചു. തുടർന്ന്, ‘ഉണ്ട’ പോലുള്ള വലിയൊരു ചിത്രം എന്നെ വിശ്വസിച്ച് ഖാലിദ് ഏൽപ്പിച്ചു. അത് നന്നായി ചെയ്യാൻ കഴിഞ്ഞു.
പിന്നീട് ഓപ്പറേഷൻ ജാവ ചെയ്തു. ആ ചിത്രത്തിൽ ഞാൻ എഡിറ്ററിന്റെ സ്വാതന്ത്രം എടുത്തിരുന്നു. പറഞ്ഞതിൽ നിന്നും അല്പം വ്യത്യസ്തമായാണ് എഡിറ്റിംഗ് ചെയ്തത്. സംവിധായകൻ തരുണിനും അത് ഇഷ്ടപ്പെട്ടു. ഇതിനെപറ്റി പല വേദികളിലും തരുൺ തന്നെ സംസാരിച്ചിട്ടുണ്ട്. സംവിധായകനും എഡിറ്ററും തമ്മിലുള്ള ഒരു സിങ്ക് ആണ് ഇതിൽ കണ്ടതെന്നും” അദ്ദേഹം പറഞ്ഞു.
പിന്നീടങ്ങോട്ട് നിഷാദിന്റെ കരിയറിൽ വിജയ പെരുമഴ ആയിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഒരുപാടു പേർ സ്വപ്നം കാണുന്ന ‘കങ്കുവ’ പോലുള്ള ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. ഇനി എഡിറ്റ് ചെയ്യാൻ നിഷാദ് യൂസഫ് ഇല്ല എന്ന യാഥാർഥ്യം, മലയാള സിനിമ മേഖലയ്ക്ക് ഒരു തീരാനഷ്ടം തന്നെയാണ്.